കഴിഞ്ഞ നൂറ്റാണ്ടില്‍ സാമൂഹ്യപരിവര്ത്തനത്തിനായി നിശബ്ദ വിപ്ലവം നടത്തിയ മഹദദ്വ്യക്തികളില് അഗ്രിമസ്ഥാനമാണ് ശ്രീനാരായണഗുരുദേവനുള്ളത്. സ്വാമിവിവേകാനന്ദന് ഭ്രാന്താലയമെന്ന് ആക്ഷേപിക്കേണ്ടിവന്ന കേരളത്തെ തീര്ത്ഥാലയമാക്കിയത് ഗുരുദേവനുള്‍പ്പെടെയുള്ള മഹനീയവ്യക്തിത്വങ്ങളാണ്.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമി തിരുവടികളും ഉള്‍പ്പെടെയുള്ളവര്‍ ഉഴുതുമറിച്ച പ്രതലത്തില്‍ വിത്തുമുളപ്പിച്ച പ്രസ്ഥാനങ്ങള്‍ നിരവധിയുണ്ട്. ഇന്ന് കാണുന്ന കേരളത്തിലെ മാറ്റങ്ങള്‍ക്ക് തങ്ങളാണ് കാരണക്കാരെന്ന് ഊറ്റംകൊള്ളുന്നവര്‍ പലപ്പോഴും ഗുരുദേവന് ഉള്‍പ്പെടെയുള്ള മാറ്റത്തിന്റെ യഥാര്‍ത്ഥ അവകാശികളെ വിസ്മരിക്കുകയാണ് പലപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ആ നന്ദികേടുകൊണ്ടാണ് ഗുരുദേവനെ ഇതുവരെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയാതെപോയത്. ഗുരുദേവന്റെ ജീവിതവും ചിന്തകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സന്നദ്ധതയോ താല്പര്യമോ കാണിക്കാന്‍ ആറുപതിറ്റാണ്ടിലധികമായി മാറിമാറി കേരളം ഭരിച്ചവര്‍ തയ്യാറായില്ല. വൈകിയ വേളയിലാണെങ്കിലും ഇക്കഴിഞ്ഞ ശിവഗിരി തീര്‍ത്ഥാടന വേളയില്‍ വിദ്യാലയങ്ങളില്‍ ഗുരുദേവനെ പഠിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നു. അതേതായാലും നന്നായി. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകളെ പിന്നിലാക്കി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഗുരുദേവ സന്ദേശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു എന്ന വാര്‍ത്ത അഭിമാനാര്‍ഹമാണ്.
ശിവഗിരി തീര്‍ത്ഥാടന സമാപനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തവെ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറാണ് ഈ വിവരം കരഘോഷങ്ങള്‍ക്കിടയില്‍ ശ്രീനാരായണീയരെ അറിയിച്ചത്. ബാംഗ്ലൂരില്‍ ശ്രീനാരായണഗുരുവിന് അനുയോജ്യമായ സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടുന്ന സ്ഥലം എത്രയും പെട്ടെന്ന് നല്‍കുമെന്നും ഷെട്ടാര്‍ വ്യക്തമാക്കിയിരുന്നു. അതിന് വേണ്ട നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ശിവഗിരിയിലെത്തിയ അന്നത്തെ കര്‍ണാടകമുഖ്യമന്ത്രി സദാനന്ദഗൗഡയാണ് ബാംഗ്ലൂരില്‍ സ്ഥലം അനുവദിക്കാമെന്ന് പ്രഖ്യാപിച്ചത്. ഗുരുദേവന് കാട്ടിയ ആത്മീയ അടിത്തറയാണ് രാജ്യത്തിന്റെ സാമൂഹ്യപുരോഗതിക്ക് കാരണമായിട്ടുള്ളതെന്ന ഷെട്ടാറിന്റെ വാക്കുകള്‍ മലയാളികള്‍ക്കാകമാനം അഭിമാനം ഉദിപ്പിക്കുന്നതാണ്. കേരളത്തില്‍ ഇതുപോലൊരു അനുകൂല നിലപാട് ഒരിക്കല്‍പ്പോലും ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തില്‍ ഗുരുദേവ സന്ദേശങ്ങള്‍ അവഗണിക്കുകമാത്രമല്ല പ്രതിമകള്‍പോലും തകര്‍ക്കുന്ന സംഭവങ്ങള്‍ അനവധിയാണല്ലൊ.
കേരളത്തിലെ മുന്നണികള്‍ ശ്രീനാരായണഗുരുദേവനെയും അദ്ദേഹം ആശീര്‍വദിച്ച പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി വിനിയോഗിച്ച ചരിത്രമാണുള്ളത്. ആ സ്ഥാനത്തുനിന്ന് നോക്കുമ്പോഴാണ് ഗുരുവിന്റെ കാര്യത്തില്‍ കര്‍ണാടകം എടുക്കുന്ന താല്പര്യം പ്രശംസനീയമാകുന്നത്. കര്‍ണാടക സര്‍ക്കാര്‍ മാത്രമല്ല ദേശീയ സംഘടനകള്‍ എന്നും ഗുരുദേവന്റെ സംഭാവനകളെ മാറോടണച്ച് അംഗീകരിക്കുകയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുന്‍ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അദ്വാനിയുടെ വാക്കുകള്‍ തന്നെ അതിന് തെളിവാണ്. ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള ആദ്ധ്യാത്മികാചാര്യന്മാരുടെ ജീവിത ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട അദ്വാനി പതിനാറാം വയസ്സില്‍ കറാച്ചിയില്‍ വച്ചാണ് താന്‍ ആദ്യമായി ഗുരുദേവനെക്കുറിച്ച് കേള്‍ക്കുന്നതെന്നും പറയുകയുണ്ടായി. ആര്‍എസ്എസ് ശാഖയിലെ പ്രാതസ്മരണയ്ക്കിടയായിരുന്നു അത്. 1987ല്‍ ശിവഗിരിയില്‍ വരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞില്ല. 25 വര്‍ഷം കഴിഞ്ഞ് ലഭിച്ച ഈ സന്ദര്‍ഭം തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൊന്നാണെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: