സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ നിയമം ശക്തമാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗംഇന്ത്യയോട് ആവശ്യപ്പെട്ടത് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന ലൈംഗികാതിക്രമത്തിന്റെ വ്യാപ്തി ദിനംപ്രതി വര്‍ധിക്കുന്നതിനാലാണ്. ലൈംഗികാതിക്രമം ഇന്ത്യയില്‍ എല്ലാ വിഭാഗത്തിലുംപെട്ട സ്ത്രീകളെ ബാധിക്കുന്ന ദേശീയ വിഷയമാണെന്നും അതിനാല്‍ ദേശീയതലത്തില്‍ പരിഹാരങ്ങള്‍ ഉരുത്തിരിയണമെന്നുമാണ് സമിതിയുടെ ആവശ്യം. ഇന്ത്യയുടെ സാംസ്ക്കാരികശോഷണത്തിലേയ്ക്ക് ലോകം വിരല്‍ ചൂണ്ടുന്ന നിലയിലേയ്ക്ക് ഇവിടെ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങള്‍ വളരുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. ഈ വിഷയം ലോക ചര്‍ച്ചാ വിഷയം പോലും ആകുമ്പോഴും ഇന്ത്യ ഇപ്പോള്‍ നിസ്സംഗ മനോഭാവം തുടരുന്നത് ഖേദകരമാണ്. മാനഭംഗങ്ങള്‍ ദല്‍ഹിയിലും കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലും വര്‍ധിക്കുമ്പോഴും ഇതിനെതിരെ ശക്തമായ നടപടി എടുക്കാന്‍ തമിഴ്നാട് സര്‍ക്കാരൊഴികെ മറ്റൊരു സര്‍ക്കാരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ദല്‍ഹി മാനഭംഗക്കേസ് പ്രതികളായ നരാധമന്മാര്ക്ക് ശിക്ഷയായി വധശിക്ഷയോ അതോ ലൈംഗിക ശേഷി നശീകരണമോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്.
ദല്‍ഹിയില്‍ അഞ്ച് അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബലാല്‍സംഗ സംഭവങ്ങളില്‍ സര്‍ക്കാരുകളുടെ അനാസ്ഥയാണ് ഈ ലൈംഗികാരജകത്വത്തിന് കടിഞ്ഞാണിടാന്‍ ഇനിയും കഴിയാത്തത്. ഇതിന് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും പ്രതികള്‍ക്ക് എത്ര രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായാലും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും വിചാരണ അന്തമില്ലാതെ നീട്ടരുതെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയരുമ്പോഴും വിചാരണ പ്രക്രിയ അനന്തമായി നീളുന്നതിന്റെ തെളിവാണ് 16 കൊല്ലത്തിനുശേഷം സൂര്യനെല്ലി കേസ് വിചാരണ ഇപ്പോഴാണ് സുപ്രീംകോടതിയില്‍ എത്താന്‍ പോകുന്നത്. അതിന് മുന്‍പ് ആ പെണ്‍കുട്ടിയില്‍ മോഷണക്കുറ്റം ചുമത്തി ചില തല്‍പ്പര കക്ഷികള്‍ അവളെ ജയിലിലടക്കാന്‍ തന്ത്രവും മെനയുന്നു. സ്ത്രീകള്‍ക്ക് ഇന്നും നീതി അന്യമാണ്. പീഡനകേസെടുത്താലും അതില്‍ ഏതെങ്കിലും ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും എന്ന് ക്രിമിനലുകള്ക്കറിയാവുന്നതിനാലാവും പീഡനങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: