ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷദിനത്തില്‍ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ വിജയം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെ കീഴടക്കിയപ്പോള്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വീഗന്‍ അത്ലറ്റിക്കിനെ തകര്‍ത്തുവിട്ടാണ് പുതുവര്‍ഷം ആഘോഷിച്ചത്.
വീഗനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം റോബിന് വാന്‍ പെഴ്സിയും ജാവിയര്‍ ഹെര്‍ണാണ്ടസും നേടിയ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 35-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ ഗോള്‍ മഴക്ക് തുടക്കമിട്ടത്. പാട്രിക് എവ്റ നല്കിയ ക്രോസ് ബോക്സിനുള്ളില്‍ വച്ച് സ്വീകരിച്ച ഹെര്‍ണാണ്ടസ് വീഗന്‍ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. 43-ാം മിനിറ്റില്‍ റോബിന് വാന്‍ പെഴ്സിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. വാന്‍പെഴ്സി തുടക്കമിട്ട മുന്നേറ്റത്തിനൊടുവിലാണ് ഗോള്‍പിറന്നത്. പന്തുമായി മുന്നേറിയ വാന്‍ പെഴ്സി പന്ത് ഹെര്‍ണാണ്ടസിന് കൈമാറിയതിനൊപ്പം ബോക്സിലേക്ക് കുതിച്ചുകയറി. പന്ത് കിട്ടിയ ഹെര്‍ണാണ്ടസ് പന്ത് വീണ്ടും ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന വാന്‍ പെഴ്സിക്ക് കൈമാറി. പന്ത് ലഭിച്ച വാന്‍ പെഴ്സി വീഗന്‍ ഗോളിക്ക് അവസരമൊന്നും നല്‍കാതെ വലയിലെത്തിച്ചു. പിന്നീട് മത്സരത്തിന്റെ 63-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസ് തന്റെ രണ്ടാം ഗോളും യുണൈറ്റഡിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. വാന്‍ പെഴ്സി നല്കിയ പാസില്‍ നിന്നാണ് ഈ ഗോളും പിറന്നത്. പിന്നീട് 88-ാം മിനിറ്റില്‍ വാന്‍ പെഴ്സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പകരക്കാരനായി ഇറങ്ങിയ ഡാനി വെല്‍ബാക്കിന്റെ പാസില്‍ നിന്നാണ് വാന്‍ പെഴ്സി അതിസുന്ദരമായ ഷോട്ടിലൂടെ വീഗന്‍ വല നാലാം തവണയും കുലുക്കിയത്.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റോക്ക് സിറ്റിക്കെതിരെ പുറത്തെടുത്തത്. മത്സരത്തിന്റെ 42-ാം മിനിറ്റുവരെ സിറ്റി മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തുന്നതില്‍ സ്റ്റോക്ക് സിറ്റി താരങ്ങള്‍ വിജയിച്ചുവെങ്കിലും 43-ാം മിനിറ്റില്‍ കെട്ടുപൊട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ നിറയൊഴിച്ചു. ജെയിംസ് മില്‍നര്‍ നല്കിയ പാസില്‍ നിന്ന് പാബ്ലോ സബലേറ്റയാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 56-ാം മിനിറ്റില്‍ എഡിന് സെക്കോ സിറ്റിയുടെ ലീഡ് ഉയര്‍ത്തി. സെര്‍ജിയോ അഗ്യൂറോ എടുത്ത ഫ്രീകിക്കിനൊടുവിലാണ് സെക്കോ പന്ത് സ്റ്റോക്ക് വലയിലെത്തിച്ചത്. പിന്നീട് 74-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ പെനാല്‍റ്റിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്ട്രൈക്കര്‍ ഡേവിഡ് സില്‍വയെ ബോക്സിനുള്ളില്‍ വച്ച് സ്റ്റീവന്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അഗ്യൂറോ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു.
മറ്റൊരു പ്രധാനമത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റീഡിംഗിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ടോട്ടനം മൂന്നെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. നാലാം മിനിറ്റില്‍ പവേല്‍ പൊഗ്രെബ്ന്യാക് നേടിയ ഗോളിന് റീഡിംഗ് മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം ഡോസണ് ടോട്ടനത്തിന്റെ സമനില ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന് സമനിലപാലിച്ചു. പിന്നീട് 51-ാം മിനിറ്റില്‍ അഡബയോര്‍ നേടിയ ഗോളിലൂടെ ടോട്ടനം മുന്നിലെത്തി. 79-ാം മിനിറ്റില്‍ ഡെമ്പ്സി ടോട്ടനത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.
മറ്റ് മത്സരങ്ങളില്‍ വെസ്താം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വിച്ചിനെ കീഴടക്കിയപ്പോള്‍ കരുത്തരായ ആഴ്സണലിനെ 1-1ന് സതാമ്പ്ടണും ആസ്റ്റണ്‍ വില്ലയെ 2-2ന് സ്വാന്‍സീയും സമനിലയില്‍ തളച്ചു.
ലീഗില്‍ 21 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്റുമായി യുണൈറ്റാണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്. 19 മത്സരങ്ങളില്‍ നിന്നായി 38 പോയിന്റുമായി ചെല്‍സിയാണ് നാലാംസ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: