മുംബൈ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കുടുംബത്തിന് ചട്ടങ്ങള്‍ ലംഘിച്ച് പോലീസ് സംരക്ഷണം തുടരുന്നു. ജൂലൈയില്‍ രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ പ്രതിഭയുടെ കുടുംബത്തിന് 19 പോലീസുകാരാണ് ഇപ്പോഴും സംരക്ഷണം നല്‍കുന്നത്. 18 കോണ്‍സ്റ്റബിള്‍മാരും ഒരു സബ് ഇന്‍സ്പെക്ടറും ഇതില്‍ ഉള്‍പ്പെടുന്നു. പോലീസ് സേനയെ ഇവിടെ നിന്നും പിന്‍വലിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയാണെന്നാണ് ആരോപണം.
ക്രമസമാധാനം പാലിക്കുന്നതിന് മതിയായ പോലീസ് സേന ഇല്ല എന്നത് മഹാരാഷ്ട്ര നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. 2007 ജൂണിലാണ് പ്രതിഭ പാട്ടീല്‍ രാഷ്ട്രപതിയായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ദേവീസിംഗ് ഷേഖാവത്ത്, മകന് രാജേന്ദ്ര, മകള്‍ ജ്യോതി, മരുമകള്‍ മഞ്ജരി, മരുമകന് ജയേഷ്, ചെറുമക്കളായ പൃഥ്വി, ധ്രുവേഷ്, സൗരഭി, വേദിക എന്നിവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്രം പ്രത്യേക നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതില്‍ ദേവീസിംഗിന് ഇസഡ് കാറ്റഗറി സുരക്ഷയും മക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയും മറ്റ് കുടുംബാംഗങ്ങള്‍ക്ക് എക്സ് കാറ്റഗറി സുരക്ഷയുമാണ് നല്‍കിയിരുന്നത്. നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ കുടുംബാംഗങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറയുന്നു.
ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മൂന്ന് കോണ്‍സ്റ്റബിള്‍മാരാണ് ദേവീസിംഗിന് സുരക്ഷ നല്‍കിയിരുന്നത്. സ്പെഷ്യല്‍ എസ്കോര്‍ട്ട് വാഹനവും ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു. വൈ കാറ്റഗറി സംരക്ഷണം ലഭിച്ചിരുന്ന പ്രതിഭയുടെ മക്കള്‍ക്കും ഇതിന് സമാനമായ രീതിയിലാണ് സംരക്ഷണം നല്‍കിയിരുന്നത്.
പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിച്ചതിനെ തുടര്‍ന്ന് ഇവരുടെ കുടുംബത്തിന് നല്‍കിയിരുന്ന പോലീസ് സംരക്ഷണം പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രം ഇതിന് മുതിരാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ്-ഡിസംബര്‍ കാലയളവിനുള്ളില്‍ മൂന്ന് തവണയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ പിന്‍വലിക്കുന്നതിന് അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഏകപക്ഷീയമായി മഹാരാഷ്ട്ര സര്‍ക്കാരിന സുരക്ഷ പിന്‍വലിക്കാനും സാധിക്കില്ല.
രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് പ്രതിഭ തന്നെ തന്റെ കുടുംബത്തിന് നല്കുന്ന സംരക്ഷണം തുടരേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുമ്പാകെ ആവശ്യപ്പെടുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചത്.
പോലീസ് സേനയിലെ അപര്യാപ്തത പരിഹരിക്കുന്നതിനായി ചീഫ് സെക്രട്ടറി മേധാവിയായിട്ടുള്ള ത്രെട്ട് പെര്‍സപ്ഷന്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് നടപ്പാക്കേണ്ടിവരും. മുന്‍ ഉപമുഖ്യ മന്ത്രി വിജയ് സിംഗ് മോഹിത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്, പൊതുമരാമത്ത് മന്ത്രി ഛഗന്‍ ഭുജ്ബാല്, ഗ്രാമ വികസന മന്ത്രി ജയന്ത് പാട്ടീല്‍ , ജല വിഭവ മന്ത്രി സുനില്‍ താക്കറെ എന്നിവര്‍ക്ക് നല്കുന്ന സുരക്ഷ വെട്ടിക്കുറയ്ക്കുന്നതിനാണ് ഈ കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: