കൊച്ചി: സംയോജിത നീര്‍ത്തട പരിപാല പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓരോ പഞ്ചായത്തിലും ഒരു കുളമെങ്കിലും നവീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കെ.വി.തോമസ്. എറണാകുളം ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശുദ്ധജല ലഭ്യതയ്ക്ക് ഇത്തരം സ്രോതസുകള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംയോജിത നീര്‍ത്തട പരിപാല പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷികാഭിവൃദ്ധി സാധ്യമാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ദേശീയ തൊഴിലുറപ്പ് പദ്ധതി കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡങ്ങളില്‍ അനുയോജ്യമായ മാറ്റംവരുത്തി കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ജോലികള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയിലൂടെ 2012-13 വര്‍ഷം 285 സ്പില്‍ ഓവര്‍ ജോലികളും 24,197 പുതിയ ജോലികളും ഉള്‍പ്പെടെ 24,436 ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനാണ് ലേബര്‍ ബജറ്റ് പ്രകാരം ലക്ഷ്യമിടുന്നത്. ഇതിലൂടെ 53.75 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 141.88 കോടി രൂപ അവിദഗ്ധ തൊഴിലാളികള്‍ക്ക് വേതനമായി നല്‍കുന്നതിനും ലക്ഷ്യമിടുന്നു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിലൂടെ ജില്ലയില്‍ 57 കിലോമീറ്റര്‍ റോഡിന് അംഗീകാരം ലഭിച്ചതായും 132 റോഡുകളുടെ വിശദമായ പ്രായോഗികത റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ റോബ്സണ് അറിയിച്ചു. പദ്ധതിപ്രകാരം കൂവപ്പടി ബ്ലോക്കിലെ ഒരു റോഡിന്റെ പണി പൂര്‍ണമായും പൂര്‍ത്തികരിച്ചു. 2012-13 സാമ്പത്തിക വര്‍ഷം ജില്ലയില്‍ പരമാവധി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രോജക്ടുകള്‍ ജില്ലാ ശുചിത്വ മിഷന് ഏറ്റെടുക്കും. പദ്ധതി പ്രകാരം മാലിന്യ സംസ്കരണ പ്രോജക്ടുകള്‍ക്ക് 20 ലക്ഷം രൂപ വീതം 84 ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുമെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍ അലക്സാണ്ടര്‍ അറിയിച്ചു.
എആര്‍ഡബ്ല്യുഎസ്എസ് പദ്ധതിയില്‍ ഏറ്റെടുത്ത 117 പദ്ധതികളില്‍ 89 എണ്ണം പൂര്‍ത്തികരിച്ചതായി അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷ്ണര്‍ കെ.ജി. തിലകന് യോഗത്തില്‍ വ്യക്തമാക്കി. 2012-13 വര്‍ഷം ജില്ലയില്‍ ഐഎവൈ ഭവന പദ്ധതി പ്രകാരം എസ്സി/എസ്റ്റി വിഭാഗത്തിന് 1332 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും പൊതുവിഭാഗത്തിന് 887 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പിലുള്ള സാങ്കേതികേതര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പദ്ധതി പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ചേര്‍ന്ന വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ലൂഡി ലൂയിസ്, ടി.യു. കുരുവിള, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: