അബൂജ: നൈജീരിയയില്‍ 15 ക്രൈസ്തവരെ ഭീകരര്‍ കഴുത്തറുത്ത് കൊന്നു. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ മെയ്ദുഗുരി നഗരത്തിന് സമീപം ഇസ്ലാമിക് ഭീകരരാണ് സംഭവം നടത്തിയത്. മുസാരി വിഭാഗത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ വിശ്വാസികളാണ് ഭീകരരുടെ കൊടും ക്രൂരതയ്ക്ക് ഇരയായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ വീടുകളില്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം നടത്തിയത് . ഇവരുടെ വീടുകളും തീയിട്ട് നശിപ്പിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
അഞ്ച് പേര് മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്. എന്നാല്‍ 15 പേര് കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ബൊക്കോ ഹറാം തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രൈസ്തവര്‍ക്കെതിരെയും ആക്രമണങ്ങള്‍ ഇവിടെ പതിവാണ്. നൈജീരിയയില്‍ പള്ളികള്‍ ലക്ഷ്യം വെച്ചുള്ള സ്ഫോടനങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് വീടുകളില്‍ നേരിട്ടെത്തിയും ഭീകരവാദികള്‍ ആക്രമണം നടത്തുന്നത്. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ജനങ്ങള്‍ക്കിടയിലും ഭീതി പരത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വടക്കന്‍ സംസ്ഥാനങ്ങളായ അഡാമാവ,ബോര്‍ണോ എന്നിവിടങ്ങളില്‍ ഭീകരര്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 25 പേര് കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കന്‍ വന്‍കരയില്‍ ഓയില്‍ ഉല്പാദനത്തില് മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് നൈജീരിയ. ഇവിടെ പ്രധാനമായും മുസ്ലിം-ക്രിസ്ത്യന്‍ മത വിഭാഗങ്ങളാണ് ഉള്ളത്. തെക്കന്‍ പ്രവിശ്യയില്‍ ക്രിസ്ത്യാനികളും വടക്കന്‍ മേഖലയില്‍ മുസ്ലിങ്ങളുമാണ് ഭൂരിപക്ഷം. 150 മില്യനോളം ജനസംഖ്യയുള്ള നൈജീരിയയില്‍ ജനസംഖ്യാനുപാതത്തില്‍ ഇരു വിഭാഗങ്ങളും തുല്ല്യരാണെങ്കിലും ഇവര്‍ പരസ്പരം ആക്രമണങ്ങള്‍ നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: