ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേസില്‍ കുറ്റക്കാരായ ആറ് പേര്‍ക്കും ഉടന്‍ ശിക്ഷ വിധിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളുടെ രൂപരേഖ സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഞാനുമായി ഒരു ബന്ധവും ഇല്ല. എന്നാല്‍ സംഭവത്തിനുശേഷം അവള് എന്റെ മകളാണ്. ഇന്ത്യയുടെ മകളാണ് അവളെന്ന് സുഷമ പറഞ്ഞു. എന്ത് തെറ്റ് ചെയ്തിട്ടാണ് അവള്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്. പെണ്ണായി ജനിച്ചു എന്നതാണോ അവള് ചെയ്ത കുറ്റമെന്നും സുഷമ ചോദിച്ചു. അവളുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ് താനെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
കൊടും കുറ്റവാളികള്‍ യാതൊരു ഭയവുമില്ലാതെയാണ് ദല്‍ഹിയില്‍ വിലസുന്നത്. ദല്‍ഹി പോലീസിനെ ഇവര്‍ക്ക് ഭയമില്ല. ഇത്തരക്കാരെ തൂക്കിലേറ്റുകയാണ് വേണ്ടത്. ദല്‍ഹിയിലുണ്ടായത് ആദ്യത്തെ സംഭവമല്ലെന്ന് പറഞ്ഞ സുഷമ ഓരോദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് ദല്‍ഹി പോലീസ് സഹായം ചെയ്യുന്നുണ്ടെന്നും സുഷമ പറഞ്ഞു. സ്വകാര്യ ബസുകള്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും. ബസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ രീതിയില്‍ ആശങ്ക ഉളവാക്കിയ സുഷമ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. സംഭവം ഉണ്ടായതിനു തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്നും സുഷമ പറഞ്ഞു. വിഷയം ചര്ച്ചെയ്യാനോ, പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച് നാടകം കളിക്കാന്‍ അവര്‍ക്ക് നന്നായി അറിയാമെന്നും സുഷമ കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ തിടുക്കത്തില്‍ നടത്തിയതിനെയും സുഷമ വിമര്‍ശിച്ചി. ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ ദല്‍ഹിയിലെ വസതിയില്‍ സുഷമയും, മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലിയും സന്ദര്‍ശനം നടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ദു:ഖം പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ പതിനാറിന് തെക്കന്‍ ദല്‍ഹിയില്‍ വെച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്.
അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ദല്‍ഹിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ നില തകരാറിലായതിനെത്തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് 26ന് വെളുപ്പിന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം ദല്‍ഹിയിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതശരീരം അതീവ രഹസ്യമായി സംസ്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: