കൊച്ചി: പുതുവര്‍ഷാഘോഷങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കൊച്ചി കനത്ത ജാഗ്രതിയില്‍. ഫോര്‍ട്ട് കൊച്ചി, കൊച്ചി ബിനാലെ, ബോള്‍ഗാട്ടിയില്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജ്, എറണാകുളത്ത് നടക്കുന്ന പുഷ്പ ഫലപ്രദര്‍ശനം തുടങ്ങി എല്ലാ സ്ഥലങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാവും. ഇന്ന് നടക്കുന്ന പുതുവര്‍ഷ കാര്‍ണിവലിനൊപ്പം ബിനാലെയും നടക്കുന്നതിനാല്‍ വിനോദസഞ്ചാരികളുടെ വന്‍ ഒഴുക്കാണ് ഫോര്‍ട്ടുകൊച്ചിയില്‍ പ്രതീക്ഷിക്കുന്നത്. വാഹന പരിശോധനകളും, മഫ്ടിയിലുള്ള പോലീസും അതീവ ജാഗ്രതയിലാണ്.
ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ കൊച്ചിയിലും വിവിധ സംഘടനകള്‍ നടത്തിവരികയാണ്. പ്രതികള്‍ മദ്യപിച്ചിരുന്നതിനാല്‍ ചില സംഘടനകള്‍ മദ്യഷാപ്പുകള്‍ക്കു നേരേയും പ്രതിഷേധിക്കുന്നുണ്ട്. ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായി ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ക്കും ഭക്ഷ്യമേളയ്ക്കും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവൈരാണിക്കുളം ക്ഷേത്രമടക്കമുള്ള സ്ഥലങ്ങളിലെ ഉത്സവങ്ങള്‍ക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി ധാരാളം. ഭക്തജനങ്ങളാണ് എത്തുന്നത്. ജനുവരി ആദ്യം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് വേദിയാകുന്ന കൊച്ചിയില്‍ രാഷ്ട്രപതി പ്രധാനമന്ത്രി, തുടങ്ങി ഒട്ടേറേ വിവിഐപിക്കളും എത്തും എന്നതിനാല്‍ അതിന്റെ ഒരുക്കങ്ങളും തകൃതിയിലാണ്. സഞ്ചാരികളുടെ വന്‍ സാന്നിധ്യവും പുതുവര്‍ഷ പരിപാടികള്‍ക്കിടെ വിദേശികള്‍ക്കു നേരെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പോലീസ് അതീവ ജാഗ്രതയിലാണ്. ക്യാമറകളുടെ നിരീക്ഷണവും, ടൂറിസ്റ്റ് പോലീസുകാരുടെ സാന്നിധ്യവും സജീവമാണ്. പോക്കറ്റടി, പിടിച്ചുപറി മോഷണം തുടങ്ങിയ സംഭവങ്ങള്‍ ഒഴിവാക്കാനും മയക്കുമരുന്ന് അധികൃത മദ്യ വില്പന മുതലായവ തടയാനും പോലീസ് സദാ രംഗത്തുണ്ട്. ഇതിനിടയിലും നടന്നേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കൊച്ചി പോലീസ്.
പുതുവത്സരദിനത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയില്‍ പോലീസ് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായി 40 ഓളം സ്ഥലങ്ങളില്‍ പോലീസ് ഒളിക്യാമറകളും 50 ഓളം നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ കൊച്ചിയിലെ ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, തുടങ്ങിയിടങ്ങളില്‍ സ്പെഷ്യല്‍ പോലീസ് പട്രോളിംഗും നടത്തും. പുതുവത്സരദിനാഘോഷത്തിനു മുന്നോടിയായി 24 മണിക്കൂറും കര്‍ശന നിരീക്ഷണം പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സര ദിനത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ് സേവനം അടിയന്തിരമായി ഉപയോഗപ്പെടുത്തണം. ഫോണ്‍. 100, 1098, 0484-2215055, 048415005, 7736822109, 7736822490, 7736769615, 8891365191. ഫോര്‍ട്ടുകൊച്ചി കാര്ണിവല്റാലിയില് സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും, പ്ലോട്ടുകളും അനുവദിക്കില്ല. പുത്സവരാഘോഷങ്ങള് മോണിറ്റര്‍ ചെയ്യുന്നതിനായി ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേകം പോലീസ് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പ്രദേശത്ത് നിലയുറപ്പിക്കും. 500 ഓളം പോലീസ് ഉദ്യോഗസ്ഥന്മാരേയും അധികമായി നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നവരേയും, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരേയും കയ്യോടെ പിടികൂടും. പൊതുനിരത്തില്‍ മദ്യപിച്ചുശല്യമുണ്ടാക്കുന്നവരേയും കസ്റ്റഡിയിലെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: