തിരുവനന്തപുരം: രാജ്യത്തിന്റെ ചരിത്രത്തില്‍ പുരുഷന്മാര്ക്ക് സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനുള്ള വഴിത്തിരിവാകണം ദല്‍ഹി സംഭവമെന്ന് ബിജെപി നേതാവ് എല്‍.കെ.അദ്വാനി. രാഷ്ട്രീയ രംഗത്ത് അന്പതുവര്ഷം പൂര്‍ത്തിയാക്കിയ ഒ.രാജഗോപാലിനെ ആദരിക്കാന്‍ അനന്തപുരി നിവാസികള്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ രാജ്യത്തിനു നാണക്കേടാണ്. സംഭവത്തില്‍ ദുഃഖവും ദ്വേഷ്യവും തോന്നുന്നുണ്ട്. മനുഷ്യര്‍ക്ക് എങ്ങനെ ഇത്ര നിഷ്ഠുരമായി പെരുമാറാന്‍ കഴിയുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്. വന്ദേമാതരം പാടുന്ന ഭാരതത്തില്‍ സ്ത്രീയെ അമ്മയായും സഹോദരിയായും ബഹുമാനിക്കുന്ന പാരമ്പര്യമാണുണ്ടായിരന്നത്. ആ സമൂഹത്തിലാണ് ഇതൊക്കെ നടക്കുന്നത്. ഒരാളും സ്ത്രീകള്‍ക്കെതിരെ ഒരതിക്രമത്തിനും മുതിരാത്ത സ്ഥിതിവിശേഷം ഭാരതത്തിലുണ്ടാവണം. ദല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നല്കാവുന്ന ശ്രദ്ധാഞ്ജലി അതാണ്. അനുശോചന പ്രമേയങ്ങള്ക്കുപകരം ഇത്തരം പീഡനസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, അദ്വാനി പറഞ്ഞു.സ്വാമി വിവേകാനന്ദന് 1897ലെ പ്രസംഗത്തില്‍ പറഞ്ഞത് നിങ്ങള്‍ അടുത്ത അന്‍പത് വര്‍ഷത്തേക്ക് ദേവതകളെ മാറ്റിനിര്‍ത്തി ഭാരത് മാതാ എന്ന ഒറ്റ സങ്കല്പത്തില് മുന്നോട്ടുപോകൂ എന്നായിരുന്നു. 50 വര്‍ഷം കഴിഞ്ഞ് 1947 ആയപ്പോള്‍ ആ സങ്കല്പം യാഥാര്‍ത്ഥ്യമായി. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ശരിയായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കു വഴികാട്ടിയാവും എന്ന സങ്കല്പം 53 വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യമായില്ല. വൈരുദ്ധ്യങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി എല്ലാവരും ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ 21-ാം നൂറ്റാണ്ടില്‍ ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് വഴികാട്ടിയാവും. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും സാമൂഹികതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുള്ള കൂടിച്ചേരലുകള്‍ ഭാരതത്തെ മുന്നോട്ടു നയിക്കും. ദീന്‍ദയാല്‍ ഉപാധ്യായയെ മാതൃകയാക്കി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ ഒ.രാജഗോപാലിനെ ആദരിക്കുന്ന സദസ്സില്‍ ഇത്തരമൊരു കൂടിച്ചേരല്‍ കാണാനായതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും അദ്വാനി പറഞ്ഞു.
ദല്‍ഹി സംഭവത്തില്‍ സമരക്കാരെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് അദ്വാനി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം ഭാരതത്തിന് നാണക്കേടുണ്ടാക്കി. ഇതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല. പാര്‍ലമെന്റ് നടക്കുന്ന സമയമായിട്ടുപോലും നിര്‍ത്തിവച്ച് സംഭവം ചര്‍ച്ച ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: