തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നും വെട്ടിനിരത്താനുള്ള എല്ലാ ഒരുക്കങ്ങളും സിപിഎം പൂര്‍ത്തിയാക്കി. പാര്‍ട്ടിരേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി എന്ന പരാതിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും വിശ്വസ്തരായ മൂന്ന് പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കി. പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്, പഴ്സനല്‍ അസിസ്റ്റന്റ് എ.സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന് എന്നിവരെയാണ് പുറത്താക്കിയത്.
സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. 27, 28 തീയതികളില്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റ് യോഗതീരുമാനം സംസ്ഥാനസമിതി അംഗീകരിക്കുകയായിരുന്നു. വി.എസ്.മുഖ്യമന്ത്രിയായിരിക്കെ 2007 ല്‍ മൂന്നാര്‍ നടപടി സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും രണ്ടുതട്ടിലെന്ന വിധം സംഭവങ്ങളുണ്ടായതാണ് വിഷയം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തത് ഇപ്പോള്‍ പുറത്താക്കിയവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു എന്നാണ് ന്യായം. ആരോപണം അന്വേഷിക്കാന്‍ എ.വിജയരാഘവന്, വൈക്കം വിശ്വന് എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. വിഎസ്സിന്റെ ഏറ്റവും അടുത്ത അനുയായികളും സഹായികളുമാണ് പുറത്താക്കപ്പെട്ടത്.
വാര്‍ത്തചോര്‍ത്തല്‍ സംഭവത്തില്‍ തന്റെ പഴ്സനല്‍ സ്റ്റാഫിനെതിരായ നടപടി ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്തവണ പഴയതുപോലെ കേന്ദ്രനേതൃത്വത്തിന്റെ സഹായം ലഭിക്കുമെന്ന് വിഎസ്സിനുപോലും പ്രതീക്ഷയില്ല. സംസ്ഥാനകമ്മിറ്റിയില്‍ സംഘടനാവിഷയങ്ങള്‍ എന്ന അജണ്ടയിലാണ് പുറത്താക്കാന്‍ തീരുമാനവും വന്നത്. കേന്ദ്രാനുമതിയോടെ മാത്രമേ തീരുമാനം നടപ്പാക്കാവൂ എന്ന് എസ്.ശര്‍മ്മയും ജെ.മേഴ്സിക്കുട്ടിയമ്മയും നിര്‍ദ്ദേശിച്ചതല്ലാതെ വിഎസ്സിനുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടായില്ലെന്നതാണ് വസ്തുത. അടുത്തത് പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നും വിഎസ്സിനെ നീക്കുക എന്നതാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്.
മൂന്നാര്‍ സംഭവം കൊടുമ്പിരിക്കൊണ്ടപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി ആയിരുന്ന അച്യുതാനന്ദനും പരസ്യമായി ഇടഞ്ഞത്. തുടര്‍ന്ന് ഇരുവരെയും പോളിറ്റ്ബ്യൂറോയില്‍ നിന്നും നീക്കി. പിണറായി വിജയന് പിബിയില്‍ എത്തിയെങ്കിലും വിഎസ് പുറത്തുതന്നെയായി. ഇപ്പോള്‍ കേന്ദ്രകമ്മറ്റി അംഗമായി തുടരുന്ന വിഎസ്സിനെ അതില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ സ്വീകരിച്ച നടപടി.
പ്രതിപക്ഷനേതാവിന്റെ പിഎ ആയ എ.സുരേഷും പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് കമ്മറ്റിയിലും പ്രസ്സ് സെക്രട്ടറി കെ.ബാലകൃഷ്ണന് കന്റോണ്‍മെന്റ് ബ്രാഞ്ചിലും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശശിധരന് മലപ്പുറം പുലാമന്തോള്‍ ബ്രാഞ്ചിലും അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ നിയോഗിച്ച കമ്മിഷനു മുന്നില്‍ കുറ്റം നിഷേധിച്ചതാണ്. എന്നാല്‍ വി.എസ്സിന്റെ ഒരു ഗണ്മാന് നല്കിയ മൊഴിയാണ് നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: