ആലുവ: ആലുവായിലെ കഞ്ചാവ് ലോബിക്കും രാഷ്ട്രീയപാര്‍ട്ടിയുടെ പരസ്യമായ പിന്തുണ. ഭരണതലത്തിലുള്ള ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയാണ് കഞ്ചാവ് സംഘത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നാട്ടുകാരെ വെല്ലുവിളിച്ച് പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കഞ്ചാവ് ലോബിയില്‍ പെട്ടവര്‍ക്കെതിരെ രംഗത്തുവന്നവരുടെ രാഷ്ട്രീയം നോക്കിയാണ് പിന്നീട് പല ഇടപെടലുകളും നടത്തുക. വേണ്ടിവന്നാല്‍ രാഷ്ട്രീയ സംഘട്ടനമാക്കിയും ഇത് മാറ്റാറുണ്ട്. ആലുവായില്‍ വളരെയേറെ ജനങ്ങള്‍ തിങ്ങിപാര്ക്കുന്നതോട്ടയ്ക്കാട്ടുകര പ്രദേശമാണ് ഇപ്പോള്‍ കഞ്ചാവ് ലോബി തങ്ങളുടെ അധീനതയിലാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലുള്ള ചിലകഞ്ചാവ് സംഘങ്ങളാണ് തോട്ടയ്ക്കാട്ടുകരയിലെ പതിവായികഞ്ചാവ് ഉപയോഗിക്കുന്ന ചിലയുവാക്കളെ ഉപയോഗപ്പെടുത്തി കഞ്ചാവ് വില്‍പ്പന സംഘത്തിന് കരുത്തേകുന്നത്. ഇവരെ സംബന്ധിച്ച് പോലീസിന് വിവരം നല്‍കുന്നവരെ ആക്രമിക്കുന്നതിന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള ഗുണ്ടാസംഘത്തിന്റെ സാന്നിധ്യവുമുണ്ട്. സദാസമയവും കഞ്ചാവ് ഉപയോഗിക്കുന്നവര്‍തന്നെയാണ് കഞ്ചാവ് വിതരണത്തിലുമുള്ളത്. ഇവര്‍ക്ക് പ്രത്യേകരീതിയിലുള്ള വേഷ വിധാനങ്ങളും വാഹനങ്ങളുമുണ്ട്. ആലുവായിലെ ചില സമ്പന്നരും രാഷ്ട്രീയ രംഗത്തുള്ളവരുടെമക്കളും ഈ കഞ്ചാവ് സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കഞ്ചാവുമായി പിടിയിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുവാന്‍ പോലീസിന് കഴിയാതെ വരുന്നു. ബൈക്കുകളില്‍ പ്രത്യേകമായ സംഴവിധാനമൊരുക്കി ഇവിടെയാണ് കഞ്ചാവ് രഹസ്യമായി ഒളിപ്പിക്കുന്നത്. സിഗരറ്റിനകത്ത് പ്രത്യേക രീതിയില്‍ കഞ്ചാവ് തെറുത്ത് വയ്ക്കും. സിഗരറ്റ് പായ്ക്കറ്റായിതന്നെയാണ് ഇവര്‍ കൊണ്ടുനടക്കുന്നത്. അതുപോലെ മയക്കുമരുന്ന് കുത്തിവയ്ക്കുന്നുമുണ്ട്. ആലുവ മണപ്പുറത്തു വച്ചും തീയേറ്ററുകള്‍ക്കുള്ളില്‍ വച്ചും ഇടവഴികളില്‍ വച്ചുമാണ് മയക്കുമരുന്ന് കുത്തിവച്ചുനല്കുന്നത്. തോട്ടയ്ക്കാട്ടുകര മേഖലയില്‍ മാത്രം ഏതാണ്ട് 30 ലേറെയുവാക്കള് മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
ആന്ധ്രയില്‍നിന്നും വ്യാപകമായി ബിസ്ക്കറ്റ് പായ്ക്കറ്റ് മോഡലില്‍ കഞ്ചാവെത്തുന്നു. ആന്ധ്രയിലെ നക്സല്‍ അധീനതയിലുള്ള വനങ്ങളില്‍ വളര്‍ത്തിയശേഷം ഇത് ഉണക്കിയെടുത്താണ് ഇത്തരത്തില്‍ ബിസ്ക്കറ്റ് മോഡലിലാക്കി പായ്ക്ക് ചെയ്യുന്നത്. കഞ്ചാവിന്റെ മണം പുറത്തേക്ക് വമിക്കാതിരിക്കാന്‍ പായ്ക്കറ്റിനകത്ത് സുഗന്ധദ്രവ്യങ്ങളും വിതറുന്നു. പഴയപോലെ ആന്ധ്രയില്‍നിന്നും നേരിട്ട് കഞ്ചാവെത്തിക്കുന്നത് പിടിക്കപ്പെടുമെന്നതിനാല്‍ തമിഴ്നാട് വഴിയാണ് കൊണ്ടുവരുന്നത്. ആന്ധ്രയില്‍നിന്നും തമിഴ്നാട്ടിലെത്തിച്ച അവിടെനിന്നും കേരളത്തിലേക്ക് ചരക്കെത്തിക്കുന്ന വാഹനങ്ങളിലുമാണ് ഇത് കൊണ്ടുവരുന്നത്. തമിഴ്നാട്ടില്‍ ഇവ കാര്യമായി വിപണനം നടന്നില്ലെന്നതിനാല്‍ തമിഴ്നാട് പോലീസും ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലുമാണ് കൂടുതലായി കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികളായ ചിലരെ ഇടനിലക്കാരാക്കുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിക്കുന്നത് മലയാളികളായ ചിലര്‍തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: