കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെയും ദല്‍ഹി ഭരണകൂടത്തിന്റെയും ക്രമസമാധാനപാലനത്തിലുള്ള ഗുരുതരമായ വീഴ്ചയാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍വെച്ച് പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പ്രസ്താവിച്ചു. രാഷ്ട്രീയ തീരുമാനപ്രകാരം വെന്റിലേറ്ററിലായിരുന്ന പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനെന്ന വ്യാജേന സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതിനും സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടിയിരിക്കുന്നു. പല പ്രധാന നഗരങ്ങളും ഇന്ന് ക്രിമിനല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്, അദ്ദേഹം പറഞ്ഞു.
കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സഹജ ഹരിദാസ് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍. മധു, കെ.പി. രാജന്, സജിനി രവികുമാര്‍, നെടുമ്പാശ്ശേരി രവി, എന്‍.പി. ശങ്കരന്‍കുട്ടി, സന്ധ്യ ജയപ്രകാശ്, വിമല രാധാകൃഷ്ണന്, ചന്ദ്രിക രാജന്, ജലജ ആചാര്യ, സംശോധ് സേട്ട്, സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: