തൃശൂര്‍: പുനസംഘടന സംബന്ധിച്ച പരസ്യപ്രസ്താവനകളും യോഗങ്ങളും പാടില്ലെന്ന കെപിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശം വന്ന് മണിക്കൂറുകള്‍ക്കകം തൃശൂരില്‍ ഗ്രൂപ്പ് യോഗവും രാജിവെക്കലും. തൃശൂര്‍ ഡിസിസി പ്രസിഡണ്ടായി എ ഗ്രൂപ്പിലെ ഒ.അബ്ദുറഹ്മാന്‍കുട്ടിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പിലെ ഡിസിസി ഭാരവാഹികള്‍ രാജിവെച്ചു. എ ഗ്രൂപ്പിന് പ്രസിഡന്റ് പദവി നല്‍കിയതില്‍ പ്രതിഷേധിച്ച് ഡി.സി.സി.യിലെ ഐ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറിമാരും വൈസ്പ്രസിഡന്റും ട്രഷററും ആണ് രാജി വെച്ചത്. 21 ഡിസിസി ഭാരവാഹികളില്‍ 14 പേരാണ് ഡിസിസി പ്രസിഡണ്ടായ വി.ബലറാമിന് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഇത് കെപിസിസി പ്രസിഡണ്ടിന് കൈമാറുമെന്ന് വി.ബലറാം പറഞ്ഞു. നിയുക്തപ്രസിഡണ്ട് ഒ.അബ്ദുറഹ്മാന്‍കുട്ടിയെ യാതൊരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.
അതോടൊപ്പം തൃശൂര്‍ ലിസ്റ്റ് അട്ടിമറിച്ച പി.സി.ചാക്കോ എംപിക്കെതിരെയും ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതുവരെയും നിയുക്തപ്രസിഡണ്ടായ ഒ.അബ്ദുറഹ്മാന്‍കുട്ടിക്ക് ഡിസിസി ഓഫീസില്‍ കയറാന്‍ സാധിച്ചിട്ടില്ല. അതുപോലെതന്നെ എ ഗ്രൂപ്പ് നേതാക്കളും പുറത്തുതന്നെയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജന്മദിനചടങ്ങ് ഐഗ്രൂപ്പ് ഡിസിസി ഓഫീസില്‍ നടത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ബാനറില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലാണ് നിയുക്ത പ്രസിഡണ്ടായ ഒ.അബ്ദുറഹ്മാന്‍കുട്ടി പങ്കെടുത്തത്. ഹൈക്കമാന്റ് പുനസംഘടനാ പ്രഖ്യാപനം വന്ന അടുത്ത ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് സ്പെഷല്‍ കണ്വെന്ഷന് ചേരുകയും സമാന്തര ഡിസിസിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.
ഡി.സി.സി വൈസ്പ്രസിഡന്റ് സി.എന്‍.ഗോവിന്ദന്‍കുട്ടി, ട്രഷറര്‍ പി.കെ.അബുബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ചാലിശേരി, എം.കെ.അബ്ദുള്‍സലാം, സുനില്‍ അന്തിക്കാട്, ജോസ് വള്ളൂര്‍, വിന്‍സെന്റ് കാട്ടൂക്കാരന്‍, അഡ്വ.എം.എസ്.അനില്‍കുമാര്‍, എ.എസ്. വേലായുധന്, എ.ആര്.രാധാകൃഷ്ണന്, സാറാമ്മ മാത്തപ്പന്, എം.വി.കുര്യന് എന്നിവരടക്കമുള്ളവരാണ് രാജിവെച്ചവര്‍. ഐ.സി.സി പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ മാറ്റമില്ലെന്നും, തൃശൂരിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു തൃശൂരിലെ ഐ ഗ്രൂപ്പ് ഡിസിസി ഭാരവാഹികളുടെ കൂട്ടരാജി. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കെ.പി.സി.സി ജോ.സെക്രട്ടറി ടി.യു.രാധാകൃഷ്ണന് ചുമതലയേല്‍ക്കുന്നതിനായി തിരുവനന്തപുരത്ത് പോയതും ശ്രദ്ധേയമായി.
ജില്ലാ പ്രസിഡന്റ് പദവി എ ഗ്രൂപ്പിന് നല്‍കിയെന്ന പ്രഖ്യാപനം വന്ന ഉടനെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണിയുയര്‍ത്തിയ ഐ ഗ്രൂപ്പ് പിന്നീട് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ തീരുമാനം തിരുത്തി കീഴ്ത്തട്ടിലെ സംഘടനാ ഭാരവാഹികളുടെ രാജി എന്നാക്കി മാറ്റിയതില്‍ ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്. ഇന്നലെ ഐ ഗ്രൂപ്പ് ഭാരവാഹികളുടെ രാജിസമര്പ്പണ യോഗത്തിലും ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ടി.വി.ചന്ദ്രമോഹന് പങ്കെടുത്തില്ല. എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്, എം.പി.വിന്‍സെന്റ് എന്നിവരും, മേയര്‍ ഐ.പി.പോള്‍, മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.നിര്‍മ്മല, കോര്പ്പറേഷന് മുന്‍ മേയര്‍ ജോസ് കാട്ടൂക്കാരന്‍, കെ.കെ. കൊച്ചുമുഹമ്മദ്, ദിവാകരന് കാണത്ത്, പി.എ. ബാലന് മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ജയരാജ് അടിയത്ത്, അഡ്വ.കെ.ബി.രണേന്ദ്രനാഥ്, എ. പ്രസാദ്, ടി.എ.ആന്റോ, ജോസ് കുരിശിങ്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 21 അംഗങ്ങളാണ് തൃശൂര്‍ ഡി.സി. സിയിലുള്ളത്. ബ്ലോക്ക് കോണ്‍ഗ്രസുകളില്‍ 15പേരും, മണ്ഡലം കോണ്‍ഗ്രസില്‍ 82 പേരും, കെപിസിസി അംഗങ്ങളില്‍ 20പേരും ഐ ഗ്രൂപ്പുകാരണ്. എംഎല്‍എമാരുടെ രാജി സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും ബലറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: