തൃശൂര്‍: രണ്ടു വര്‍ഷം മുമ്പ് സൗമ്യയെന്ന പെണ്‍കുട്ടി ഗോവിന്ദച്ചാമിയെന്ന ക്രൂരന്റെ ക്രൂരവിനോദത്തിന് ഇരയായി മരണം വരിച്ചപ്പോള്‍ മലയാളികള്‍ പ്രാര്‍ഥിച്ചിരുന്നത് സൗമ്യയുടെ ഗതി ഇനിയൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുതേയെന്ന്. എന്നാല്‍ ഈ പ്രാര്‍ഥന വിഫലമായി. ഇന്നലെ ഉത്തര്‍പ്രദേശ് സ്വദേശിനി ദല്‍ഹിയില്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചപ്പോള്‍ സൗമ്യയുടെ മരണവുമായി ഏറെ സമാനതകളുണ്ടെന്നതും നാടിന് നാണക്കേടുണ്ടാക്കുന്നു.
സൗമ്യ കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്ന പ്രതിഷേധവും നടപടികളും ഒന്നുംതന്നെ ഫലവത്തായില്ല എന്നതിന്റെ അവസാനത്തെ ഇരയാണ് ദല്‍ഹിയിലെ പെണ് കുട്ടിയിലൂടെ സംഭവിച്ചിരിക്കുന്നത്. വിവാഹസ്വപ്നങ്ങള്‍ മനസ്സില്‍ നെയ്ത് രാത്രിയില്‍ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴായിരുന്നു ട്രെയിനില്‍ വച്ച് സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ ചെറുതുരുത്തിക്കടുത്ത് 23 വയസ്സുകാരിയായ സൗമ്യയെ ക്രൂരമായി മര്‍ദ്ദനമേല്‍പ്പിക്കുകയും പിന്നീട് ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത്.
സൗമ്യക്കും ഈ പെണ്‍കുട്ടിക്കും ഒരേ പ്രായമായതും വിധിയുടെ വിളയാട്ടമായിരിക്കാം. സൗമ്യ പീഡിപ്പിക്കപ്പെട്ട് ട്രാക്കിനടുത്ത് പ്രാണവേദനയോടെ പിടഞ്ഞ് മരണത്തോട് മല്ലടിക്കുമ്പോള്‍ രക്ഷിക്കാനാരുമില്ലായിരുന്നു. ഏറെ കഴിഞ്ഞതിന് ശേഷമാണ് ട്രാക്കില്‍ നിന്നും റെയില്‍വെ സ്റ്റേഷനില്നിന്നുള്ളവരെത്തി ആശുപത്രിയിലെത്തിച്ചത്.
ദല്‍ഹിയിലെ പെണ്‍കുട്ടിയാകട്ടെ പീഡനത്തിനിരയായി റോഡിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനിരയാകേണ്ടി വന്ന ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചതിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പീഡനത്തിനിരയായി ആശുപത്രികളില്‍ ജീവിതത്തോടും മരണത്തോടും മല്ലടിച്ച് ഇരുവരും ഏറെദിവസം കിടന്നു. സൗമ്യ ആറാം ദിവസം നാടിനോട് വിടപറഞ്ഞപ്പോള്‍ ഈ കുട്ടി രണ്ടാഴ്ചയോളം കിടന്നാണ് മരണത്തെ വരിച്ചത്. ഇരുവരും ആശുപത്രിയില്‍ കിടക്കുമ്പോഴും നാടുമുഴുവന്‍ ഒറ്റക്കെട്ടായി ഇവരുടെ ജീവന് തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിച്ചെങ്കിലും മരണം ഇവരെ തട്ടിയെടുക്കുകയായിരുന്നു. സൗമ്യയുടെയും പെണ് കുട്ടിയുടെയും ഘാതകരെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞെങ്കിലും അവശേഷിക്കുന്ന ചോദ്യം ഇവര്‍ക്ക് ശിക്ഷ എന്ന് ലഭിക്കുമെന്നതാണ്. സൗമ്യയെ ക്രൂരമായി കൊലചെയ്ത ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി വിചാരണ നടക്കുകയാണ്. തൃശൂര്‍ അതിവേഗകോടതിയില്‍ ഗോവിന്ദച്ചാമിയെ ഹാജരാക്കിയപ്പോള്‍ ഇയാള്‍ക്കുവേണ്ടി വാദിക്കാന്‍ മാഫിയാസംഘങ്ങളുടെ പിന്‍ബലത്തോടെ അഭിഭാഷകനെത്തിയതും നാടിനെ നടുക്കിയിരുന്നു. ഇത്തരം കൊലയാളികള്‍ക്ക് വക്കാലത്തുമായെത്തുന്നവര്ക്കെതിരെ വ്യാപകപ്രതിഷേധമാണ് അന്നുയര്‍ന്നത്. ഹൈക്കോടതിയിലും ഗോവിന്ദച്ചാമിയുടെ രക്ഷയ്ക്കായി ഇപ്പോഴും അഭിഭാഷകനായ ബി.എ.ആളൂര്‍ രംഗത്തുണ്ട്. എന്നാല്‍ സമൂഹം ഇയാളെ എന്ന് തൂക്കിലേറ്റുമെന്ന് ഉറ്റുനോക്കുകയാണ്. ഇതിനിടയിലാണ് ഇരുട്ടടിപോലെ ദല്‍ഹിയില്‍ ജ്യോതിയെന്ന 23കാരി കൊടും ക്രൂരതയ്ക്ക് ഇരയായി ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്.
>> കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: