ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചു. തെലുങ്കാന രാഷ്ട്രസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കടകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങളും ഇന്നലെ നിരത്തിലിറങ്ങിയില്ല. വെള്ളിയാഴ്ച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ അന്തിമ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഒരു മാസത്തിനുള്ളില്‍ സംസ്ഥാന രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിശ്വാസമില്ലെന്ന് വിവിധ പാര്‍ട്ടികള്‍ പ്രതികരിക്കുകയും ചെയ്തു.
തെലുങ്കാന സംയുക്ത സമരസമിതിയും, മറ്റ് തെലുങ്കാന സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നും തെലുങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ നിരത്തിലിറങ്ങി ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച ടിആര്‍എസ് നേതാവ് ഹരീഷ് റാവു ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെലുങ്കാന പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഒരുമാസത്തിനകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഈ വിഷയത്തില്‍ ഇനി സര്‍വകക്ഷി യോഗം ചേരില്ലെന്നും വെള്ളിയാഴ്ച്ച വ്യക്തമാക്കി.
കോണ്‍ഗ്രസ്, ബിജെപി, തെലുങ്കു ദേശം പാര്‍ട്ടി, തെലുങ്കാന രാഷ്ട്ര സമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഐ (എം), എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് തെലുങ്കാന രാഷ്ട്ര സമിതി തെലുങ്കാന മേഖലയില്‍ ഇന്നലെ ബന്ദിന് ആഹ്വാനം ചെയ്തത്.
സര്‍വകക്ഷി യോഗത്തില്‍ തെലുങ്കാന സംസ്ഥാനം എത്രയും വേഗം രൂപീകരിക്കണമെന്ന നിലപാടായിരുന്നു തെലുങ്കാന രാഷ്ട്ര സമിതി സ്വീകരിച്ചത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രത്യേക നിലപാട് സ്വീകരിക്കാതിരുന്നത് ശ്രദ്ധേയമായി. സിപിഐയും ബിജെപിയും തെലുങ്കാനയ്ക്കു വേണ്ടി വാദിച്ചു. കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയില്ല. തെലുങ്കു ദേശം പാര്‍ട്ടി മുന്‍ നിലപാടില്‍ നിന്നും മാറ്റമില്ലെന്ന് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ സിപിഎം, എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ ആന്ധ്രയെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടി തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചു. 2008ല്‍ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന പ്രണബ് മുഖര്ജിയ്ക്കയച്ച കത്തില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും കത്ത് ഇപ്പോഴും സര്‍ക്കാരിന്റെ കൈവശം ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പാര്‍ട്ടി വക്താവ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: