കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചതോടെ ഭക്തജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ക്യൂവില്‍നിന്ന് തന്നെ വഴിപാടുകള്‍ക്ക് രസീത് എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കേറ്റഡ് വാട്ടര്‍ നല്‍കുന്നുണ്ട്.
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് അന്നദാനവും ആരംഭിച്ചു. അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം മേല്‍ശാന്തി നാരായണന് നമ്പൂതിരി നിര്‍വഹിച്ചു. പ്രസിഡന്റ് ആര്. ശരത്ചന്ദ്രന്‍നായര്‍, സെക്രട്ടറി കെ.ജി. ദിലീപ്കുമാര്, പി. നാരായണന്, പി.കെ. നന്ദകുമാര്‍, എം.എസ്. അശോകന്, പി.പി. മോഹനന്, വെണ്മണി നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ സംബന്ധിച്ചു. മഹാദേവന്റെ പ്രസാദമായ കഞ്ഞിയും പുഴുക്കുമാണ് ഭക്തജനങ്ങള്‍ക്ക് നല്‍കുന്നത്.
ഇതിനിടെ നടതുറപ്പിന്റെ പുണ്യം നിറഞ്ഞുനിന്ന തിരുവാതിര പൂനിലാവില്‍ ശ്രീപാര്‍വതീദേവിയുടെ നടയില്‍ നടന്ന തിരുവാതിരക്കളി തിരുവൈരാണിക്കുളത്തമ്മക്കുള്ള അര്‍ച്ചനയായി മാറി. ശ്രീപാര്‍വതീദേവിയുടെ നട തുറന്നശേഷമുള്ള തിരുവാതിര ആഘോഷം തിരുവൈരാണിക്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്. തിരുവാതിര രാവില്‍ പട്ടുസാരിയുടുത്ത് പൂക്കള്‍ ചൂടി സര്‍വ്വാഭരണവിഭൂഷിതയായി കല്യാണരൂപിണിയായി പ്രശോഭിച്ച ശ്രീപാര്‍വ്വതീദേവിയുടെ ദര്‍ശനത്തിന് ശേഷമാണ് തിരുവാതിര ചടങ്ങുകള്‍ ആരംഭിച്ചത്. നട അടച്ച് ദേവിയെ പുഷ്പിണി പാട്ടുപുരയ്ക്കലേക്ക് എഴുന്നള്ളിച്ചശേഷം നടയ്ക്കല്‍ കിണ്ടി, വെള്ളം, വിളക്ക്, ആവണിപ്പലക എന്നിവ വച്ചു. അവയ്ക്ക് ചുറ്റും നിന്ന് ഗണപതി, സരസ്വതി സ്തുതികള്‍ ചൊല്ലിയശേഷം 10 വൃത്തം തിരുവാതിര പാടി കളിച്ചു. ദേവീനട അടഞ്ഞുകിടക്കുന്നതിനാല്‍ സുമംഗലിമാരും കന്യകമാരും വാക്കുരവയില്ലാതെയാണ് തിരുവാതിര കളിച്ചത്. 12 മണിയോടെ ദേവിയെ സ്തുതിച്ച് തിരുവാതിര ചുവടുകള്‍ നിര്‍ത്തി.
പിന്നീട് തിരുവാതിര പാട്ടുകള്‍ പാടി ക്ഷേത്രപരിസരത്ത് പാതിരാപ്പൂ, ദശപുഷ്പങ്ങള്‍, അടയ്ക്കാമണിയന്‍ എന്നിവ പറിച്ചുകൊണ്ടുവന്നു. അടയ്ക്കാമണിയന്‍ കുഴികുത്തി നടുവെള്ളമൊഴിച്ച് പൂത്തിരുവാതിരക്കാരെ ആവണിപ്പലകയില് ഇരുത്തി. പാട്ടുകള്‍ പാടി. അതിനുശേഷം ക്ഷേത്രത്തിലെത്തി, പാര്‍വതീദേവിയുടെ മുന്നില്‍വെച്ച് എല്ലാ പൂക്കളും വടക്ക്, തെക്ക്, മുന്നില്‍, പുറകില്‍ എന്നീ ദിശകളില്‍ ഉഴിഞ്ഞിട്ടശേഷം അവ തലയില്‍ ചൂടി. മൂന്നുംകൂട്ടി മുറുക്കി, വഞ്ചിപ്പാട്ട്, കുമ്മി, കണ്ണുനാലുണ്ണി എന്നിവ പാടി മംഗളം ചൊല്ലി അവസാനിച്ചപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: