കൊച്ചി: രാജ്യത്ത് അഴിമതിയും സുതാര്യതയില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി ആഗോള സര്‍വെ വെളിപ്പെടുത്തല്‍. ലോകത്തിലെ മുന്‍നിര അഴിമതിവിരുദ്ധ സംഘടനകളിലൊന്നായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ (ടിഐ) 2011 ല്‍ ലോകത്താകമാനം നടത്തിയ സര്‍വേയെത്തുടര്‍ന്ന് ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശം. 2007 മുതല്‍ രാജ്യത്ത് സുതാര്യതയില്ലായ്മയും അഴിമതിയും മുന്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അഴിമതിയുടെ കാര്യത്തില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടിനൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന പട്ടികയില്‍ സൂചിപ്പിക്കുന്നു.
അഴിമതിയുടെ കാര്യത്തില്‍ 2009 ലെ സര്‍വെപ്രകാരം ഇന്ത്യയുടെ സ്ഥാനം എണ്പത്തിനാലാമതായിരുന്നു. എന്നാല്‍ 2010 ലെ സര്‍വേയില്‍ സുതാര്യതയില്ലായ്മയില്‍ രാജ്യം വീണ്ടും പിന്നോട്ടുപോയി എണ്‍പത്തിഏഴാം സ്ഥാനത്തായി. 2011 ല്‍ സ്ഥിതി വീണ്ടും പരിതാപകരമായി എന്നാണ് ടിഐ സര്‍വെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. മുന്‍വര്‍ഷത്തെ സര്‍വെപ്രകാരം രാജ്യം 94-ാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2012 ല്‍ പുറത്തുവന്ന ഏറ്റവും പുതിയ സര്‍വെഫലത്തില്‍ ഇന്ത്യ 97-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
അഴിമതിക്ക് കാരണമാകുന്ന മുഖ്യഘടകം രാഷ്ട്രീയ ഇടപെടലുകളാണെന്നാണ് സര്‍വെയിലെ പ്രധാന കണ്ടെത്തല്‍. കൈക്കൂലിയിലും അഴിമതിയിലും പോലീസും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്ത് നിയമപാലകരാണെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ആഗോളതലത്തില്‍ 174 രാജ്യങ്ങളിലായി നടത്തിയ സര്‍വെയില്‍ ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞതും സുതാര്യതരഹിതവുമായ ഭരണം നടക്കുന്നത് സൊമാലിയയിലാണ് എന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 174-ാം സ്ഥാനത്താണ് ലോകറാങ്കിംഗില്‍ ഈ രാജ്യം. തൊട്ടുപിന്നില്‍ മ്യാന്മറാണ്. 172-ാംസ്ഥാനം. നോര്‍ത്ത് കൊറിയ (170), ബറൂണ്ടി (165), ലിബിയ (160), മൊസാമ്പിക് (123), കൊസോവോ, മാലി (105). ഈ രാജ്യങ്ങള്ക്ക്പിന്നിലായി 97-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. സാംബിയ, ഘാന, ക്യൂബ, ഒമാന്‍ (61), റുവാണ്ട (50), ഭൂട്ടാന്(33), ആസ്ട്രേലിയ (25), ഫ്രാന്‍സ് (22), അമേരിക്ക (14), യുകെ, ജപ്പാന് (17) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനം.
ഡെന്മാര്ക്ക്, ഫിന്‍ലാന്റ്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് അഴിമതിരഹിതവും സുതാര്യവുമായി ഭരണം നടക്കുന്നതില്‍ ലോകത്ത് ഒന്നാംസ്ഥാനത്ത്. സ്വീഡന്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
2007 മുതല്‍ ഇന്ത്യയില്‍ ഭരണരംഗത്ത് അഴിമതിയും സുതാര്യതയില്ലായ്മയും വന്‍തോതില്‍ വര്‍ധിക്കുന്നു എന്നാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ സര്‍വെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. വസ്തുതാപരമായി പരിശോധിച്ചാല്‍ യുപിഎ ഭരണത്തിന്‍കീഴിലുള്ള ഈ കാലഘട്ടത്തില്‍ അഴിമതി വര്‍ധിക്കുന്നു എന്ന സര്‍വെയിലെ കണ്ടെത്തല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
>> എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: