കാസര്‍കോട്: ജില്ലാ രൂക്ഷമായ വരള്‍ച്ചാ ഭീഷണിയും കുടിവെള്ള പ്രശ്നവും അഭിമുഖീകരിക്കുമ്പോള്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ പൈപ്പുകള്‍ ദ്രവിച്ചതു മൂലം ശുദ്ധജലം പാഴായിപ്പോകുന്നു. കുടിവെള്ളം ലഭ്യമാകുന്ന എ സി, പ്രീമോ പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചതു കാരണം നാല്‍പ്പത് ശതമാനത്തോളം കുടിവെള്ളമാണ് നഷ്ടപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ബാവിക്കര ചന്ദ്രഗിരിപ്പുഴയില്‍ നിന്നും വിദ്യാനഗറിലെ ശുദ്ധീകരണ പ്ളാണ്റ്റില്‍ പമ്പ് ചെയ്ത് വെള്ളമെത്തിച്ചാണ് കാസര്‍കോട് നഗരസഭയിലെ ജലവിതരണം നടത്തുന്നത്. വിദ്യാനഗര്‍ ശുദ്ധീകരണ പ്ളാണ്റ്റില്‍ നിന്നും നഗരസഭയുടെ വിവിധ പ്രദേശങ്ങളിലേക്ക് ജലമെത്തിക്കുന്ന പൈപ്പുകളാണ് പഴകി ദ്രവിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ കാലപ്പഴക്കമുള്ള പൈപ്പുകള്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തിയാല്‍പ്പോലും ഉപയോഗിക്കാന്‍ സാധിക്കാത്തവയാണ്. നഗരസഭാ പരിധിയിലെ മുപ്പതനായിരം ആള്‍ക്കാരാണ് കുടിവെള്ളവിതരണത്തെ ആശ്രയിക്കുന്നത്. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റണ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്ദുലേഖ പറഞ്ഞു. പഴയ ജനസംഖ്യാ കണക്കനുസരിച്ചാണ് കുടിവെള്ള വിതരണ സമ്പ്രദായം സ്ഥാപിക്കപ്പെട്ടത്. ആള്‍ക്കാരുടെ എണ്ണം കൂടിയതു കൊണ്ട് തന്നെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതികള്‍ ആവശ്യമാണ്. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടെ ഒരു ദിവസം ഇടവിട്ട് ശുദ്ധജലം ലഭ്യമാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ വാട്ടര്‍ അതോറിറ്റിയുടെ 185 ടാപ്പുകളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഇതിന് മുനിസിപ്പാലിറ്റി 85,൦൦൦ രൂപ അടയ്ക്കുന്നുണ്ടെന്നും നഗരസഭാ സെക്രട്ടറി പറയുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ ഉപ്പുവെള്ളം വെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാലത്ത് ഉപ്പുവെള്ളം കയറുന്നതും പൈപ്പുകള്‍ ദ്രവിക്കുന്നതിന് കാരണമാകുന്നുണ്ട്. പുഴയില്‍ തടയണ കെട്ടി ഉപ്പുവെള്ളം കയറുന്നത് തടയുകയാണ് ഓരോവര്‍ഷവും ചെയ്യുന്നത്. ഇവിടെ സ്ഥിരം തടയണ സ്ഥാപിക്കണമെന്നും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്നു. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപടികള്‍ കൈക്കൊള്ളാനും ഏതാനും ദിവസം മുമ്പ് മന്ത്രി കെ പി മോഹനണ്റ്റെ അദ്ധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും അമ്പത് ശതമാനത്തോളം കുഴല്‍ കിണറുകള്‍ തകരാറിലാണെന്നാണ് തദ്ദേശ സ്വയം ഭരണ അദ്ധ്യക്ഷന്മാര് യോ ഗത്തില്‍ ബോധിപ്പിച്ചത്. മിക്ക കുടിവെള്ള പദ്ധതികളും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: