കാലടി : പൂത്തുലഞ്ഞ തിരുവാതിരരാവില്‍ അനുഗ്രഹപുണ്യത്തിന്റെ സൂര്യപ്രഭ ചൊരിഞ്ഞ് തിരുവൈരാണിക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ഇനിയുള്ള 12 ദിനങ്ങള്‍ തിരുവൈരാണിക്കുളത്തിന് ഉത്സവനിറവാണ്. ശ്രീ മഹാദേവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രം ദര്‍ശനസൗഭാഗ്യം നല്കുന്ന തിരുവൈരാണിക്കുളത്തെ ശ്രീപാര്‍വ്വതീദേവിയെ തൊഴുത് അനുഗ്രഹപുണ്യം നേടുവാന്‍ ഇനി അണമുറിയാത്ത ഭക്തജനങ്ങളുടെ ഒഴുക്കായിരിക്കും. ഒരാണ്ടിന്റെ വ്രതനിഷ്ഠയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ സുമംഗലീഭാവത്തില് സര്‍വ്വാഭരണവിഭൂഷിതയായി വിളങ്ങുന്ന പാര്‍വ്വതീദേവിയെ മനം നിറയെ തൊഴുത് ഭക്തജനങ്ങള്‍ നിര്‍വൃതിയടഞ്ഞു. രാത്രി എട്ടിനായിരുന്നു നടതുറപ്പ്.
നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് അകവൂര്‍ മനയില്‍ നിന്ന് വൈകുന്നേരം നാലിന് തിരുവാഭരണഘോഷയാത്ര ആരംഭിച്ചു. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നശേഷം ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ നാരായണന് നമ്പൂതിരിപ്പാട്, ഊരാണ്മ പ്രതിനിധി കുഞ്ഞനുജന് നമ്പൂതിരിപ്പാട്, എ.ആര്. കൃഷ്ണന് നമ്പൂതിരിപ്പാട്, ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ആര്. ശരത്ചന്ദ്രന് നായര്‍, സെക്രട്ടറി കെ.ജി. ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി. മോഹനന്, പബ്ലിസിറ്റി കണ്‍വീനര്‍ പി. നാരായണന്, പി. മഹേഷ്, എം.എസ്. അശോകന്, വെണ്മണി നാരായണന് നമ്പൂതിരിപ്പാട്, സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പ്രതിഷ്ഠിച്ചു.
പൂത്താലമേന്തിയ കന്യകമാരുടെയും സുമംഗലിമാരുടെയും, കാവടി, പഞ്ചവാദ്യം, ചെണ്ട, താളമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ ഘോഷയാത്ര എത്തിച്ചേര്‍ന്നു. അകവൂര്‍ മനയില്‍ നിന്നും കൊണ്ടുവന്ന ദീപങ്ങള്‍ പകര്‍ന്ന്, ദേവിക്ക് ചാര്‍ത്തവേ, അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരുടെ പ്രതിനിധികളും മൂന്ന് മനക്കാരും ചേര്‍ന്ന് ഉത്സവനടത്തിപ്പിനുള്ള സമുദായമായി അവരോധിച്ച തിരുമേനി ചെറുമുക്ക് വാസുദേവന്‍ അക്കിത്തിരിപ്പാടും ദേവിയുടെ ഉറ്റതോഴിയായിരുന്ന പുഷ്പിണിയായി സങ്കല്പിക്കപ്പെടുന്ന, അതിനവകാശപ്പെട്ട എടനാട് അല്ലിമംഗലത്ത് കുടുംബത്തിലെ തങ്കമണി ബ്രാഹ്മണിയമ്മയും നടതുറപ്പ് ചടങ്ങുകള്‍ക്ക് നടയ്ക്കല്‍ വന്നുനിന്നു. നടതുറപ്പ് ഉത്സവം വിധിയാംവണ്ണം നടത്തുന്നതിന് സമുദായത്തെ ഏല്‍പ്പിച്ച് കൊടുക്കുന്നതും മൂന്ന് മനക്കാരുടെ സാന്നിദ്ധ്യം വിളിച്ച് ചോദിക്കുന്നതുമായ ചടങ്ങുകള്‍ക്ക് ശേഷം പുഷ്പിണിയുടെ നിര്‍ദ്ദേശപ്രകാരം നടതുറന്നു. സര്വ്വാഭരണവിഭൂഷിതാലങ്കാരിയായി, ദീപങ്ങളുടെ പ്രകാശം കൊണ്ട് പ്രശോഭിതയായി, സ്വര്‍ണ്ണപ്രഭയില്‍ ദേവിയുടെ വിഗ്രഹം വെട്ടിത്തിളങ്ങിയപ്പോള്‍ ദേവീമന്ത്രങ്ങള്‍ ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്നു. തുടര്‍ന്ന് ഭഗവതിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ച് പീഠത്തിലിരുത്തി നിവേദ്യ പൂജകള്‍ക്കുശേഷം പുഷ്പിണി സ്തുതി ഗീതങ്ങള്‍ പാടി ഉറക്കമിളച്ച് കഴിഞ്ഞുകൂടി. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ ദേവിയുടെ നടതുറന്നുകിടന്നു. നടതുറന്നശേഷം ദേവീനടയില്‍ തിരുവാതിര ആഘോഷത്തിന്റെ തിരുവാതിര ശീലുകള്‍ ഉയര്‍ന്നു. ദേവീസാന്നിദ്ധ്യത്തില് തിരുവാതിരകളി ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
എല്ലാ ദിവസവും രാവിലെ 4.30 മുതല്‍ 1.30 വരെയും വൈകിട്ട് 4 മുതല്‍ 8.30 വരെയുമാണ് ദര്‍ശനസമയം. ജനുവരി എട്ടിന് രാത്രി 8ന് നട അടയ്ക്കുന്നതോടെ ഉത്സവത്തിന് സമാപ്തിയാകും.
>> എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: