പന്തളം: മാനവരാശിക്ക് ഏറ്റവും അനുയോജ്യമായ ഭാഷ സംസ്കൃതമാണെന്ന് ഐറിഷ് സംസ്കൃത പണ്ഡിതന് റൂട്ഗര്‍ കോര്‍ട്ടന്‍ ഹോസ്റ്റ് പറയുമ്പോള്‍ അതിശയോക്തിക്കു പ്രസക്തിയില്ല. വര്‍ഷങ്ങളായി സംസ്കൃതഭാഷയില്‍ നടത്തുന്ന അഗാധപഠനം അദ്ദേഹത്തിന് നല്കിയ തിരിച്ചറിവാണത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി എട്ട് സ്ക്കൂളുകളിലായി സംസ്കൃതം പഠിപ്പിച്ചു വരുന്ന റൂട്ഗര്‍ പന്തളം അമൃതവിദ്യാലയത്തില്‍ നടക്കുന്ന സംസ്ഥാന സംസ്കൃത പ്രശിക്ഷണ്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. സംസ്കൃതവും വേദാന്തവും പഠിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ‘ജന്മഭൂമി’യുമായി പങ്കുവെച്ചു.
1986ല്‍ 20 കുട്ടികളുമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജോണ്‍ സ്ക്കോട്ടസ് സ്ക്കൂളിലാണ് അദ്ദേഹം സംസ്കൃതം പഠിപ്പിക്കുന്നതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഒന്നാം തരം മുതല്‍ 12-ാം തരം വരെയായി 400 കുട്ടികളാണ് അഞ്ചാം വയസ്സു മുതല്‍ ഇവിടെ സംസ്കൃതം പഠിക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ട്, ആസ്ട്രേലിയ, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി എട്ട് സ്ക്കൂളുകള്‍ നടത്തി വരുന്നു. ഇവിടെ വേദാന്തത്തെ അടിസ്ഥാനമാക്കിയാണ് സംസ്കൃതം പഠിപ്പിക്കുന്നത്.
വേദാന്ത തത്വശാസ്ത്രവും ഇവിടെ കുട്ടികളെ പഠിപ്പിച്ചു വരുന്നു. കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നതിനായി അദ്ദേഹം പ്രത്യേക രീതികളും വളര്‍ത്തിയെടുത്തു. ഈ രീതി അവരെ സംസ്കൃതത്തോടു കൂടുതല്‍ അടുപ്പിക്കുകയും വളരെ വേഗം സംസ്കൃതം പഠിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. വേദാന്ത തത്വശാസ്ത്രത്തില്ക്കൂടിയുള്ള വിദ്യാഭ്യാസം കുട്ടികളില്‍ വളര്‍ത്തുന്ന നല്ല മൂല്യങ്ങള്‍ രക്ഷകര്‍ത്താക്കളെയും വളരെയധികം ഇതില്‍ ആകൃഷ്ടരാക്കിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ പൂര്‍ണ്ണമല്ല. നിരന്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. റെഡ് വുഡ് പോലെ ഏകദേശം 700-800 വര്‍ഷം മാത്രമാണ് ഇതിനൊക്കെ ആയുസ്സ്. നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ തികച്ചും പൂര്‍ണമായ സംസ്കൃതത്തിന് ഒരുകാലത്തും മാറ്റമുണ്ടാകുന്നില്ല. സംസ്കൃതം എന്നു പറഞ്ഞാല്‍ത്തന്നെ പൂര്‍ണ്ണമായും കൃതമായിട്ടുള്ളത് എന്നാണ് അര്‍ത്ഥം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും സംസ്കൃതം പോലെ അനുയോജ്യമായ മറ്റൊരു ഭാഷയില്ല. സംസ്കൃതത്തിന്റെ നാടായ ഭാരതം ഇതിനെ അവഗണിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
1976ല്‍ 20-ാം വയസ്സിലാണ് അദ്ദേഹം സംസ്കൃതത്തില്‍ ആകൃഷ്ടനാകുന്നത്. കണക്കിലും ഫ്രഞ്ച് ഭാഷയിലും ബിരുദം നേടിയ അദ്ദേഹം ഭാരതത്തിലെത്തി ബാംഗ്ലൂരിലെ വേദവിജ്ഞാന ഗുരുകുലത്തില്‍ നിന്നുമാണ് സംസ്കൃത ഭാഷാ പഠനം ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം സന്ദര്‍ശിക്കുകയും അവിടെ താമസിച്ച് വേദാന്ത തത്വശാസ്ത്രത്തില്‍ കൂടുതല്‍ അറിവു നേടുകയും ചെയ്തു. ഡച്ച് വംശജനും ക്രിസ്തുമത വിശ്വാസിയും ആയിരുന്ന റൂട്ഗര്‍, മൃത്യുഞ്ജയന് എന്നു പേരു സ്വീകരിക്കുകയും അയര്‍ലണ്ട് തന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തിരഞ്ഞെടുക്കുകയും ആയിരുന്നു. സ്ക്കൂള് ഓഫ് പ്രാക്ടിക്കല്‍ ഫിലോസഫി ആന്റ് ഇക്കണോമിക് സയന്‍സ് എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. വിവാഹം പോലും വേണ്ടെന്നു വച്ചാണ് അദ്ദേഹം സംസ്കൃതഭാഷയുടെയും തത്വശാസ്ത്രത്തിന്റെയും പ്രചരണത്തിനായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള ക്രിസ്തീയ രാജ്യങ്ങളില്‍ പള്ളികളിലുള്ള വിശ്വാസം കുറഞ്ഞു വരുന്ന ജനങ്ങള്‍ ഇപ്പോള്‍ വേദാന്ത തത്വശാസ്ത്രങ്ങളില്‍ ആകൃഷ്ടരായി അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും ഭാരതത്തില്‍ വരുന്ന റൂട്ഗര്‍ സംസ്കൃത പ്രശിക്ഷണ്‍ ശിബിരത്തില്‍ പങ്കെടുത്തതിനുശേഷം ബാംഗ്ലൂരിലേക്കു പോയി വേദവിജ്ഞാന ഗുരുകുലത്തില്‍ ജനുവരി നാല് വരെ ഉപനിഷത്തുകളില്‍ കൂടുതല്‍ പഠനം നടത്തി. ജനുവരി അഞ്ച് മുതല്‍ 14 വരെ ആസ്ട്രേലിയയില്‍ നടക്കുന്ന സംസ്കൃത വാരാഘോഷത്തില്‍ പങ്കെടുത്ത് ക്ലാസ്സുകള്‍ നടത്തുന്ന റൂട്ഗര്‍ 14ന് അയര്‍ലണ്ടിലേക്കു മടങ്ങും.
>> കെ. എ. ഗോപാലകൃഷ്ണന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: