കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് വ്യക്തികളും സംഘടനകളും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധിക്കാനെന്ന വ്യാജേന കയറുന്നതായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതായി മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു. ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും സംസ്ഥാനത്തുണ്ട്. അവരില്‍ പലരും നിസ്വാര്‍ഥ സേവനം നടത്തുന്നവരുമാണ്. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥരെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെന്നും പറഞ്ഞ് പലതരത്തിലുളള പിരിവുകള്‍ നടത്തുന്നതായും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇടിച്ചുകയറി പലതരത്തിലുളള ബഹളങ്ങള്‍ നടത്തി ഗുണ്ടാ പിരിവുകള്‍ നടത്തുന്നതുമായുളള റിപ്പോര്‍ട്ട് കമ്മീഷനില്‍ ലഭിച്ചിട്ടുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാവുന്നതും അതോടൊപ്പം മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായാല്‍ അത്തരം സംഭവങ്ങള്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് അതിന് പരിഹാരം കാണാവുന്നതുമാണ്. എന്നാല്‍ അവര്‍ മനുഷ്യാവകാശപ്രവര്ത്തകരെന്നോ മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെയും സമീപിക്കാനോ, പിരിവ് നടത്തുവാനോ സ്ഥാപനങ്ങളില്‍ കയറി പരിശോധിക്കുവാനോ അധികാരമില്ല. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചാല്‍ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് കമ്മീഷന്റെ അന്വേഷണ വിഭാഗത്തെക്കൊണ്ടോ, അതത് ജില്ലയിലെ പോലീസ് ചീഫിനെക്കൊണ്ടോ റവന്യൂ ഉദ്യോഗസ്ഥരെക്കൊണ്ടോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെക്കൊണ്ടോ അന്വേഷിപ്പിക്കുകയും തക്കതായ നടപടികള്‍ എടുക്കുന്നതുമാണ്.
മനുഷ്യാവകാശ സംരക്ഷണ നിയമമനുസരിച്ച് കമ്മീഷന് അംഗങ്ങള്‍ക്കോ കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കോ, കമ്മീഷന് അന്വേഷണ വിഭാഗത്തിനോ അല്ലെങ്കില്‍ കമ്മീഷന് അധികാരപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗ്ഥര്ക്കോ മാത്രമേ കമ്മീഷനില്‍ കിട്ടുന്ന പരാതികളിന്മേല് അന്വേഷണം നടത്താന്‍ അധികാരമുളളൂ.
മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഫോട്ടോ പതിച്ച കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: