ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ശുഷ്കമായ കാഴ്ച്ചപ്പാടാണുള്ളതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് ഈ നിലപാട് ശരിയല്ലെന്ന് പ്രധാനമന്ത്രി മന്‍മോഗന്‍ സിങ്ങിനോട് പറഞ്ഞതായും നരേന്ദ്രമോദി വ്യക്തമാക്കി. ഗുജറാത്തിലെ ഹാട്രിക് വിജയത്തിനു ശേഷം ബിജെപി ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്‍പത് ശതമാനം എന്ന വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പ്രാവശ്യത്തെ യുപിഎ ഭരണക്കാലത്ത് 7.9 ശതമാനമായി കുറഞ്ഞിരുന്നു. യുപിഎ വരുന്നതിനു മുമ്പുണ്ടായ ഒമ്പത് ശതമാനം എന്ന് ആലോചിക്കാന്‍ പോലും പ്രധാനമന്ത്രി ഇന്ന് തയ്യാറല്ല. ഇത്തവണത്തെ പ്രധാനമന്ത്രിയുടെ ലക്ഷ്യം 8.2 വളര്‍ച്ചാ നിരക്കാണ്. അതായത് കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്ന് കേവലം 0.3 വളര്‍ച്ചാ നിരക്ക് മാത്രമാണ് ലക്ഷ്യം. ഈ ചെറിയ സംഖ്യ കൈവരിക്കാനായിരുന്നോ ഇന്ന് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരേയും വിളിച്ചു ചേര്‍ത്ത് ദേശീയ വികസന കൗണ്‍സില്‍ കൂടി സമയം കളഞ്ഞത്, മോദി ചോദിച്ചു.
ഗുജറാത്തിന്റെ വളര്‍ച്ചാ നിരക്ക് 11 കവിയും. എന്നോട് മല്‍സരിച്ച് ഗുജറാത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ പരിശ്രമിക്കാതെ രാജ്യത്തെ നിരക്ക് കൂട്ടാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലും ഗുജറാത്താണ് മുന്നിലെന്നും ഗുജറാത്തിലെ നിരക്ക് വര്‍ദ്ധനകളെ പേടിച്ച് ആറു മാസം കൂടുമ്പോഴുള്ള അവലോകനങ്ങള്‍ വരെ യു.പി.എ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചതായും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ആസ്ഥാനത്ത് ആരുമറിയാതെ കര്‍ട്ടണുകള്‍ക്ക് പിന്നിലായിരുന്നു ആദ്യം ഞാന്‍ കാലം ചിലവിട്ടത്. അവിടന്ന് മുതല്‍ ഇന്ന് ഇവിടെ വരെ എത്തി നില്കുമ്പോള് എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ട്. രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണിത്. ഇന്ന് എനിക്ക് എന്തൊക്കെ നേടാനായിട്ടുണ്ടാ അതെല്ലാം പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ലഭിച്ചതാണ്. ഗുജറാത്തില്‍ മൂന്ന് തവണ മുടക്കമില്ലാതെ ബിജെപി അധികാരത്തിലെത്തിയതിനു പിന്നില്‍ സര്‍ക്കാരിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. എല്ലാവരേയും ഞാന്‍ ഗുജറാത്തിലേക്ക് ക്ഷണിക്കുന്നു. സംസ്ഥാനം വന്ന് കണ്ട് സംസ്ഥാനത്തെ വിലയിരുത്തണം. കുറവുകള്‍ ഉണ്ടെങ്കില്‍ അതും എന്നെ അറിയിക്കണം. അഭിപ്രായങ്ങള്‍ എന്നും ഞാന്‍ സ്വീകരിക്കാറുണ്ട്. എന്നോടല്ല ലോകത്തോടാണ് യുപിഎ മല്‍സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി പങ്കെടുത്ത ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ വിജയ് ഗോയല്‍, പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. അനവധി പേര് ഭാവി പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.
വാദ്യഘോഷങ്ങളും പൂക്കളും ജയ് വിളികളുമായിട്ടായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് സ്വീകരിച്ചത്. കാത്തടപ്പിക്കുന്ന പടക്കങ്ങളും മോദിയുടെ തലസ്ഥാന വരവിന് അകമ്പടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: