തൃശൂര്‍ : സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കം ചെയ്ത ബാലചന്ദ്രന് വടക്കേടത്ത് അക്കാദമിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്തുണയുമായി നിര്‍വാഹകസമിതി അംഗവും എഴുത്തുകാരനുമായ കെ.രഘുനാഥും ഉണ്ടായിരുന്നു. വിശ്വമലയാള മഹോത്സവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി സാജന് പീറ്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കാദമി വൈസ് പ്രസിഡണ്ടായിരുന്ന ബാലചന്ദ്രന് വടക്കേടത്ത് ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി സാംസ്കാരിക വകുപ്പുമന്ത്രി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. എന്നാല്‍ മന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയാണ് ബാലചന്ദ്രന് വടക്കേടത്ത് രംഗത്തെത്തിയത്.
സാംസ്കാരിക വകുപ്പുമന്ത്രി സാംസ്കാരിക കൊലയാളിയാണെന്ന് വടക്കേടത്ത് ആരോപിച്ചു. കോണ്‍ഗ്രസ് സംസ്കാരമുള്ള മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെങ്കില്‍ മന്ത്രിസഭയില്‍ നിന്നും കെ.സി.ജോസഫിനെ പുറത്താക്കണമെന്നും വടക്കേടത്ത് ആവശ്യപ്പെട്ടു. അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയങ്ങളില്‍ ക്രമക്കേടുണ്ടെന്നും ഭരണസമിതിയുടെ ചെറിയ കാര്യങ്ങളില്‍ പോലും മന്ത്രിയുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം ആരോപിച്ചു. അക്കാദമി പ്രസിഡണ്ടിന്റെ ഏകാധിപത്യമാണ് നടക്കുന്നത്. അക്കാദമിയുടെ സ്വയംഭരണാവകാശത്തെ മന്ത്രി ചോദ്യം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരെ വരുന്ന ദിവസങ്ങളില്‍ സാംസ്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ബാലചന്ദ്രന് വടക്കേടത്ത് മുന്നറിയിപ്പ് നല്കി.
സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്പീറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചതായി സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
വിശ്വമലയാള മഹോത്സവ നടത്തിപ്പിനെ ശക്തമായി വിമര്‍ശിക്കുകയും അഴിമതി ആരോപണം വരെ ഉന്നയിക്കുകയും ചെയ്ത ബാലചന്ദ്രന് വടക്കേടത്തിനെ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുകയും പകരം വൈസ് പ്രസിഡന്റായി അക്ബര്കക്കട്ടിലിനെ നിയമിക്കുകയും ചെയ്തു. ഡോ. സത്യജിത്, ഡോ. അജയപുരം ജ്യോതിഷ്കുമാര്‍, ഗിരിജ സേതുനാഥ് എന്നിവരെ ജനറല്‍ കൗണ്‍സിലില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കി. കൂടാതെ ഡോ. പ്രമീളാദേവിയെയും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. വൈലോപ്പിള്ളി സംസ്കൃതി ഭവന് പ്രതിനിധി എന്ന നിലയില്‍ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുദര്ശനന് കാര്ത്തികപ്പറമ്പിലിനെ വൈലോപ്പിള്ളി സംസ്കൃതി ഭവന് ഭരണ സമിതിയില്‍ നിന്നും, കേരള സംഗീത നാടക അക്കാദമി പ്രതിനിധി എന്ന നിലയില്‍ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എല്‍.വി ഹരികുമാറിനെ സംഗീത നാടക അക്കാദമി ഭരണസമിതിയില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.
പെരുമ്പടവം ശ്രീധരന്(സാഹിത്യ അക്കാദമി പ്രസിഡന്റ്), ആര്.ഗോപാലകൃഷ്ണന്(സെക്രട്ടറി ), അക്ബര്‍ കക്കട്ടില്‍ (വൈസ് പ്രസിഡന്റ്), ജോസ് പനച്ചിപ്പുറം, പ്രൊഫ.ഡി.ബഞ്ചമിന്, ഡോ.ഷൊര്‍ണ്ണൂര്‍ കാര്ത്തികേയന്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രൊഫ. സന്തോഷ് ജെ.കെ.വി, ഇബ്രാഹിം ബേവിഞ്ച, എം.ഡി. രാജേന്ദ്രന്, വിജയലക്ഷ്മി, പികെ.പാറക്കടവ്, ജോണ്‍ സാമുവല്‍, അജിതന് മേനോത്ത്, ജന്നിംഗ്സ് ജേക്കബ്, വാണിദാസ് എളയാവൂര്, ഇന്ദുമേനോന്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, ജില്ലാ കളക്ടര്‍, തൃശൂര്‍,-ട്രഷറര്‍, കേരള സംഗീത നാടക അക്കാഡമി പ്രതിനിധി, കേരള ലളിതകലാ അക്കാദമി പ്രതിനിധി, കേരള ഫോക്ക് ലോര്‍ അക്കാദമി പ്രതിനിധി, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല പ്രതിനിധി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രതിനിധി, വൈലോപ്പിള്ളി സംസ്കൃതി ഭവന് പ്രതിനിധി, കേരള സാഹിത്യ അക്കാദമി ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന് 10 (8) പ്രകാരം തെരഞ്ഞെടുക്കുന്ന 10 പേര്, തുടങ്ങിയവര്‍ അംഗങ്ങളായുമാണ് അക്കാദമി പുനഃസംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: