ആലപ്പുഴ: പ്രഖ്യാപനങ്ങളും സെമിനാറുകളും മേളകളും വര്‍ധിച്ചിട്ടും പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയിലെ വന്‍ പ്രതിസന്ധിക്ക് മാത്രം മാറ്റമില്ല. ഓര്‍ഡര്‍ ഇല്ലാത്തതിനാല്‍ ചെറുകിട കയര്‍ ഫാക്ടറികളില്‍ ബഹുഭൂരിപക്ഷവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നല്ലൊരു ശതമാനം കയര്‍ത്തൊഴിലാളികളും കെട്ടിട നിര്‍മാണ മേഖലകളിലടക്കം ചേക്കേറി കഴിഞ്ഞു. അവശേഷിക്കുന്ന തൊഴിലാളി കുടുംബങ്ങളാകട്ടെ കടുത്ത ദാരിദ്ര്യത്തിലും. തൊഴിലുറപ്പ് പദ്ധതിയിലെങ്കിലും കയര്‍ മേഖലയെ ഉള്‍പ്പെടുത്തി തൊഴിലാളികളെ പിടിച്ചുനിര്‍ത്തണമെന്ന ആവശ്യവും നടപ്പാകുന്നില്ല.
അഴിക്കുംതോറും മുറുകുന്ന കുരുക്കുപോലെയാണ് കയര്‍മേഖല. വന്‍കിട കയര്‍ ഫാക്ടറി മുതലാളിമാരും ഇടത്തട്ടുകാരും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ സാധാരണ കയര്‍ തൊഴിലാളികളും ചെറുകിട കയര്‍ ഫാക്ടറി ഉടമകളും വെറും കാഴ്ചക്കാരായി മാറുകയാണ്. കയര്‍പിരി മേഖലയിലടക്കം സ്ത്രീ തൊഴിലാളികളാണ് ബഹുഭൂരിപക്ഷവും പണിയെടുക്കുന്നത്. ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സാമ്പത്തികസ്ഥിതിയെ പോലും ഒരുകാലത്ത് താങ്ങിനിര്‍ത്തിയിരുന്നത് കയര്‍ വ്യവസായമായിരുന്നു.
പ്രതിവര്‍ഷം വിദേശ കയറ്റുമതി വര്‍ധിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സാധാരണ കയര്‍ത്തൊഴിലാളികള്‍ക്ക് ഇതിന്റെ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. തൊഴിലാളി സംഘടനകള്‍ വന്‍കിട കയര്‍ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതിനുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് മറ്റൊരു ദുരവസ്ഥ.
ഓര്‍ഡര്‍ ഇല്ലാത്തതിനാല്‍ ചെറുകിട ഉല്പാദകര് കടുത്ത പ്രതിസന്ധിയിലാണ്. വന്‍കിട കയറ്റുമതിക്കാര്‍ കയര്‍ കോര്പ്പറേഷന് ഓര്‍ഡറുകള്‍ നല്കാന് മടിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കയര്‍ കോര്പ്പറേഷന് ഓര്‍ഡര്‍ നല്കിയാല് ഏഴര ശതമാനം ഡിസ്ക്കൗണ്ട് കോര്പ്പറേഷന് കയറ്റുമതിക്കാര്‍ക്ക് നല്‍കും. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ഇളവുമുണ്ട്. എന്നാല്‍ കയറ്റുമതിക്കാര്‍ ഇടനിലക്കാരെ നിയോഗിച്ച് ചെറുകിടക്കാരില്‍ നിന്ന് നിലവിലുള്ള വിലയേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വിലക്കുറച്ച് വാങ്ങാനാണ് ശ്രമിക്കുന്നത്.
ചെറുകിടക്കാരുടെ പ്രതിസന്ധി മുതലെടുത്ത് ഇടനിലക്കാരായ ഡിപ്പോക്കാര്‍ കൊള്ളയടിക്കുകയാണ്. ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കാനായി കൊണ്ടുവന്ന കയര്‍ ക്രയവില സ്ഥിരതാ പദ്ധതിയുടെ നടത്തിപ്പും കാര്യക്ഷമമല്ല. ഡിപ്പോകള്‍ക്ക് പകരമായി മുന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച കയര്‍ സൊസൈറ്റികളുടെ അമിത രാഷ്ട്രീയവല്‍ക്കരണവും മറ്റൊരു പ്രശ്നമാണ്.
ചകിരിക്ഷാമം പരിഹരിക്കുന്നതിനായി ശതകോടികളുടെ പദ്ധതികള്‍ പലതും പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. അതിനാല്‍ അമിത വില കൊടുത്ത് തമിഴ്നാട്ടില്‍ നിന്നും ചകിരി ഇറക്കുമതി ചെയ്യേണ്ടിവരുന്നു.
ചുരുക്കത്തില്‍ ഉല്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞാല്‍ ചെറുകിടക്കാര്‍ക്ക് കയര്‍ ഉല്പന്നത്തില് നിന്ന് നഷ്ടം മാത്രം ലഭിക്കേണ്ട അവസ്ഥയാണുള്ളത്. ഇതുകൂടാതെയാണ് വിദഗ്ധ തൊഴിലാളികളുടെ അപര്യാപ്തത. സ്ത്രീ തൊഴിലാളികള്‍ തൊഴിലുറപ്പിനും പുരുഷ തൊഴിലാളികള്‍ കെട്ടിട നിര്‍മാണ മേഖലയിലും പോയതോടെ നെല്‍കൃഷി മേഖലയിലെ അതേ തൊഴിലാളിക്ഷാമം കയര്‍ മേഖലയിലും അനുഭവപ്പെടുകയാണ്.
കുട്ടനാട് പാക്കേജ് പോലെ കയര്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ പാക്കേജ് അനുവദിക്കുകയും അത് കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. സെമിനാറുകളും മേളകളും കൊണ്ട് ചെറുകിട കയര്‍ ഫാക്ടറിക്കാര്ക്കും തൊഴിലാളികള്‍ക്കും നാളിതുവരെ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
>> പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: