കൊല്‍ക്കത്ത: ദല്‍ഹി കൂട്ടമാനഭംഗത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന് അഭിജിത് മുഖര്‍ജി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെല്ലാം വിദ്യാര്‍ഥിനികള്‍ അല്ലെന്നും മുഖത്ത് ചായം തേച്ചവരെയും ചുളിവുകള്‍ വീണവരെയും താന്‍ അക്കൂട്ടത്തില്‍ കണ്ടെന്നുമുള്ള അഭിജിത് മുഖര്‍ജിയുടെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.പ്രതിഷേധത്തിന് അണിഞ്ഞൊരുങ്ങിയെത്തുന്ന സ്ത്രീകള്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയും അത് മറ്റുള്ളവരെ കാണിച്ച് സന്തോഷിക്കുകയുമാണ് ചെയ്തത്.
പശ്ചിമബംഗാളില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അഭിജിത് മുഖര്‍ജി വിവാദമായ അഭിപ്രായപ്രകടനം നടത്തിയത്. ചിലര്‍ അവരുടെ കുട്ടികളെപ്പോലും കൊണ്ടുവന്നിരുന്നതായും ടിവിയില്‍ കാണിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും അഭിജിത് മുഖര്‍ജി പറഞ്ഞിരുന്നു. എന്നാല്‍ സ്ത്രീകളെ മൊത്തമായി അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിയെ ആണ് താനുദ്ദേശിച്ചതെന്നും അഭിജിത് മുഖര്‍ജി പിന്നീട് പറഞ്ഞു.
ഡിസംബര്‍ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ആറംഗസംഘം പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചത്.സംഭവത്തിനെതിരെ ദല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ വലിയ പ്രഷോഭങ്ങളാണ് നടന്നത്. രാഷ്ട്രപതിഭവന് മുന്നില്‍ ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനായി എത്തിയിരുന്നു. അതേസമയം പ്രക്ഷോഭകരെ നേരിടാന്‍ പോലീസ് ജലപീരങ്കിയും ഗ്രാനൈഡും ഉപയോഗിച്ചു.ഇത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജംഗിപ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ അഭിജിത് പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു. ഇതേസമയം സഹോദരന്റെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് സഹോദരി ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. ഈ പരാമര്‍ശത്തില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: