പെരുമ്പാവൂര്‍: കഴിഞ്ഞ 17 മുതല്‍ പെരുമ്പാവൂര്‍ മേഖലയിലെ മരവ്യവസായശാലകള്‍ അടച്ചിട്ടുകൊണ്ട് നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പാവൂരിലെ മരവ്യവസായികളുടെ സംഘടനയില്‍ തന്നെ ഈ പ്രശ്നത്തിനെതിരെ വിവിധ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. കമ്പനികള്‍ അടച്ചിട്ടുകൊണ്ടുള്ള സമരത്തോട് പല മുതലാളിമാരും എതിര്‍പ്പുമായി രംഗത്ത് വന്നുകഴിഞ്ഞു. ചെറിയ രീതിയില്‍ മരവ്യവസായ യൂണിറ്റുകള്‍ നടത്തുന്നവരെയാണ് സമരം വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടികിടന്ന് നശിക്കുകയാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഇനിയും സമരം തുടര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ പെരുകുമെന്നാണ് ചിലര്‍ പറയുന്നത്. കമ്പനികള്‍ അടച്ചിട്ടുള്ള സമരത്തിനെതിരെ ഓള് കേരള പ്ലൈവുഡ് സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് പരസ്യമായി രംഗത്ത് വന്നത് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി ഇടപെട്ട് 31 നകം പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മരവ്യവസായികള്‍ അംഗീകരിക്കാതിരുന്നതിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ക്രിസ്തുമസ്സ് കഴിയുന്നതോടെ പുല്ലുവഴി പ്രദേശത്തെ പല കമ്പനികളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറയുന്നു.
പെരുമ്പാവൂര്‍ മേഖലയിലെ സാമ്പത്തിക സ്രോതസ്സായ മരവ്യവസായ ശാലകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ചെറുകിട വ്യവസായികളും ആവശ്യപ്പെട്ടു. നേരിട്ടും അല്ലാതെയും മരവ്യവസായംകൊണ്ട് നിരവധി പേരാണ് ജീവിക്കുന്നത്. ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, ഹോട്ടല്‍ ഉടമകള്‍ തുടങ്ങി നിരവധി പേരുടെ ജീവിതം മുട്ടിക്കുന്ന സമരം അവസാനിപ്പിക്കണമെന്ന് വല്ലം ചെറുകിട വ്യവസായ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരവ്യവസായ ശാലകള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കളക്ടറേറ്റില്‍ നടത്തിവരുന്ന സമരം 55 ദിവസം പിന്നിടുകയാണ്. കര്‍മ്മ സമിതിയുടെ സമരം വിജയം കാണുന്നതിന്റെ തെളിവാണ് മരവ്യവസായികളുടെ ഹര്‍ത്താല്‍ പരാജയപ്പെട്ടതെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇരുവിഭാഗങ്ങളും സമരം ശക്തമാക്കിയത് സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുകയുമാണ്. ഭരണ- പ്രതിപക്ഷ രംഗത്തെ പ്രമുഖരുടെ ഒത്താശയോടെയാണ് പ്ലൈവുഡ് കമ്പനികള്‍ അടച്ചിട്ടതെന്നും സമരമവസാനിപ്പിക്കാന്‍ പാടുപെടുകയാണെന്നും സമരസമിതി നേതാവ് വര്‍ഗീസ് പുല്ലുവഴി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: