കൊച്ചി: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ മലയാറ്റൂര്‍ ഇല്ലിത്തോട് മുളങ്കുഴിയിലെ മഹാഗണിത്തോട്ടത്തിലെ പെരിയാറിലെ കടവില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇവിടെ പൊലിഞ്ഞത് അന്‍പതിലേറെ ജീവനുകള്‍. ഈ അപകടപരമ്പരയിലെ ഏറ്റവും അവസാനത്തെ കണ്ണികളാണ് ഇന്നലെ നഷ്ടമായ അഞ്ച് എന്‍സിസി കേഡറ്റുകളുടേത്. വിനോദസഞ്ചാരികളെ എന്നും ത്രില്ലടിപ്പിക്കുന്ന മനോഹരമായ ഭൂപ്രദേശമാണ് മഹാഗണികളാല് നിബിഡമായ വനംവകുപ്പിന്റെ കീഴിലുള്ള മഹാഗണിത്തോട്ടം. സിനിമാ ഷൂട്ടിംഗുകള്‍ പതിവായി നടക്കാറുള്ള ഇവിടെ കറങ്ങിനടന്ന് മുന്നറിയിപ്പുകള്‍ അവഗണിച്ച് പെരിയാറില്‍ ഇറങ്ങുമ്പോഴാണ് അപകടത്തില്‍പ്പെടാറ്. അനധികൃത മണല്‍വാരല്‍ മൂലം പെരിയാറില്‍ അഗാധഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മലയാറ്റൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ മണല്‍വാരല്‍ രൂക്ഷമാണ്. ഇതുമൂലം മുകള്പ്രദേശമായ ഇവിടെ മണലും താഴേക്ക് ഒഴുകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഓരോ തവണയും അപകടങ്ങള്‍ കഴിയുമ്പോള്‍ സുരക്ഷക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പറയുമെങ്കിലും അതെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ് ചെയ്യുന്നത്. വനംസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സേവനം ഇവിടെയുണ്ടെങ്കിലും സഞ്ചാരികളില്‍നിന്നും പ്രവേശനഫീസ് ഈടാക്കുക മാത്രമാണിവര്‍ ചെയ്യാറെന്ന് പരാതിയുണ്ട്. സ്ഥിരമായ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഒന്നുംതന്നെ ഇവിടെയില്ല. താല്ക്കാലികമായ ചില ചെറിയ ബോര്‍ഡുകള്‍ മാത്രം. പെരിയാറില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ സുരക്ഷാ ചങ്ങല വേണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല. സഞ്ചാരികള്‍ പെരിയാറില്‍ ഇറങ്ങുന്നത് തടയുവാനും യാതൊരു നടപടിയുമായില്ല. ഈ സ്ഥലത്തെത്തിയാല്‍ ആര്‍ക്കും പുഴയില്‍ ഇറങ്ങുവാന്‍ തോന്നും. അപകടം പതിയിരിക്കുന്നത് മനസിലാവുകയുമില്ല. ഇക്കാര്യത്തില്‍ വനംവകുപ്പ് അധികൃതരുടെയും മറ്റുമുള്ള അവഗണനയാണ് ഇന്നലെ നാട്ടുകാരെ ക്ഷുഭിതരാക്കിയത്. മലയാറ്റൂര്‍ തീര്‍ത്ഥാടനകാലത്ത് അപകടം എല്ലാവര്‍ഷവും ഉണ്ടാവാറുണ്ട്. നാലുവര്‍ഷം മുമ്പ് മൂന്ന് നേവി ഉദ്യോഗസ്ഥരും ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. ഇനി ഒരു അപകടം ആവര്‍ത്തിക്കില്ലെന്ന അധികൃതരുടെ ഉറപ്പാണ് ഇപ്പോള്‍ വീണ്ടും പാഴായിരിക്കുന്നത്.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇവിടെ ആരും മരിച്ചിട്ടില്ലെന്നും 2002 മുതല്‍ 2008 വരെ 37 പേരാണ് ഇവിടെ മരിച്ചതെന്നും വനംസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
- എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: