ശബരിമല: ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയൊന്നാകെ നിറഞ്ഞപോലെ സന്നിധാനം. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തില്‍ ദീപം ഉഴിഞ്ഞ് പ്രഭാകിരണം പൊഴിഞ്ഞപ്പോള്‍ കാത്തുനിന്ന ലക്ഷങ്ങളുടെ മനസ്സിലേക്കും ആ പ്രഭാകിരണം ആഴ്ന്നിറങ്ങി. അയ്യപ്പ ചൈതന്യം ഒന്നാകെ നിറഞ്ഞ് ഭക്തനും അയ്യപ്പ തുല്യമായ മുഹൂര്‍ത്തമായിരുന്നു അത്. വ്രതനിഷ്ഠയുടെ 41 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമലയില്‍ ഇന്നലെ മണ്ഡല പൂജ നടന്നു. ഉച്ചയ്ക്ക് 1 മണിയോടെ നടന്ന മണ്ഡലപൂജ ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തേക്ക് ഒഴുകിയത്.
ഇന്നലെ പുലര്‍ച്ചെ 3 ന് തിരുനട തുറന്നതുമുതല്‍ രാത്രി 10ന് നട അടയ്ക്കുന്നതുവരേയും സന്നിധാനം ഭക്തസഹസ്രങ്ങളാല് നിറഞ്ഞു കവിഞ്ഞിരുന്നു. പുലര്‍ച്ചെ 3.15 ന് നിര്‍മ്മാല്യദര്‍ശനം കഴിഞ്ഞതോടെ നെയ്യഭിഷേകം ആരംഭിച്ചു. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, അഷ്ടാഭിഷേകം എന്നിവ നടന്നു. പത്തുമണിയോടെ നെയ്യഭിഷേക ചടങ്ങുകള്പൂര്ത്തിയാക്കിയ ശേഷം സോപാനം ശുദ്ധിവരുത്തി. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ കലശപൂജ നടന്നു. പിന്നീട് തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റിയും ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം ശ്രീകോവിലിന് ചുറ്റും എഴുന്നെള്ളിച്ചു. തുടര്‍ന്ന് ശ്രീലകത്തേക്ക് കൊണ്ടുപോയ ബ്രഹ്മകലശം ഉച്ചപൂജയുടെ സ്നാന ഘട്ടത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ആറാടിച്ചു. പിന്നീട് ഭഗവാന് തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജ നടന്നു. തങ്ക അങ്കി അണിയിച്ച് നടന്ന ദീപാരാധന തൊഴുത് ഭക്തജനങ്ങള്‍ ദര്‍ശന സായൂജ്യം നേടി. തുടര്‍ന്ന് നട അടച്ചു. വൈകിട്ട് 5 ന് തിരുനടതുറന്ന് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് ഭഗവാന് തലപ്പാവ് അണിയിച്ചും യോഗ ദണ്ഡും ജപമാലയും നല്കി ധ്യാന നിരതനാക്കി ഹരിവരാസനം പാടി നട അടച്ചു. ഇതോടെ ഒരു മണ്ഡലകാലത്തിന് കൂടെ പരിസമാപ്തിയായി.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്കഅങ്കിഘോഷയാത്ര ചൊവ്വാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേര്‍ന്നു. പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിന് വെച്ച ശേഷം അഞ്ചുമണിയോടെ തങ്കഅങ്കി പേടകത്തിലാക്കി തലചുമടായി ശരംകുത്തിയിലെത്തിച്ചു. ഇവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ശങ്കരനാരായണപിള്ള, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജി.പത്മകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണപിള്ള, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട്് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടില്‍ എത്തിച്ച പേടകത്തെ ദേവസ്വം മന്ത്രി വിഎസ്.ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍നായര്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ഗവ.ചീഫ് കോര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍, എഡിജിപി പി.ചന്ദ്രശേഖരന് , സന്നിധാനം പോലീസ് കണ്ട്രോളര് രാജേന്ദ്രന്, തുടങ്ങിയവര്‍ ചേര്‍ന്ന് സോപാനത്തേക്ക് ആനയിച്ചു. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധനയും നടത്തി.
ഇനി മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5.30ന് തിരുനട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. മകരവിളക്കിന് ശേഷം അഞ്ചുദിവസം കൂടി നട തുറന്നിരിക്കും. ജനുവരി 20 ന് രാവിലെ 7ന് പന്തള രാജ പ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം നട അടയ്ക്കുന്നതോടെ രണ്ട് മാസം നീണ്ടു നിന്ന മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.
- സുഭാഷ് വാഴൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: