തിരുവനന്തപുരം: ബംഗളുരു സ്ഫോടനകേസില്‍ അറസ്റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മദനിയുടെ ചികിത്സയെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് സമിതി പരിശോധിക്കും. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടികള്‍ ആലോചിക്കും. മദനിയുടെ മോചനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. പരിമിതികള്‍ക്കകത്തു നിന്ന് വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗളുരുവിലേക്ക് സര്‍വ്വകക്ഷിസംഘം പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സമയപരിധി പാലിക്കണമെന്ന് ടീകോമിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രത്നാഭരണ കവര്‍ച്ചയും ഹരിഹരവര്‍മ്മയുടെ മരണവും സംബന്ധിച്ച് പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇക്കാര്യം കോടതിയും കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പുതുമകളൊന്നും തന്നെ ഇല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആവശ്യമെങ്കില്‍ മാത്രം സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാല്‍ മതിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: