ശബരിമല: വ്രതശുദ്ധിയുടെ നിറവില്‍ ശബരിമല മണ്ഡലകാലത്തിന് സമാപ്തിയായി. മണ്ഡലപൂജ കഴിഞ്ഞ് ഭക്തര്‍ മലയിറങ്ങി. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് മണ്ഡലപൂജക്ക് അനുഭവപ്പെട്ടത്. രാവിലെ പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാസംഘത്തിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. പിന്നീട് സന്നിധാനത്തേക്ക് തിരിച്ച ഘോഷയാത്ര ശരംകുത്തിയില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പതിനെട്ടാം പടിക്കു മുകളില്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.വി ഗോവിന്ദന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്ക അങ്കി പേടകത്തെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചത്. ഇതിനുശേഷമായിരുന്നു മണ്ഡലപൂജ.
മണ്ഡലപൂജയ്ക്ക് മുന്നോടിയായി നെയ്യഭിഷേകം 11 മണിക്ക് അവസാനിപ്പിച്ചു. ഇതിന് ശേഷം തന്ത്രി കണ്ഠരര് രാജീവരരുടെ നേത്യത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ കളഭപൂജയും, ശ്രീകോവിലില്‍ കളഭാഭിഷേകവും നടന്നു. മേല്‍ ശാന്തി എന്‍.ദാമോദരന്‍ പോറ്റി തന്ത്രിയില്‍ നിന്ന് ബ്രഹ്മകലശം ഏറ്റുവാങ്ങി ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിലെത്തിച്ച് അയ്യപ്പന് കളഭാഭിഷേകം നടത്തി നിരാഞ്ജനം ഉഴിഞ്ഞു. ഒരു മണിയോടെ തങ്കഅങ്കിചാര്‍ത്തി ദീപാരാധനയും മണ്ഡലപൂജയും പൂര്‍ത്തിയാക്കി ക്ഷേത്ര നടയടച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന് നായര്‍, ഫെസ്റ്റിവല്‍ ചീഫ് കോര്‍ഡിനേറ്റര്‍ കെ ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി പത്തോടെ ഹരിവരാസനം ചൊല്ലി ഭഗവാനെ ധ്യാന നിദ്രയിലാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ശ്രീകോവില്‍ നടയടക്കും. മകരവിളക്ക് ഉല്‍സവത്തിനായി 30ന് വൈകിട്ട് അഞ്ചിനാകും പിന്നീട് നടതുറക്കുക. ഇന്നും വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടില്ല. പമ്പയില്‍നിന്ന് സന്നിധാനത്തേക്കും ഭക്തര്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: