തിരുവനന്തപുരം: അഴിമതി ആരോപണത്തില്‍ മുങ്ങിയ കൊച്ചി ബിനാലെക്കായി വീണ്ടും ഫണ്ട് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ തിരുവനന്തപുരത്ത് കലാകാരന്മാരുടെ കൂട്ടായ്മ. പ്രതിഷേധ സൂചകമായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ‘ബറാബസി’നെ വിട്ടയച്ച കഥാസന്ദര്‍ഭത്തെ ഓര്‍മിപ്പിച്ച് കൊണ്ടാണ് നിരവധി പ്രമുഖരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
കോടികളുടെ അഴിമതി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബിനാലെക്ക് വീണ്ടും പണം നല്‍കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നിതിനിടെയാണ് വീണ്ടും അഞ്ച് ലക്ഷം അനുവദിക്കാനുള്ള നീക്കം നടക്കുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ പരസ്യമായ ഉറപ്പിെന്റ ലംഘനമാണിതെന്ന് കലാകാരന്മാര് ആരോപിച്ചു. കൊച്ചിന് ബിനാലെക്ക് പിന്നിലുള്ള കലാമാഫിയയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
അടിമുടി പരാജയം നേരിട്ട ബിനാലെ ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് വീണ്ടും അഞ്ച് കോടി രൂപ തട്ടിയെടുക്കാനുള്ള തന്ത്രങ്ങളുമായാണ് ബിനാലെ സംഘാടകര്‍ കോടികണക്കിന് രൂപ നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. പൊതുമുതല്‍ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ ശേഷവും ധനസഹായം നല്കാനൊരുങ്ങുന്നതിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് പിന്തുണ നല്‍കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സ്വകാര്യ സ്ഥാപനത്തിനായി പൊതുമുതല്‍ ആവശ്യപ്പെട്ട കേന്ദ്രമന്ത്രിയുടെയും ചില എംഎല്‍എമാരുടെയും നിലപാടുകളും ദുരൂഹമാണ്. അധികാര സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചവരുടെ താല്പര്യങ്ങള്ക്കായി നിയമ സംവിധാനങ്ങളെ അടിയറ വെക്കുന്ന സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും കലാകാരന്മാര് പറഞ്ഞു. ബിനാലെയ്ക്കെതിരെ സര്‍ക്കാര്‍ മുമ്പ് സ്വീകരിച്ച നിയമ നടപടികളും അന്വേഷണവുമായി മുന്നോട്ട് പോകണമെന്നും തുടര്‍ന്നുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ശില്പി കാനായി കുഞ്ഞിരാമന്, ഡോ. അജിത്കുമാര്‍, പ്രഫ. ടെന്‍സിങ് ജോസഫ്, ചന്ദ്രന് ടി വി, ജി സുനില്‍, പ്രഫ. രാജപ്പന്, ചന്ദ്രാനന്ദന്‍, കെ പി തോമസ്, ടി കെ ശ്രീനന്ദന്, ആര് ബിജു, പ്രഫ. പ്രസന്നകുമാര്‍, കെ സി ചിത്രഭാനു, റോബോര്‍ട്ട് ലോപസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: