ന്യൂദല്‍ഹി: ഇന്ത്യ അടുത്തു തന്നെ റഷ്യയില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് 25000 കോടി രൂപയുടെ കരാറൊപ്പിടും. 42 ലധികം സുകോയി – 30 എംകെഐ ഫൈറ്ററുകളും 59 എം ഐ – 17 വി 5 ആയുധം ഘടിപ്പിച്ച ഹെലികോപ്ടറുകളും വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഇതോടെ ആയുധ ഇടപാടുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി റഷ്യയായി മാറും. നിലവില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നത് ഇസ്രയേലാണ്. തൊട്ടു പിന്നിലായി ഫ്രാന്‍സും അമേരിക്കയും സ്ഥാനം പിടിക്കും. പക്ഷേ പ്രതീക്ഷിച്ചു കൊണ്ടിരുന്ന മറ്റൊരു കരാറിന്റെ അന്തമിതീരുമാനം ഉടനുണ്ടാകില്ല. അഞ്ചാം തലമുറയില്‍പ്പെട്ട ഫ്യൂച്ചറിസ്റ്റിക് സ്റ്റീല്‍ത് ഫൈറ്റര്‍ വിമാനങ്ങളുടെ സംയുക്ത നിര്‍മാണം സംബന്ധിച്ച കരാര്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ഒപ്പു വയ്ക്കില്ല. ഈ പദ്ധതി പൂര്‍ണമായും രൂപകല്‍പ്പന ചെയ്യാത്തതാണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു.
ഈ ഗവേഷണവികസനകരാര് 11,000 കോടി യുഎസ് ഡോളര്‍ ചെലവഴിച്ചുള്ളതാണ്. ഇതില്‍ ഇന്ത്യയും റഷ്യയും 5500 കോടി ഡോളര്‍ വീതം നല്‍കും. അഞ്ചാം തലമുറയില്‍പ്പെട്ട ഓരോ ഫൈറ്ററിനും 2022 മുതല്‍ കുറഞ്ഞപക്ഷം 100ദശലക്ഷം ഡോളര്‍ വീതം അധികമായി ചെലവഴിക്കേണ്ടി വരും. ഇത്തരത്തില്‍ 200 എണ്ണം ഉണ്ടാക്കാനാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് ലക്ഷ്യമിടുന്നത്. ഈ ബൃഹദ് പദ്ധതിക്ക് തുടക്കത്തില്‍ 35,000 കോടി ഡോളര്‍ ചെലവഴിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
44,570 ടണ്ണിന്റെ അഡ്മിറല്‍ ഗ്രോഷ്കോവിന്റെ പരിഷ്കരിച്ച രൂപമായ ഐ എന്‍ സ് വിക്രമാദിത്യയുടെ ബാക്കി നല്‍കാനുള്ള 2.330 കോടി ഡോളര്‍ ഉടന്‍ നല്‍കാമെന്നും കരാര്‍ കാലാവധി അവസാനിക്കുന്ന 2013 നവംബറിനു മുമ്പു തന്നെ ഇത് കൈമാറാമെന്നും പുടിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യ ഉറപ്പു നല്‍കും. ഇന്ത്യയുടെ തന്ത്രപ്രധാന ആണവ മുങ്ങിക്കപ്പല്‍ ഐ എന്‍ എസ് ചക്രയുടെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഇതിനിടെ ഉന്നയിക്കാന്‍ പ്രതിരോധവകുപ്പ് ആലോചിച്ചിരുന്നു. ഇത് റഷ്യയില്‍ നിന്നും 1000 കോടി ഡോളറിന് പത്തുവര്‍ഷത്തേക്ക് പാട്ടത്തിനെടുത്തതായിരുന്നു. ഇത് മുമ്പ് അകുലാ-2 എന്ന മുങ്ങിക്കപ്പലായിരുന്നു. എന്നാല്‍ പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് മോസ്കോയില്‍ നിന്നും ഉറപ്പുലഭിച്ചതിനാല്‍ ആ നടപടി വേണ്ടെന്നു വെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: