കൊച്ചി: ടെലികോം മേഖലയുടെ കുതിപ്പ് ഇന്ത്യയ്ക്ക് കോടികളുടെ വരുമാനമുണ്ടാക്കുന്നു. പ്രതിവര്‍ഷം ശരാശരി 12-18 ശതമാനം വരെ വളര്‍ച്ച നേടുന്ന ടെലികോം മേഖലയുടെ വിപണന സാധ്യതയില്‍ ഇന്ത്യയ്ക്ക് ഇനിയും സാധ്യതകള്‍ ഏറെയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മൊബെയില്‍ സേവനദാതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന വിസ്മയ വിപണിയായാണ് ടെലികോം മേഖലയെ വിവിധ കേന്ദ്രങ്ങള്‍ കണക്കാക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ടെലികോം വ്യവസായ മേഖലയുടെ വളര്‍ച്ച മൂന്നിരട്ടിയായി വളര്‍ന്നു കഴിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2ജിയ്ക്കും 3ജിയ്ക്കുംപിന്നാലെ 1800 മെഗാവാട്സ് ബാന്റില്‍ 4 ജിയും കടന്നെത്തുവാനൊരുങ്ങുന്ന ഇന്ത്യയുടെ ടെലികോം മേഖലയ്ക്ക് ഇനിയും 57271 വില്ലേജുകളില്‍ എത്തിപ്പെട്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അത്യാധുനിക സംവിധാനമായ മൊബെയില്‍ സേവനമോ പഴയകാല സംവിധാനമായ ലാന്റ്ലൈന് ഫോണുകളോ എത്താത്ത വില്ലേജുകളാണിവയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒറീസയില്‍ 6734 ഗ്രാമങ്ങളും ഛത്തീസ്ഗഢില്‍ 5460 ഗ്രാമങ്ങളും മഹാരാഷ്ട്രയില്‍ 5394 ഗ്രാമങ്ങളും ജാര്‍ഖണ്ഡില്‍ 5308 ഉം യുപിയില്‍ 5013 ഉം രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു ഗ്രാമവും ടെലികോം സംവിധാനമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളുടെ പട്ടികയിലുണ്ട്. കേരളമാണ് സമ്പൂര്‍ണ ടെലികോം സംവിധാന ഗ്രാമങ്ങളുടെ പട്ടികയിലുള്ള സംസ്ഥാനമെന്നത് മലയാളിക്ക് അഭിമാനമായും മാറുകയാണ്. ടെലികോം സംവിധാന ഗ്രാമങ്ങളില്‍ 13438 ഗ്രാമങ്ങളില്‍ മൊബെയില്‍ ഫോണ്‍ സേവന സംവിധാനം ഇനിയും കടന്നെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ആന്ധ്രയാണ് മുന്നില്‍.
ടെലികോം സംവിധാനത്തില്‍ മൊബെയില്‍ ഫോണ്‍ സേവനമടക്കമുള്ളവയിലൂടെ രാജ്യത്ത് 1,62,918.90 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. ഇതില്‍ 78 ശതമാനവും സ്വകാര്യ മൊബെയില്‍ സേവനദാതാക്കളുടെതാണെന്നത് സ്വകാര്യ മേഖല നേടുന്ന സാമ്പത്തിക നേട്ടം വ്യക്തമാക്കുന്നതാണ്. 1,29,289.33 കോടി രൂപ സ്വകാര്യ മേഖലയും 33,629.57 കോടി രൂപ പൊതുമേഖലയില്‍ നിന്നുമാണ് വരുമാനമായെത്തുന്നത്. 2005 ല്‍ പൊതുമേഖല ടെലികോം കമ്പനിയുടെ വരുമാന വിഹിതം 53 ശതമാനവും സ്വകാര്യ മേഖലയുടേത് 47 ശതമാനവുമായിരുന്നു. 2011 ലിത് 13.7 ശതമാനവും 86.3 ശതമാനവുമായി വര്‍ധിക്കുകയാണ് ചെയ്തത്. 2005-06 സാമ്പത്തിക വര്‍ഷം 87,646.59 കോടി രൂപയായിരുന്നു ടെലികോം മേഖലയിലെ വരുമാനം. 2006-07 ലിത് 1,02,484 കോടി രൂപയായും 2007-08 ലിത് 1,24,655 കോടി രൂപയായും 2008-09 ലിത് 1,50,160 കോടി രൂപയായും 2009-10 ലിത് 1,47,577 കോടി രൂപയായും 2010-11 ലിത് 1,62,918.90 കോടി രൂപയായുമാണ് വര്‍ധിച്ചത്. 2005 ല്‍ 98.41 ദശലക്ഷം ടെലികോം (ലാന്റ്ലൈന്-മൊബെയില്‍) വരിക്കാരുണ്ടായിരുന്ന ഇന്ത്യയില്‍ 2011 ലിത് 951.34 ദശലക്ഷമായി (95കോടി) കുതിച്ചുയരുകയാണ് ചെയ്തത്. ഇതില്‍ 90കോടിയും മൊബെയില്‍ വരിക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് 20 സര്‍ക്കിളുകളിലായി പ്രവര്‍ത്തിക്കുന്ന ടെലികോം സേവന മേഖലയില്‍ ആശയവിനിമയ സംവിധാനത്തോടൊപ്പം ഇതര സേവന മേഖലയും കൂടി കടന്നെത്തിയതോടെയാണ് വന്‍ വികസനവും വിപണി സാധ്യതയുമുണ്ടായതെന്നാണ് സേവനദാതാക്കള്‍ പറയുന്നത്. സന്ദേശ കൈമാറ്റം മുതല്‍ ബാങ്കിംഗ് മേഖലയും സാമ്പത്തിക ഇടപാടുകളും രഹസ്യങ്ങളും വരെ കൈമാറ്റം ചെയ്യുന്ന മേഖലയായി ടെലികോം മൊബെയില്‍ സേവന മേഖല വളര്‍ന്നു കഴിഞ്ഞത് ജനകീയാവേശവും സൃഷ്ടിക്കുകയാണ്. ലോകത്ത് ടെലികോം വളര്‍ച്ച നേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം നിരയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിവര്‍ഷം മൊബെയില്‍ ഫോണ്‍ വിപണിയുടെ വളര്‍ച്ചയില്‍ ചൈനയുടെ മുന്നേറ്റം കുതിപ്പിന് സമാന്തരമായാണ് ഇന്ത്യയും വളര്‍ച്ച കൈവരിക്കുന്നത്. അത്യാധുനിക ആശയവിനിമയ സംവിധാനമെന്നതിലുപരി മൊബെയില്‍ സേവനം ജീവിതത്തിന്റെ ഭാഗമായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്ന് വിവിധ കേന്ദ്രങ്ങളിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു കഴിഞ്ഞു.
പുതുവര്‍ഷത്തില്‍ മൊബെയില്‍ സേവന കോള്‍ തലത്തില്‍ ഇന്ത്യയെ ഒന്നായി കണ്ടുകൊണ്ടുളള റോമിങ് മാറ്റം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തിയത്. എന്നാല്‍ ഇതിന്റെ മറവില്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധനയ്ക്ക് നടത്തുന്ന ശ്രമങ്ങളെ ട്രായ് കണ്ടില്ലെന്ന് നടിക്കുന്നതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. റോമിങ് ഒഴിവാക്കുന്നതിലൂടെ പത്ത് ശതമാനം വരുമാന നഷ്ടമുണ്ടാകുന്ന മൊബെയില്‍ സേവനദാതാക്കള്‍ ഇതിന്റെ മറവില്‍ കോള്‍ നിരക്കില്‍ 8-15 ശതമാനം വരെ നിരക്ക് വര്‍ധനവിനാണ് ശ്രമം നടത്തുന്നത്. നിലവിലെ വരിക്കാരില്‍ എട്ട് ശതമാനം പേര്‍ക്ക് മാത്രമേ റോമിങ് ഒഴിവാക്കല്‍ ഗുണം ചെയ്യുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. നിരക്ക് വര്‍ധനയ്ക്ക് ട്രായ് അംഗീകാരം നല്‍കുന്നത് 90 ശതമാനത്തിലേറെ മൊബെയില്‍ വരിക്കാര്‍ക്ക് ഇരുട്ടടിയായി മാറുകയും ചെയ്യും. ഇത് കോര്‍പ്പറേറ്റ്-വിദേശ പങ്കാളിത്ത മൊബെയില്‍ കമ്പനികള്‍ക്ക് വന്‍ വരുമാന നേട്ടമാണുണ്ടാക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു.
ടെലികോം മേഖലയില്‍ 2 ജി സ്പെക്ട്രം അഴിമതി ലക്ഷക്കണക്കിന് രൂപയായി ഉയര്‍ന്നത് വിവാദമായപ്പോള്‍ ടെലികോം-മൊബെയില്‍ സേവനദാതാക്കള്‍ നേടിയ വന്‍ സാമ്പത്തിക നേട്ടം രാജ്യത്തെ ജനങ്ങളില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
- എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: