ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ വീരശൈവ കുടുംബങ്ങള്‍ക്ക് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ക്ഷേത്രഭരണസമിതി നീക്കം നടത്തുന്നതായി ആള് ഇന്ത്യാ വീരശൈവമഹാസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പള്ളിയുണര്‍ത്ത്, ദീപാരാധന, എട്ടുകണ്ടം ഉരുളിച്ച, കര്‍പ്പൂരാരാധന, വെടിവഴിപാട്, നന്ദികേശ ഋഷഭവന്ദനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ പ്ര ദേശത്തെ വീരശൈവ കുടുംബങ്ങളാണ് നൂറ്റാണ്ടുകളായി ചെയ്തുവരുന്നത്. ഭക്തര്‍ നല്കുന്ന ദക്ഷിണമാത്രമാണ് ഇവരുടെ വരുമാനമാര്‍ഗം. ക്ഷേത്രഭരണസമിതിയില്‍ നിന്ന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ പ്രതിഫലം പറ്റാതെയാണ് ആചാരങ്ങള്‍ അ നുഷ്ഠിച്ചു വരുന്നത്. ചരിത്രപരമായി ലഭിച്ച അവകാശത്തില്‍ നിന്നാണ് ഇപ്പോള്‍ വീരശൈവ കുടുംബങ്ങളെ പടിയിറക്കാനുള്ള നീക്കം നടക്കുന്നത്.
ക്ഷേത്രസ്ഥാനികളും ഭരണസമിതിയും തമ്മില്‍ കാണിക്കയുടെ വിഹിതത്തെച്ചൊല്ലി കേസ് നിലവിലുണ്ട്. കാണിക്കയുടെ പകുതിവീതം ഭരണസമിതിക്കും സ്ഥാനികള്‍ക്കും എന്ന വ്യവസ്ഥയ്ക്കെതിരെയാണ് സ്ഥാനികള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2010 നവംബറില്‍ ഹൈക്കോടതി കാണിക്കവഞ്ചി എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു കമ്മീഷനെ നിയമിച്ചു. വീരശൈവരുടെ ഭസ്മത്തട്ടങ്ങളില് വീഴുന്ന നാണയതുട്ടുകളും കാണിക്കയാണെന്ന് വ്യാഖ്യാനിച്ച് കമ്മീഷനും ഭരണസമിതിയും വീരശൈവര്‍ നടത്തിവരുന്ന ആചാരങ്ങളില്‍ നിന്നും വിലക്കുകയാണ്.
കര്‍പ്പൂരദീപം കമ്മീഷന് തല്ലിക്കെടുത്തുകയും ആള്‍രൂപ വഴിപാട് എടുത്തെറിയുകയും ചെയ്തു. പോലീസിന് നിര്‍ദേശം നല്കി വീരശൈവരെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഭഗവാന്റെ ഇഷ്ടവഴിപാടുകളായ എട്ടുകണ്ടം ഉരുളിച്ച, പള്ളിയുണര്‍ത്ത്, ദീപാരാധന എന്നിവ നിര്‍ത്തിവച്ച് ക്ഷേത്ര വീരശൈവര്‍ പ്രതികരിച്ചിരുന്നു.
ക്ഷേത്രനടയിലെ കാണിക്കഎണ്ണി തിട്ടപ്പെടുത്തി ഭരണസമിതിയുടെ കൊള്ളയടി നിര്‍ത്തലാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനും ഭരണസമിതിയും ഒത്തുചേര്‍ന്ന് വിശ്വാസികളായ വീരശൈവരെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഓച്ചിറയില്‍ കൂടിയ വീരശൈവനേതാക്കളുടെ യോഗം മുന്നറിയിപ്പ് നല്കി. ഇന്ന് വൈകിട്ട് മൂന്നിന് ഓച്ചിറയിലെ അഞ്ച് വീരശൈവ യൂണിറ്റുകളും ആലപ്പുഴ, കൊല്ലംജില്ലാ ഭാരവാഹികളും സംയുക്തമായി യോഗം ചേര്‍ന്ന് ക്ഷേത്ര അവകാശ സംരക്ഷണ സമിതിക്ക് രൂപം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: