അഹമ്മദാബാദ്: ജനുവരിയില്‍ ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വ്യവസായ ലോകത്തെ പ്രമുഖര്‍ എത്തും. നരേന്ദ്ര മോദി മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യ പൊതുപരിപാടി എന്ന പ്രത്യേകതയും വൈബ്രന്റ്ഗുജറാത്ത് 2013 എന്ന് പേരിട്ടിരിക്കുന്ന ഈ നിക്ഷേപക സംഗമത്തിനുണ്ട്. രത്തന്‍ ടാറ്റ, മുകേഷ് അംബാനി, അനില്‍ അംബാനി, സഹാറ ഇന്ത്യ ചെയര്മാന് സുബ്രത റോയ്, എസ്സാര്‍ ഗ്രൂപ്പിന്റെ ശഷി റൂയിയ, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി, വേദാന്ത മേധാവി അനില്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013 ജനുവരി 11 മുതല്‍ 13 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുക.
ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിക്ഷേപക ഉച്ചകോടിയായിരിക്കും വൈബ്രന്റ് ഗുജറാത്ത് 2013 എന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. നരേന്ദ്രമോദി ഉയര്‍ന്ന പരിഗണന നല്കുന്ന പരിപാടികളിലൊന്നാണിതെന്ന് മുതിര്‍ന്ന ഗവണ്മെന്റ് അധികൃതരും പറയുന്നു. ഉച്ചകോടിയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ മോദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ബ്യൂറോ അധികൃതര്‍, നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള നോഡല്‍ ഏജന്‍സി അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെ ട്ട ശേഷം മോദിയുടെ ആദ്യ ഉദ്യമം.
ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവറിന്റെ ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ നവീന്‍ ജിന്‍ഡാല്‍, ഫ്രഞ്ച് ഇന്‍ഡസ്ട്രിയല്‍ കമ്പനിയായ ലഫാര്ജിന്റെ സിഇഒ മാര്ട്ടിന് ക്രെയ്ഗ്നര്, ജിഎംആര്‍ ഗ്രൂപ്പ് മേധാവി ജി.എം. റാവു തുടങ്ങിയവരും വൈബ്രന്റ് ഗുജറാത്ത് 2013 ല്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
തൊട്ട് മുമ്പ് നടന്ന നിക്ഷേപക സംഗമവും വന്‍ വിജയമായിരുന്നു. വ്യാവസായിക പ്രമുഖരില്‍ നിന്നും നിര്‍ലോഭമായ പ്രശംസയാണ് മോദിയ്ക്കന്ന് ലഭിച്ചത്. വൈബ്രന്റ് ഗുജറാത്ത് 2013 നിക്ഷേപകര്‍ക്ക് മുന്നില്‍ വന്‍ സാധ്യതയാണ് തുറന്ന് നല്‍കുകയെന്ന് വ്യവസായ-ഖനി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മഹേശ്വര് സാഹു അഭിപ്രായപ്പെട്ടു. 2011 ല്‍ നടന്ന നിക്ഷേപക സംഗമത്തില്‍ 101 രാജ്യങ്ങളില്‍ നിന്നായി 1,400 പേരും 35,000 ഇന്ത്യക്കാരുമാണ് പങ്കെടുത്തത്. 20,83,000 കോടി രൂപ മൂല്യം മതിക്കുന്ന 8,300 ധാരാണാപത്രത്തിലാണ് അന്ന് ഒപ്പുവച്ചത്.
ഇതാദ്യമായി യൂണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും യുകെ, ജപ്പാന്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും വൈബ്രന്റ് ഗുജറാത്ത് 2013 സ്പോണ്സര് ചെയ്യും. മുംബൈ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ പീറ്റര്‍ ഹാസ്, ഐസ്ലാന്റ്, ബ്രൂണി, അര്‍ജന്റീന, കോസ്റ്റ റിക്ക, ക്യൂബ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗുജറാത്തിനെ ഗ്ലോബല്‍ ബിസിനസ് ഹബ് ആക്കി മാറ്റുകയാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: