മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രത്യേക ക്ഷണപ്രകാരം ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ചരിത്രകാരന് എന്ന നിലയില്‍ ഇക്കാര്യം വ്യക്തമാക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. യോഗത്തില്‍ പങ്കെടുത്ത പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട് നടത്തിയത് വ്യാജ പ്രസ്താവനയാണ്. കേരള സര്‍ക്കാരിന്റെ പേരില്‍ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന് ഉന്നയിച്ച ‘തെളിവുകള്‍’ അടിസ്ഥാനരഹിതമായിരുന്നു.
യോഗത്തിലുള്ള ഉന്നതരായ ഭാഷാ ശാസ്ത്രജ്ഞന്മാര് നടുവട്ടത്തിന്റെ വാദങ്ങള്‍ അശാസ്ത്രീയം എന്ന് കണ്ട് തള്ളിക്കളയുകയാണുണ്ടായത്. അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെയാണ് ആ ഭാഷാ ശാസ്ത്രജ്ഞന്മാര് ദല്‍ഹിയില്‍ നിന്നും ഒറീസ്സയില്‍ നിന്നും മറ്റുമുള്ളവര്‍, നടുവട്ടത്തിന്റെ വാദങ്ങള്‍ നിരസിച്ചത്.
സംഘകാല സാഹിത്യകൃതികളെ ആധാരമാക്കിയാണ് ആ ശാസ്ത്രജ്ഞന്മാര് തമിഴിന് മുന്‍പുതന്നെ ശ്രേഷ്ഠഭാഷാപദവി നല്‍കിയിരുന്നത്. സംഘകൃതികള്‍ തമിഴ് ഭാഷയുടെ സ്വത്തായി അവര്‍ അംഗീകരിച്ചിരുന്നു. പ്രൊഫ. ഗോപാലകൃഷ്ണനും അതംഗീകരിച്ചു. എങ്കിലും സംഘംകൃതികളില്‍ ചിലേടത്ത് മലയാള ഭാഷയുടെ ആദിരൂപങ്ങള്‍ പ്രകടമാണെന്നാണ് അദ്ദേഹം വാദിച്ചത്. അതുകൊണ്ട് അക്കാലത്തുതന്നെ ഒരു സ്വതന്ത്ര ഭാഷ എന്ന നിലയില്‍ മലയാളം ഉണ്ടായതായി അനുമാനിക്കാമെന്നും പറഞ്ഞു.ഇത് ഭാഷാ ശാസ്ത്രസിദ്ധാന്തങ്ങള്ക്കെല്ലാം എതിരാണെന്ന് മറ്റു ശാസ്ത്രജ്ഞന്മാര് പ്രസ്താവിച്ചു. ഒരു ഭാഷയിലെ കൃതികളില്‍ ചിലേടത്ത് സംസാരഭാഷാ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ അത് മറ്റൊരു ഭാഷയുടെ സ്വതന്ത്രമായ അസ്തിത്വം സ്ഥാപിക്കാന്‍ പ്രാപ്തമല്ലെന്നാണ് സാഹിത്യഅക്കാദമി പണ്ഡിതന്മാര് പറഞ്ഞത്. അതുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞത്. എടക്കല്‍ ഗുഹാലിഖിതങ്ങളിലും പട്ടണം ലിഖിതങ്ങളിലും മറ്റും ഇതേ പോലെ മലയാള ഭാഷാ രൂപങ്ങള്‍ ഉണ്ടെന്ന വാദവും ആരും അംഗീകരിച്ചില്ല. പുരാലിഖിതങ്ങളെപ്പറ്റി ഗോപാലകൃഷ്ണന്റെ പൂര്‍ണമായ അജ്ഞതയാണ് അവിടെ പ്രകടമായത്. ഭാഷാശാസ്ത്രവും അദ്ദേഹത്തിന് വേണ്ട വിധത്തില്‍ മനസ്സിലായില്ലെന്ന് അവിടെ തെളിയിക്കപ്പെട്ടു. കേരളത്തിന്റെ അവകാശവാദം തള്ളപ്പെടുമെന്ന ഘട്ടത്തിലായി. അപ്പോഴാണ് മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ കെ.ജയകുമാര്‍, ഡോക്ടര്‍ ശ്രീനാഥെന്ന മറ്റൊരു ഭാഷാ പണ്ഡിതന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് സംഘകാലസാഹിത്യകൃതികളില് തമിഴിനും മലയാളത്തിനും ഒരു പോലെ പങ്കാളിത്തമുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
ഈ ഘട്ടത്തിലാണ് അക്കാദമിയുടെ പ്രത്യേക ക്ഷണപ്രകാരം ഭാഷയുടെ ചരിത്രം വ്യക്തമാക്കുവാന്‍ നിയോഗിക്കപ്പെട്ട എന്റെ ഊഴം വന്നത്. സംഘസാഹിത്യകൃതികളുടെ ഭാഷ തമിഴാണെന്ന് ഇതുവരെ പ്രസിദ്ധീകൃതമായ പണ്ഡിതാഭിപ്രായത്തെ ഞാന്‍ ചോദ്യം ചെയ്തു. മദിരാശി, അണ്ണാമല തുടങ്ങിയ സര്‍വ്വകലാശാലകളിലുള്ള തമിഴ് പണ്ഡിതന്മാരാണ് അടുത്ത കാലം വരെ സംഘസാഹിത്യകൃതികള്‍ അന്വേഷിച്ചുപോന്നത്. ആ കൃതികള്‍ തമിഴ് ഭാഷയില്‍ എഴുതപ്പെട്ടതാണ് എന്ന പക്ഷപാതപരമായ മുന്‍വിധി അങ്ങനെ അക്കാദമികലോകത്തില്‍ പ്രചരിക്കപ്പെട്ടു. കഴിഞ്ഞ തലമുറയില്‍ പ്രൊഫ. ഇളംകുളമാണ് മലയാള വിദ്വാന്മാരുടെ കൂട്ടത്തില്‍ ആദ്യമായി സംഘകാല കൃതികള്‍ വിസ്തരിച്ചു പഠിച്ചത്. ഇന്നത്തെ തമിഴര്‍ക്കോ, ഇന്നത്തെ മലയാളികള്‍ക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട് ആഭാഷ തമിഴോ മലയാളമോ അല്ല എന്നും പൂര്‍വ്വ ദ്രാവിഡഭാഷയാണെന്നും അദ്ദേഹം സ്ഥാപിച്ചു. സംഘസാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങള്‍ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികള്‍ (ചേരന്മാര്,ഏഴിമലയിലെ മൂവന്‍മാര്‍, വിഴിഞ്ഞത്തെ ആയന്മാര്), കവികള്‍, സംഭവങ്ങള്‍ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം എടുത്തു കാണിച്ചു.
നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ അധികവും മലയാളത്തിലായതിനാല്‍ പുറത്തറിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹത്തെ പിന്തുടര്ന്ന് ഞാനാണ് സംഘസാഹിത്യഭാഷ തമിഴോ മലയാളമോ അല്ല എന്നും പൂര്വ്വദ്രാവിഡമാണെന്നും ഗവേഷണ പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയത്. ഈ സ്ഥിതിയില്‍ സംഘസാഹിത്യകൃതികളെ ആധാരമാക്കി തമിഴിന്റെ പഴക്കം നിര്‍ണ്ണയിക്കാമെങ്കില്‍ മലയാളത്തിനും അത് ബാധകമാക്കണമെന്ന് കെ. ജയകുമാറിനേയും ഡോ. ശ്രീനാഥിനേയും പിന്തുടര്ന്ന് ഞാന്‍ വാദിച്ചു. ഭാഷാശാസ്ത്രപരമായും ലിഖിതശാസ്ത്രപരമായും ഉള്ള ഡോ. ഗോപാലകൃഷ്ണന്റെ അശാസ്ത്രീയമായ നിലപാടുകളെ തള്ളിക്കളഞ്ഞ വിദഗ്ധസമിതി ഞങ്ങളുടെ വാദം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചത്.
അവിടെ നടന്ന ചര്‍ച്ചകളെപ്പറ്റി അംഗങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും ജയകുമാറിനെ മാത്രം വക്താവായി സ്വീകരിക്കണമെന്നുമാണ് ഞങ്ങള്‍ ഒന്നിച്ചുകൂടി നിശ്ചയിച്ചത്. ആ നിശ്ചയത്തെ മറികടന്നുകൊണ്ട് പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന് ചില പത്രങ്ങള്‍ക്ക് നല്കിയ തെറ്റായ അവകാശവാദമാണ് വാര്‍ത്തകളായി പ്രസിദ്ധീകരിക്കാനിടവന്നത്. കേരള സര്‍ക്കാരും പൊതുജനങ്ങളും സത്യസന്ധരായ ഗവേഷകരും ഇതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതുണ്ടായില്ലെങ്കില്‍ കേരളത്തിലെ ചിലരുടെ വികലമായ ഭാഷാചരിത്രഗവേഷണത്തെ കേരള സര്‍ക്കാര്‍ പോലും ഇനിയും പ്രോത്സാഹിപ്പിക്കാനിടവരും.
>> ഡോ.എം.ജി.എസ്. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: