ന്യൂദല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം നേടിയതോടെ അടിയേറ്റത് അമേരിക്കന്‍ ഭരണകൂടത്തിനും. മോദിക്ക് തുടര്‍ച്ചയായി വിസ നിഷേധിച്ചുകൊണ്ടിരിക്കുന്ന യുഎസ് ഭരണകൂടത്തിന് ഗുജറാത്തി ജനത ഉചിതമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. മോദിക്കെതിരായ വിലക്കില്‍ ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ ഇളവ് വരുത്തിയിട്ടും അമേരിക്ക നിഷേധാത്മക നയമാണ് സ്വീകരിക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിസ പ്രശ്നം ബോധപൂര്‍വം കുത്തിപ്പൊക്കി മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ യുഎസ് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ ശ്രമിക്കുകയുണ്ടായി. മോദിക്കുള്ള വിസ നിരോധനം തുടരാന്‍ ഈ മാസം ആദ്യം അമേരിക്കന്‍ ഹൗസ് ഓഫ് റെപറസന്റേറ്റിവിലെ 25 മെമ്പര്‍മാര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മോദി വിസക്ക് അപേക്ഷിച്ചിരുന്നില്ല.
മോദിക്കുള്ള നിരോധനം ബ്രിട്ടണ് നേരത്തെ എടുത്തുമാറ്റിയിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ മോദിയുമായുള്ള ചര്‍ച്ചയ്ക്ക് അയക്കുമെന്നും ബ്രിട്ടണ് ഒക്ടോബറില്‍ അറിയിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വ്യാവസായിക തലസ്ഥാനമായി ഗുജറാത്ത് മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. കൂടാതെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന അടക്കം പറച്ചിലും ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മോദിയുടെ ഹാട്രിക് വിജയം പ്രവചിച്ച എക്സിറ്റ് പോളുകളും ഇതിനു കാരണമായി.
ഗുജറാത്തില്‍ മോദിയുടെ ഹാട്രിക് വിജയം അമേരിക്ക നേരത്തെ അറിഞ്ഞിരുന്നു. മോദിയുടെ കാല്‍വെപ്പുകള്‍ അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിസ നിഷേധിക്കാനുള്ള തീരുമാനം അമേരിക്ക പുന:പരിശോധിക്കുമെന്നു വേണം കരുതാന്‍. ഇപ്പോള്‍ ഇന്ത്യയുമായി വന്‍ വ്യാവസായിക ബന്ധം പുലര്‍ത്തുന്ന അമേരിക്കയ്ക്ക് നാളെയും അതു തുടരണമെന്ന ആഗ്രഹമുണ്ട്.
>> സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: