ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മുന്‍അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്കെതിരെ കുറ്റം ചുമത്താന്‍ കോടതി അനുമതി. ദല്‍ഹിയിലെ പ്രത്യേകകോടതിയാണ് അനുമതി നല്‍കിയത്. അഴിമതിനിരോധനനിയമപ്രകാരം തട്ടിപ്പ്, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് കല്‍മാഡി ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേകകോടതി ജഡ്ജി തല്വന്ത്സിംഗാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോമണ്‍വെല്‍ത്ത് സംഘാടകസമിതി ചെയര്‍മാനായിരുന്ന കല്‍മാഡി, മുന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് എന്നിവരടക്കം പത്ത് പേര്‍ക്കെതിരെ കുറ്റം ചുമത്താനാണ് കോടതി ഉത്തരവ്.
ഗെയിംസുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ കല്‍മാഡി അനധികൃതമായി സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയെന്നും ഇതുവഴി സര്‍ക്കാരിന് 90 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. കുറഞ്ഞ നിരക്കില്‍ കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായ സ്പാനിഷ് കമ്പനിയെ തള്ളിയാണ് കല്‍മാഡിയും കൂട്ടരും സ്വിസ് കമ്പനിയായ സ്വിസ് ടൈമിംഗ് ഒമേഗയ്ക്ക് കരാര്‍ ഉറപ്പിച്ചതെന്നും സിബിഐ ആരോപിക്കുന്നു.
സ്വിസ് ടൈമിംഗ് ഒമേഗയ്ക്ക് കരാര്‍ നല്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് തന്നെ സംഘാടകസമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി പ്രഖ്യാപിച്ചിരുന്നു. സംഘാടകസമിതിയുടെ യോഗങ്ങളില്‍ ഒമേഗപ്രതിനിധികള് പങ്കെടുത്തിരുന്നതായും സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ സിബിഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സുരേഷ് കല്‍മാഡി നിഷേധിച്ചിരിക്കുകയാണ്. കല്മാഡിയെക്കൂടാതെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഡയറക്ടര്‍ ജനറല്‍മാരായ ടി.കെ.വര്‍മ, സുര്‍ജിത് ലാല്‍, ജോയിന്റ് ഡയറക്ടര്‍ ജനറല്‍ എ.എസ്.വി. പ്രസാദ്, ട്രഷറര്‍ എം.പ്രസാദ് എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: