തുടര്‍ച്ചയായ വിജയം ഒരാളെ സ്വാഭാവികമായും അഹങ്കാരിയാക്കുമെന്നാണ് സ്വതവേയുള്ള ധാരണ. അതൊക്കെ തെറ്റിദ്ധാരയാവുകയാണ് നരേന്ദ്രമോഡിയുടെ മുന്നില്‍. തുടര്‍ച്ചയായി മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തുമ്പോള്‍ സ്വാഭാവികമായും അഭിമാനിക്കാം. പക്ഷേ അത് അഹങ്കാരമായി മാറാതിരിക്കാന്‍ ശ്രദ്ധിച്ചു മുന്നോട്ടുപോകുന്ന നേതാവായി നരേന്ദ്രമോഡിയെ കാണാവുന്നതാണ്. ഗുജറാത്തിലെ അത്ഭുതാവഹമായ വിജയത്തിനുശേഷം ജനങ്ങളെ അഭിമുഖീകരിക്കവെ വെല്ലുവിളിയല്ല വിനയമാണ് അദ്ദേഹത്തില്‍ നിന്നും ഒഴുകിയത്. ‘പിന്നിട്ട കാലയളവില്‍ എനിക്കെന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗുജറാത്തിലെ ആറുകോടി ജനത പൊറുക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുവഴി ഒരിഞ്ചുപോലും അദ്ദേഹം ചെറുതായില്ല. മറിച്ച് മോഡിയോടുള്ള മതിപ്പ് പതിന്മടങ്ങ് കൂട്ടുകയും ചെയ്തിരിക്കുന്നു. വിജയദിനത്തില്‍ മോഡി ഗുജറാത്തിയിലല്ല ഹിന്ദിയിലാണ് സംസാരിച്ചതെന്ന് കണ്ടെത്തി വിമര്‍ശിക്കാന്‍ പോലും ചിലര്‍ രംഗത്തു വന്നിരിക്കുന്നു. നോക്കണേ ഇക്കൂട്ടരുടെ ദുഷ്ട ലാക്ക്.
ഗുജറാത്തി ഭാഷ വശമില്ലാത്ത നൂറുകണക്കിന് വാര്‍ത്താമാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കാന്‍ ഹിന്ദിയ അവലംബിച്ചത് അപരാധമായി കാണുന്നവരെ എങ്ങിനെ വിലയിരുത്തണമെന്നറിയില്ല. പത്തുവര്‍ഷത്തിലധികമായി മോഡിയെ പിന്തുടര്ന്ന് വേട്ടയാടുകയാണ് ഒട്ടുമിക്ക മാധ്യമങ്ങളും. അപ്പോഴെല്ലാം സത്യം ഒരുനാള്‍ തെളിയുമെന്ന് ഉറച്ചു വിശ്വസിച്ച് ഇച്ഛാശക്തിയോടെ അദ്ദേഹം ചുവടുവയ്ക്കുകയായിരുന്നു. അത് ഗുജറാത്തിനെ ഔന്നിത്യത്തിലേക്ക് ഉയര്‍ത്താനായിരുന്നു. വികസന കാര്യത്തില്‍, ക്രമസമാധാന പ്രശ്നത്തില്‍ മികച്ച സംസ്ഥാനമായി ഇന്ന് ഗുജറാത്ത് മാറിയെങ്കില്‍ അതിന്റെ പിന്നിലെ ബുദ്ധിയും ശക്തിയും ബിജെപി നേതാവായ മോഡിക്ക് സ്വന്തമാണ്. ശ്രദ്ധയോടെയുള്ള നീക്കത്തിന്റെ പ്രതിഫലനമാണ് മൂന്നാമൂഴത്തിലും മികച്ച വിജയത്തിലേക്ക് ഗുജറാത്തില്‍ ബിജെപിയെ എത്തിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
നരേന്ദ്രമോഡി തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്നത് മൂന്നാമതാണെങ്കിലും ഗുജറാത്തില്‍ ബിജെപിയുടെ അഞ്ചാം കുതിപ്പാണിത്. ബിജെപിക്കു തുടര്‍ച്ചയായ അഞ്ചാം തെരഞ്ഞെടുപ്പു വിജയം സമ്മാനിച്ചാണ് നരേന്ദ്ര മോഡി നാലാമതും മുഖ്യമന്ത്രിയാകുന്നത്. ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം പേര് വോട്ടെടുപ്പില്‍ പങ്കാളിയായത് മോഡിക്കു തിരിച്ചടിയാവുമെന്ന് ഒരു വിഭാഗം കണക്കുകൂട്ടിയിരുന്നു. 70 ശതമാനമായിരുന്നു പോളിങ്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വന്‍ ഭൂരിപക്ഷങ്ങള്‍ ഇത്തരം കണക്കു കൂട്ടലുകള്‍ വെറുതെയാണെന്ന് വ്യക്തമായി. 1977 ല്‍ അടിന്തരാവസ്ഥയ്ക്കു ശേഷം ബംഗാളും ത്രിപുരയും കഴിഞ്ഞാല്‍ ഒരു കക്ഷി തുടര്‍ച്ചയായി ഇത്രകാലം അധികാരത്തിലേക്ക് എത്തുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റുന്ന മറ്റൊരു സംസ്ഥാനം കൂടിയായി ഇതോടെ ഗുജറാത്ത്. 1990 നു ശേഷം ഒരിക്കല്‍ പോലും കോണ്‍ഗ്രസിനു അധികാരം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്നാട്, ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഒഴിവാക്കിയ വന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് ബിജെപി ഗുജറാത്തിനെയും എത്തിച്ചത്. കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ഇത്തവണ മോഡിയും ബിജെപിയും വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ ശക്തമായ പ്രചാരണങ്ങള്‍ക്ക് നേരിയ പ്രതിഫലനം ഉണ്ടായി എന്നാണ് ഫലങ്ങള്‍ നല്കുന്ന സൂചന. ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് ഒറ്റ അക്കത്തില്‍ ഒതുങ്ങിയേനെ. ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ച കേശുഭായ് പട്ടേലിനു കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സൗരാഷ്ട്രയില്‍ കോണ്‍ഗ്രിസിനു കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കേശുഭായിയുടെ സാന്നിധ്യം സഹായമാകുമെന്ന് പ്രതീക്ഷിച്ചു.
അതേസമയം, മോഡിയെ നേരിടാന്‍ കോണ്‍ഗ്രസ് ശ്വേത ഭട്ടിനെയും കേശുഭായിയുടെ പാര്‍ട്ടി ജാഗ്രതി പാണ്ഡ്യെയെയും രംഗത്തിറക്കിയതിനു കാര്യമായ പ്രതികരണമുണ്ടായില്ല. 1995 ലാണ് ബിജെപി ആദ്യമായി ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. കേശുഭായ് പട്ടേലായിരുന്നു ബിജെപിയുടെ താരവും മുഖ്യമന്ത്രിയും. 1998 ലും 2002 ലും 2007 ലും ബിജെപി വിജയം ആവര്‍ത്തിച്ചു. 1995 ല്‍ ഉജ്വല വിജയമായണ് ബിജെപിക്കു ഗുജറാത്ത് സമ്മാനിച്ചത്. 182 ല്‍ 121 സീറ്റ്. 42.3 ശതമാനം വോട്ടും. ചില ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ കേശുഭായ് അധികാരമൊഴിഞ്ഞു. പിന്നീട് ബിജെപിയെ വഗേല പിളര്‍ത്തിയതോടെ ഭൂരിപക്ഷം പോയ ബിജെപിക്ക് ഭരണം നഷ്ടമായി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ അധികാരത്തിലിരുന്ന വഗേലയ്ക്ക് കൂടുതല്‍ നാള് ഭരിക്കാനായില്ല. അധികാരമൊഴിഞ്ഞ് തിരഞ്ഞെടുപ്പിനെ 1998 ല്‍ നേരിട്ടപ്പോള്‍ ബിജെപി തിരിച്ചടിച്ചു. മുന്‍ തവണത്തേതില്‍ നിന്നും നാല് സീറ്റിന്റെ മാത്രം കുറവില്‍ 117 സീറ്റോടെ വീണ്ടും അധികാരത്തിലെത്തി.
ബിജെപിയില്‍ വീണ്ടും പ്രയാസങ്ങളെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ പാര്‍ട്ടി ആസഥാനത്തു നിന്ന് 2001 ല്‍ നരേന്ദ്ര മോഡിയിലേക്ക് അധികാരം പകര്‍ന്നു നല്‍കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് നരേന്ദ്രമോഡിയുടെ മുന്നേറ്റം തടയാന്‍ ഒരു പ്രചാരണത്തിനും കുതന്ത്രങ്ങള്‍ക്കും കഴിഞ്ഞില്ല. 2002ലെ ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ മോഡിയെ പിടിച്ചുകെട്ടാനുള്ള സംഘടിത ശ്രമം തന്നെ കണ്ടു. ഒരു മനുഷ്യനെ എത്രമാത്രം നികൃഷ്ടമായി അവതരിപ്പിക്കാന്‍ കഴിയുമോ അതൊക്കെ ചെയ്തു. പക്ഷേ ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പവും മോഡിയുടെ പിന്നിലും അണിനിരന്നു. വീണ്ടുവിചാരമെന്നപോലെ 2002ലെ പ്രശ്നങ്ങളൊന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ടാണ് ബിജെപിയുടെ നേട്ടമെന്ന പ്രചരണം ഇപ്പോഴത്തെ വിജയത്തോടെ തകര്‍ന്നു കഴിഞ്ഞു. വികസനമായിരുന്നു ഇത്തവണത്തെ ചര്‍ച്ച. വികസനത്തില്‍ ചൈനയോടൊപ്പം ഗുജറാത്തിനെ എത്തിച്ച നരേന്ദ്രമോഡിക്ക് ജനമനസാക്ഷിയുടെ അംഗീകാരമാണ് ഇത്തവണ നല്കിയ ഭൂരിപക്ഷം. അതേ സമയം ഹിമാചലില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയാത്തത് ആ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യമാണെന്ന് പറയാമെങ്കിലും ബിജെപിക്ക് അത് ക്ഷീണം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: