കൊല്ലം: കൊല്ലത്തിന് സ്ഥിരമായ ഒരു ഫോട്ടോഗ്യാലറി ആവശ്യമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. പ്രസ്ക്ലബിന്റെ സഹകരണത്തോടെ കൊല്ലത്തെ പത്രഫോട്ടോഗ്രാഫര്‍മാര്‍ സംഘടിപ്പിച്ച ‘കാഴ്ചയ്ക്കപ്പുറം’ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജീവിതത്തിന്റെ സൂക്ഷ്മമായ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയ ചിത്രപ്രദര്‍ശനം ഫോട്ടോഗ്രാഫര്‍മാരുടെ അര്‍പ്പണബോധം വെളിപ്പെടുത്തുന്നതാണ്. നിഴലും വെളിച്ചവും കൃത്യമായി സംയോജിപ്പിച്ച് ചിത്രമെടുക്കുന്നത് വളരെ വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രവൃത്തിയാണ്.
കടലാസും പേനയും ഉള്ളതുകൊണ്ട് എല്ലാവരും കവിത എഴുതുന്നില്ല എന്നതുപോലെ ക്യാമറ ഉണ്ടെങ്കിലും എല്ലാവരും ഛായാഗ്രാഹകരാകുന്നില്ല. ഭേദപ്പെട്ട ചിത്രം എടുക്കണമെങ്കില്‍ സംസ്കൃതമായ മനസും ആവശ്യമാണ്. ഫോട്ടോ എക്സിബിഷന് നമ്മെ ബോധ്യപ്പെടുന്നത് നല്ല ഒരു ഫോട്ടോഗ്രാഫ് ഒരു പെയിന്റിംഗ് പോലെ മനോഹരമാണെന്നാണ്. നല്ല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോഗ്രാഫര്‍മാരെ അടൂര്‍ ഗോപാലകൃഷ്ണന് അഭിനന്ദിച്ചു.
പ്രസ്ക്ലബ് പ്രസിഡന്റ് രാജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി ലാലു, പ്രസ്ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോഎക്സിബിഷന്‍ 22 വരെ നീണ്ടുനില്‍ക്കും. ഇന്ന് രാവിലെ 11ന് വാര്‍ത്താചിത്രങ്ങളെ സംബന്ധിച്ച് ക്ലാസ്. 21ന് രാവിലെ 11ന് ‘വാര്‍ത്താചിത്രങ്ങള്‍ എടുക്കുമ്പോള്‍’ എന്ന വിഷയത്തില്‍ മലയാളമനോരമ ഫോട്ടോ എഡിറ്റര്‍ ബി ജയചന്ദ്രന്, ക്ലാസ് നയിക്കും. 22ന് രാവിലെ 11ന് ‘ദൃശ്യമാധ്യമങ്ങളുടെ സാമൂഹ്യവീക്ഷണം’ എന്ന വിഷയത്തില്‍ ദൂരദര്ശന് പ്രോഗ്രാം അസി. ഡയറക്ടര്‍ ബൈജു ചന്ദ്രന് ക്ലാസ് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: