പള്ളിക്കര : സിപിഎം നേതൃത്വത്തിണ്റ്റെ വിലക്ക് ലംഘിച്ച് ആഴിപൂജ മഹോത്സവത്തിന് ഡിവൈഎഫ്ഐയുടെ സ്വാഗത കവാടം. പൂച്ചക്കാട് തൊട്ടി കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ ഇന്ന് നടക്കുന്ന ആഴിപൂജ മഹോത്സവത്തിനാണ് പാര്‍ട്ടി നേതൃത്വത്തിണ്റ്റെ തീരുമാനം മറികടന്ന് ഡിവൈഎഫ്ഐ കിഴക്കേക്കര യൂണിറ്റിണ്റ്റെ പേരില്‍ സ്വാഗത കമാനം സ്ഥാപിച്ചിരിക്കുന്നത്. കിഴക്കേക്കര പ്രധാന ജംഗ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ആശംയര്പ്പിച്ചുകൊണ്ട് ചെഗുവേരയുടെ ചിത്രവുമുണ്ട്. ആഴിപൂജ മഹോത്സവത്തിന് പ്രവേശന കവാടമൊരുക്കാന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രാദേശിക നേതൃത്വത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ ബ്രാഞ്ച് കമ്മിറ്റി പ്രവര്‍ത്തകരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയും കവാടമൊരുക്കാന് പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഡിവൈഎഫ്ഐയുടെ പേരുമാറ്റി റെഡ് ചാലഞ്ചേഴ്സ് എന്ന പേരില്‍ മൂന്നാഴ്ചകള്‍ക്കുമുമ്പ് പ്രവേശന കവാടം ഉയര്‍ത്തുകയായിരുന്നു. ഇത് സിപിഎമ്മിന് ചൊടിപ്പിക്കുകയും ഡിവൈഎഫ്ഐയില്‍ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്തു. ഉത്സവ പരിപാടികളില്സഹകരിക്കുന്നത് പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നായിരുന്നു വിമര്‍ശനം. തുടര്‍ന്ന് പ്രാദേശിക നേതൃത്വം നിലപാട് കര്‍ശനമാക്കിയിരിക്കെയാണ് കഴിഞ്ഞ ദിവസം നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രവേശന കവാടത്തില്‍ ഡി വൈഎഫ്ഐയുടെ പേര് പതിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ പേരില്‍ സ്വാഗതകമാനം സ്ഥാപിക്കുന്നതിനെ നേരത്തെ ഉത്സവ കമ്മിറ്റി എതിര്‍ത്തിരുന്നു. റെഡ് ചാലഞ്ചേഴ്സ് എന്നത് രാഷ്ട്രീയ സംഘടനയല്ലെന്നായിരുന്നു ഇതിന് ഡിവൈഎഫ്ഐ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ ഉത്സവത്തിന് തലേദിവസം പ്രവേശന കവാടം ഡിവൈഎഫ്ഐ സ്വന്തം പേരിലാക്കിയതില്‍ നാട്ടുകാരിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നടപടി വരും ദിവസങ്ങളില്‍ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ചേരിപ്പോര് രൂക്ഷമാകും. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയതയിലും ചേരിതിരിവിലും ഉത്സവത്തെ കരുവാക്കുന്നതെന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: