മൂവാറ്റുപുഴ: കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തി കടയുടമ സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ മേശയില്‍നിന്നും പണം മോഷണം നടത്തിവന്ന പിഡിപി മൂവാറ്റുപുഴ നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി പേഴക്കാപ്പിള്ളി തേക്കുംകാട്ടില്‍ വീട്ടില്‍ ഹുസൈന് മകന് ഹനീഫ (23)യെയാണ് മൂവാറ്റുപുഴ എസ്ഐ പി.എസ്.ഷിജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പേഴക്കാപ്പിള്ളി കവലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രതി രാവിലെ കടതുറക്കുന്ന സമയത്ത് ഉടമ കൊണ്ടുവയ്ക്കുന്ന പണം കണ്ട് മനസിലാക്കി പിന്നീട് പലചരക്ക് സാധനം വാങ്ങാനെത്തി കടയുടമയുടെ ശ്രദ്ധ മാറ്റി പണം അപഹരിക്കുകയാണ് ചെയ്തുവന്നത്.
അച്ചേരിവയലില് അബ്ദുള്‍ അസീസിന്റെ ബസ്മതി കടയില്‍നിന്നും തവിട് ആവശ്യപ്പെട്ട് വന്ന പ്രതി ഉടമ തവിട് എടുത്ത സമയം പണമടങ്ങിയ ബാഗ് എടുത്ത് ഓട്ടോറിക്ഷയില്‍ വച്ച് സാധനങ്ങള്‍ വാങ്ങിപ്പോവുകയാണ് ചെയ്തത്. പണവുമായി രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയ പ്രതി പണമെടുത്തശേഷം ബാഗിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം വീടിനടുത്ത് ഒളിച്ചുവച്ച് ബാഗ് കത്തിച്ചുകളഞ്ഞു. അതിനുശേഷം പണവുമായി ഒന്നാംഭാര്യയുടെ വീട്ടിലെത്തി അലമാരയില്‍ ഒളിപ്പിച്ചുവച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ ഒന്നരവര്‍ഷം മുമ്പ് പേഴയ്ക്കാപ്പിള്ളി തോട്ടുംഭാഗത്ത് അലിയുടെ ഫാത്തിമ ട്രേഡേഴ്സില്‍നിന്നും 1,10,000 രൂപയും മുള്ളന്‍പറമ്പില്‍ അഷ്റഫിന്റെ ഫവാസ് സ്റ്റോഴ്സില്നിന്നും 40,000 രൂപയും പേഴക്കാപ്പിള്ളി കവലയിലുള്ള കേക്ക് ഹൗസ് ബേക്കറിയില്‍നിന്നും 3500 രൂപയും മോഷണം നടത്തിയെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളും കൂട്ടാളികളും ചേര്‍ന്ന് പോത്താനിക്കാട് പോലീസ് സ്റ്റേഷനതിര്ത്തിയില്നിന്നും നിരവധി കന്നുകാലികളെ മോഷണം നടത്തി കശാപ്പ് ചെയ്ത് വിറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് വീടുവിട്ട ഇയാള്‍ പേഴക്കാപ്പിള്ളി ഭാഗത്ത് കുടുംബവുമായി താമസിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ച മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് മാറി മാറി താമസിച്ചുവരികയായിരുന്നു. ഇയാള്‍ മോഷണം ചെയ്തെടുത്ത പണവും താക്കോല്‍ക്കൂട്ടവും ഭാര്യമാരുടെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ സിഐ ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്ഐ പി.എസ്.ഷിജു, രവീന്ദ്ര, എഎസ്ഐമാരായ ജോര്‍ജ് ജോസഫ്, രമേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു ജോസ്, രാജേഷ്, ബൈജു, ഷാബിന് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: