പഴയങ്ങാടി: ഒരുകാലത്ത് മത്സ്യസമ്പത്തിന് പേരുകേട്ട പുഴയായ പഴയങ്ങാടി പുഴയില്‍ മത്സ്യങ്ങള്‍ കുറയുന്നു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കാലവ്യതിയാനമില്ലാതെ എന്നും ജലസംഋദ്ധിയോടെ ഒഴുകുന്ന പുഴയില്‍ ചെമ്മീന്‍, ഏട്ട, നേങ്ങോല്‍, മലാന്, ഞണ്ടുകള്‍ വിവിധയിനം നാടന്‍ മത്സ്യങ്ങള്‍ എന്നിവ സംഋദ്ധമായിരുന്നു. എന്നാലിന്ന് പലയിനം മത്സ്യങ്ങള്‍ക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. അമിതമായ മണലൂറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളന്‍കീരന്‍, ചൂട്ടാച്ചി, കണ്ണിച്ചാന്‍, മാലത്തീന്‍, പുല്ലന്‍മീന്‍, കാലന് ചെമ്മീന്‍, വാലത്താല്‍, കണ്ണന് മത്സ്യം എന്നിവയെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പുഴയെ ആശ്രയിച്ച് മത്സ്യബന്ധനവും വാലുകെട്ടുമായി ജീവിതം കഴിക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. മാട്ടൂല്‍ പുഴയുടെ ഇരുവശത്തുമുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതിനാല്‍ തൊഴില്‍രഹിതരായിരിക്കുകയാണ്. ആഴ്ചയില്‍ ഏഴ് ദിവസവും വലകെട്ടി ജീവിച്ചിരുന്ന തൊഴിലാളികള്‍ ഇപ്പോള്‍ മാസത്തില്‍ ചില ദിവസങ്ങളില്‍ മാത്രമേ മത്സ്യബന്ധനം നടത്തുന്നുള്ളൂ. മഴക്കാലാരംഭത്തില്‍ വലകെട്ടുകാര്‍ക്ക് ചാകരക്കാലമായിരുന്നു. പല സാമ്പത്തിക ഇടപാടുകളും ഈ സമയത്താണ് ഇവര്‍ തീര്‍ക്കുന്നത്. എന്നാലിന്ന് ഇതും ഓര്‍മ്മ മാത്രമായിരിക്കുകയാണ്. മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഭൂരിഭാഗവും ഉപജീവനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയിട്ടുണ്ട്. മത്സ്യസമ്പത്ത് കുറയാന്‍ പ്രധാന കാരണം പുഴ മലിനീകരിക്കപ്പെട്ടതാണ്. വളപട്ടണം പുഴയിലും മാടായി ഭാഗത്തും ചെറുകുന്നുമടക്കമുള്ള ഫാക്ടറികളിലെയും ഖനന മേഖലയിലെയും മാലിന്യങ്ങളും വിഷാംശങ്ങളും ഒഴുകിയെത്തുന്നത് പുഴയിലേക്കാണ്. പഴയങ്ങാടിയിലെയും മാട്ടൂല്‍ ഭാഗത്തെയും അറവ് മാലിന്യങ്ങളും കല്ല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നതും പുഴയിലേക്കാണ്. മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന ഫലകം പുഴവക്കത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കാറില്ലത്രെ. പുഴയുടെ തീരത്തുള്ള ബാറില്‍ നിന്നും ബിവറേജ് ഷോപ്പില്‍ നിന്നും വാങ്ങുന്ന മദ്യം പുഴവക്കത്തിരുന്ന് കുടിച്ചശേഷം കുപ്പി പുഴയിലേക്ക് വലിച്ചെറിയുന്നതും പതിവ്കാഴ്ചയാണ്. സ്വകാര്യ വ്യക്തികള്‍ പുഴയോരം കയ്യേറി വ്യാപകമായി കണ്ടല്‍ക്കാട് നശിപ്പിച്ചതും മത്സ്യസമ്പത്ത് കുറയാന്‍ കാരണമായി. മലാന് പോലുള്ള മത്സ്യങ്ങള്‍ പ്രജനനം നടത്തുന്നത് കണ്ടല്‍ മരത്തിണ്റ്റെ വേരുകള്ക്കുള്ളിലാണ്. പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നതും മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: