കൊച്ചി: കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ – ട്രെയിലര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വലിച്ചു. തൊഴിലാളികള്‍ സമര്‍പ്പിച്ച അവകാശപത്രികയിലെ വിഷയങ്ങളില്‍ ബന്ധപ്പെട്ടവരുമായി 31നകം ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
വേതനം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ തയാറാണെന്ന് ലോറി ഉടമകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത പി. രാമചന്ദ്രന് അറിയിച്ചു. എന്നാല്‍ ബാറ്റയില്‍ നൂറ് ശതമാനം വര്‍ധനയാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാടക വര്‍ധിപ്പിക്കാതെ ഇത്രയും വര്‍ധന നടപ്പാക്കാനാവില്ല. വാടക വര്‍ധിപ്പിക്കുന്നത് കൊച്ചി തുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളി യൂണിയനുകള്‍, കണ്ടെയ്നര്‍ ലോറി ഉടമകള്‍, കൊച്ചി തുറമുഖ ട്രസ്റ്റ്, ഡിപി വേള്‍ഡ്, ക്ലിയറിങ് ഹൗസ് ഏജന്റ്സ് അസോസിയേഷന്, സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന് എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. പാര്‍ക്കിങ്, ഡിപി വേള്ഡിനകത്ത് തൊഴിലാളികള്‍ക്കുള്ള സൗകര്യം എന്നിവ സംബന്ധിച്ച് പഠിക്കുന്നതിന് സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രേഡ് യൂണിയന് സംയുക്ത സമിതി ചെയര്മാന് പി.എസ്. ആഷിഖ്, ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, രഘുനാഥ് പനവേലി, കെ.ജെ. മാക്സി, എം. ജമാല്‍കുഞ്ഞ്, ആര്. രഘുരാജ്, ബനഡിക്ട് ഫെര്‍ണാണ്ടസ്, ടി.കെ. ഷബീബ്, എം.എന്‍. വേണുഗോപാല്‍, സന്തോഷ് പോള്‍, എം.എം. രാജീവ്, സജി തുരുത്തിക്കുന്നേല്‍, കെ.കെ. കുഞ്ഞച്ചന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: