ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗിന് നേതൃപാടവമില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. സ്വന്തം പാര്‍ട്ടിയുടെ തന്നെ നേതാവല്ലാത്ത പ്രധാനമന്ത്രിയാണ് മന്മോഹന് സിംഗെന്ന് ഫിക്കിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സുഷമ പറഞ്ഞു. വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നത് കാലഹരണപ്പെട്ട ആശയങ്ങളുടെ വക്താക്കളാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വിദേശ നിക്ഷേപം ചെറുകിട മേഖലയിലല്ല കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത്. എയര്‍പോര്‍ട്ട്, ടെലിഫോണ്‍ പോലുള്ള സ്വകാര്യ കുത്തക മേഖലയിലാണ് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത്. പാവപ്പെട്ട കര്‍ഷകരുടെ ഉരുളക്കിഴങ്ങിലും തക്കാളിയിലും പരിപ്പിലും അരിയിലും വിദേശ നിക്ഷേപം കുത്തി നിറയ്ക്കാന്‍ ശ്രമിക്കുന്നത് ദേശത്തെയല്ല, പകരം ബഹുരാഷ്ട്ര കമ്പനികളേയും വന്കിടക്കാരേയുമാണ് സര്‍ക്കാര്‍ സഹായിക്കുക, സുഷമ പറഞ്ഞു.
എന്‍ഡിഎ ഭരണക്കാലത്തുണ്ടായിരുന്ന വ്യാപാര അന്തരീക്ഷം ഇന്നിവിടെയില്ല. കൊണ്ടുവരുന്ന സാമ്പത്തിക നയങ്ങളാകട്ടെ ജനങ്ങള്‍ക്കും നാടിനും ഹാനികരമാവുന്നവയാണ്. ധനകാര്യ മന്ത്രി പി.ചിദംബരം പോലും എന്‍ഡിഎയുടെ സാമ്പത്തിക നയങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനോടൊപ്പം ഇവിടെയുള്ളവരെ കൂടി ഓര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുപോകുന്നു. 62 കോടി പേര്‍ക്ക് എന്‍ഡിഎ തൊഴില്‍ അവസരം സൃഷ്ടിച്ചപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് യുപിഎയ്ക്ക് 20 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ അവസരം സൃഷ്ടിക്കാനായുള്ളു.
പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാകാത്തത് ഭരണ പക്ഷത്തെ ആഭ്യന്തരപ്രശ്നം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു. എന്‍ഡിഎയിലും ഘടകകക്ഷികള്‍ നിറഞ്ഞ കൂട്ടായ്മയാണെന്ന് സര്‍ക്കാര്‍ മറക്കരുത്. ചേര്‍ച്ചയില്ലായ്മ അന്നും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് ഞങ്ങളുടെ നേതാവും പ്രധാനമന്ത്രിയും അടല്‍ ബിഹാരി വാജ്പേയി എന്ന ഒറ്റ ഒരാളായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് ചര്‍ച്ചകള്‍ നടത്തി പരസ്പരം ബോധ്യപ്പെടുത്തി കാര്യങ്ങള്‍ സാധിക്കാനുള്ള മികവായിരുന്നു അന്നത്തെ ഭരണത്തിന് ആധാരം, സുഷമ സ്വരാജ് പറഞ്ഞു.
അഴിമതികള്‍ പുറത്തുകൊണ്ടുവരുന്ന ഏജന്‍സികള്‍ സര്‍ക്കാരിന് ശത്രുക്കളാകുന്നു. ഇനി വരുന്ന സര്‍ക്കാര്‍ എന്‍.ഡി.എയുടേതായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: