ന്യൂദല്‍ഹി: നവംബറില്‍ പണപ്പെരുപ്പ നിരക്ക് 7.24 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.46 ശതമാനമായിരുന്നു. മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ 7.45 ശതമാനമായിരുന്നു.
ഭക്ഷ്യ വിലപ്പെരുപ്പം 8.5 ശതമാനമായി ഉയര്‍ന്നു. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.32 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളായ ഉരുളക്കിഴങ്ങ്, ഗോതമ്പ്, ധാന്യങ്ങള്‍, അരി, പയറിനങ്ങള്‍, ഭക്ഷ്യഎണ്ണ മുതലായവയുടെ വില ഉയര്‍ന്നു തന്നെ നില്ക്കുന്നു. അതേ സമയം പച്ചക്കറി വില നവംബറില്‍ 1.19 ശതമാനം താഴ്ന്നു.
ഉരുളക്കിഴങ്ങ് വിലയില്‍ 72.20 ശതമാനവും ഉള്ളി വിലയില്‍ 17 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നവംബറില്‍ ഗോതമ്പ് വിലയില്‍ 23.19 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ നവംബറില്‍ 4.86 ശതമാനം ഇടിവാണ് ഗോതമ്പ് വിലയില്‍ ഉണ്ടായത്. ഭക്ഷ്യ ധാന്യ വില 15.85 ശതമാനമായും ഉയര്‍ന്നു. പയറിനങ്ങളുടെ വിലയില്‍ 19.10 ശതമാനവും മുട്ട മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 14.19 ശതമാനവും വര്‍ധനവുണ്ടായി. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവിലിത് യഥാക്രമം 14.96 ശതമാനവും 11.40 ശതമാനവുമായിരുന്നു.
നവംബറില്‍ ഇന്ധന , ഊര്‍ജ്ജ പണപ്പെരുപ്പം 10.02 ശതമാനമായിരുന്നു. കഴിഞ്ഞ നവംബറിലിത് 15.48 ശതമാനമായിരുന്നു. അതേ സമയം കഴിഞ്ഞ മാസം ഡീസല്‍ പണപ്പെരുപ്പം 14.60 ശതമാനമായി വര്‍ധിച്ചു.
കോട്ടണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക്, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുതലായവയുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്നു. 8.17 ശതമാനമെന്നത് 5.41 ശതമാനമായിട്ടാണ് താഴ്ന്നത്. അതേസമയം സപ്തംബര്‍ മാസത്തിലെ പണപ്പെരുപ്പം 7.81 ശതമാനത്തില്‍ നിന്ന് 8.07 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. നവംബര്‍ മാസത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 9.90 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറിലിത് 9.75 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് താഴ്ന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പണ വായ്പാ നയ അവലോകനത്തില്‍ നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ അവലോകനത്തിലും റിപ്പോ നിരക്ക് 8 ശതമാനമായി നിലനിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: