ന്യൂദല്‍ഹി: സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ പരിഷ്കരണ നടപടികള്‍ അടുത്തയാഴ്ചയെന്നു കേന്ദ്രമന്ത്രി പി. ചിദംബരം. പണപ്പെരുപ്പ വിഷയത്തില്‍ അലംഭാവം കാട്ടാനാകില്ല. 2008 മുതല്‍ ആഗോള രംഗത്തു സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന്റെ പ്രതിഫലനം രാജ്യത്തും ദൃശ്യമാണ്. നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ രാജ്യത്തിനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക പരിഷ്കരണങ്ങളും പുതിയ പദ്ധതികളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായകമാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. എഫ്.ഡി.ഐ, വ്യോമയാന മേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ സര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ചിദംബരം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 7.3 ശതമാനമായിരുന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 6.5 ശതമാനമായി കുറയുകയാണുണ്ടായത്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ഉണ്ടാകാത്ത തകര്‍ച്ചയാണ് സാമ്പത്തിക മേഖലയില്‍ കണ്ടത്. 2008ലെ ഇന്ത്യയുടെ അവസ്ഥയും ഇപ്പോഴത്തെ ഇന്ത്യയുടെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. 2008 ല്‍ ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി നിരക്ക് കുറവായിരുന്നു. പെട്രോളിയം ഉല്പന്നങ്ങള്ക്ക് അന്താരാഷ്ട്ര രംഗത്ത് ഉണ്ടായ ഇടിവായിരുന്നു ഇതിനു കാരണം.
എന്നാല്‍ 2012 ല്‍ ആ സ്ഥിതി വിശേഷമല്ല ഉള്ളത്. കയറ്റുമതി കുറയുകയും ഇറക്കുമതി വര്ധിച്ചിരിക്കുകയുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: