കൊച്ചി: എയര്‍ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും തൊഴില്‍സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. നിലവില്‍ സര്‍വീസിലുള്ള കമാണ്ടര്‍മാരുടെ സേവനം തുടരുമെന്ന് ഉറപ്പുവരുത്തും.
എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ പെയിലറ്റുമാരെ കണ്ടെത്തി പരിശീലിപ്പിക്കും. പരിശീലിപ്പിക്കുന്നതിനായി വിദേശത്തുനിന്ന് പെയിലറ്റ് ഇന്‍സ്ട്രക്ടര്‍മാരെ കൊണ്ടുവരാനും തീരുമാനമായി. സീനിയര്‍ കമാണ്ടര്‍മാരെ ഇന്‍സ്ട്രക്ടര്‍ പെയിലറ്റുമാരായി പ്രമോട്ട് ചെയ്യുമെന്നും എയര്‍ഇന്ത്യ എക്സ്പ്രസ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ (സിഒഒ) അന്‍സ്ബര്‍ട്ട് ഡിസൂസ, ഡെപ്യൂട്ടി സിഒഒ ക്യാപ്റ്റന്‍ പുഷ്പീന്ദര്‍ സിങ്ങ്, അജയ് താക്കൂര്‍ (എച്ച്ആര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചിയിലെ എയര്‍ഇന്ത്യാ എക്സ്പ്രസ് കോര്‍പ്പറേറ്റ് ആസ്ഥാനത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കേരളം ആസ്ഥാനമായി കോള്‍സെന്ററും ഉടന്‍ തുടങ്ങും. രാവിലെ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാജശേഖര റെഡ്ഡി, എയര്‍ചീഫ് മാര്‍ഷല്‍ (റിട്ട.), ഫാലി മേജര്‍ (ബോര്‍ഡ് അംഗം), എയര്‍ഇന്ത്യ ഫിനാന്‍സ് ഡയറക്ടര്‍ (ബോര്‍ഡ് അംഗം), എയര്‍ഇന്ത്യ എഞ്ചിനീയറിംഗ് ഡയറക്ടര്‍ കെ.എം.ഉണ്ണി, കൊമേഴ്സ്യല്‍ ഡയറക്ടര്‍ ദീപക് ബ്രാറ തുടങ്ങിയവരും പങ്കെടുത്തു. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ 187-ാമത് ബോര്‍ഡ് യോഗമാണ് ഇന്നലെ നെടുമ്പാശ്ശേരിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: