ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് അല്പം ആശ്വസിക്കാം. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സാണ് കിങ്ങ്ഫിഷറിനെ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്. കിങ്ങ്ഫിഷറിന്റെ 48 ശതമാനം ഓഹരികള്‍ ഏകദേശം 3,000 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നതിനാണ് ഇത്തിഹാദ് ഒരുങ്ങുന്നത്.
ഓഹരി വാങ്ങുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇന്നലെ വ്യാപാരം തുടങ്ങുമ്പോള്‍ കിങ്ങ്ഫിഷറിന്റെ ഓഹരി വില 4.96 ശതമാനം ഉയര്‍ന്ന് 15.67 രൂപ എന്ന നിലയിലെത്തിയിരുന്നു.
ഏറ്റെടുക്കല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വിജയ് മല്യയുടെ 57-ാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 18 ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അന്നേ ദിവസം ഗോവയില്‍ കടലോരത്തുള്ള കിങ്ങ്ഫിഷര്‍ വില്ലയില്‍ മല്യ പ്രമുഖര്‍ക്കായി സത്കാരവും ഒരുക്കിയിട്ടുണ്ട്.
രണ്ട് തവണയായിട്ടാണ് ഓഹരികള്‍ വാങ്ങുകയെന്ന് കിങ്ങ്ഫിഷര്‍-ഇത്തിഹാദ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഈ മാസം 30 ശതമാനം ഓഹരിയും അടുത്ത വര്‍ഷം ആഗസ്റ്റില്‍ 18 ശതമാനം ഓഹരിയും വാങ്ങാനാണ് ഒരുങ്ങുന്നത്. എന്നാല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത്തിഹാദ് ഈ വര്‍ഷം ഇതിനോടകം തന്നെ മൂന്ന് അന്താരാഷ്ട്ര എയര്‍ലൈനുകളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. വെര്‍ജിന്‍ ഓസ്ട്രേലിയ, ജര്‍മനിയുടെ എയര്‍ ബെര്‍ലിന്‍, എയര്‍ സീഷെല്‍സ് എന്നിവയിലാണ് നേരത്തെ ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തിഹാദ് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെമ്പാടുമുള്ള കിങ്ങ്ഫിഷര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒക്ടോബറില്‍ മുതിര്‍ന്ന കിങ്ങ്ഫിഷര്‍-ഇത്തിഹാദ് അധികൃതര്‍ തമ്മില്‍ അബുദാബിയില്‍ വച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.
കിങ്ങ്ഫിഷറിന് തുടര്‍ന്ന് പറക്കണമെങ്കില്‍ ചുരുങ്ങിയത് 3,000 കോടി രൂപയുടെ ധനസഹായം ആവശ്യമാണെന്നാണ് വ്യവസായ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഏകദേശം 70 കോടി രൂപയാണ് ജീവനക്കാര്‍ക്കെല്ലാം കൂടി ശമ്പള കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. ഇതിന് പുറമെ 950 കോടി രൂപ എണ്ണ കമ്പനികള്‍ക്കും 500 കോടി രൂപ വിമാനത്താവളങ്ങള്‍ക്കും, 17 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് വായ്പാ തിരിച്ചടവ് ഇനത്തില്‍ 7,000 കോടി രൂപയും നല്‍കാനുണ്ട്.
ഇത്തിഹാദ്, കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ മൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ ബാങ്കുകളില്‍ നിന്നും കൂടുതല്‍ തുക വായ്പ എടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ 4,000 കോടി രൂപ വായ്പ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അപേക്ഷ നിരസിക്കുകയായിരുന്നു.
അതേസമയം സേവന നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. 63 കോടി രൂപയാണ് നികുതി ഇനത്തില്‍ അടയ്ക്കാനുള്ളത്. പലിശയ്ക്ക് പുറമെയാണിത്. മറ്റ് കുടിശ്ശിക ഇനത്തില്‍ 128 കോടി രൂപയും അടയ്ക്കാനുണ്ട്. വിമാനം ജപ്തി ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എയര്‍ലൈന്‍സ് അധികൃതര്‍ ഉന്നത അധികാരികളെ സമീപിച്ചുവെങ്കിലും ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കിങ്ങ്ഫിഷറിന്റെ ഏഴില്‍ അധികം വിമാനങ്ങള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: