അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഐതിഹാസികമായ വിധിയുണ്ടായിട്ടും 1992 ഡിസംബര്‍ ആറിന് തകര്‍ന്നുവീണ തര്‍ക്കമന്ദിരത്തെ ‘ബാബറി മസ്ജിദാ’ക്കി ചിത്രീകരിക്കാനുള്ള ശ്രമം ഇരുപതാം വാര്‍ഷികത്തിലും ചില മുസ്ലീം സംഘടനകളും മാധ്യമങ്ങളും നടത്തുകയുണ്ടായി. ഇല്ലാതായി രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് ‘ബാബറി മസ്ജിദി’നെച്ചൊല്ലിയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കും അവകാശവാദങ്ങള്‍ക്കും എന്തെങ്കിലും പ്രസക്തിയുണ്ടോ? ഒന്നാമതായി ‘ബാബറി മസ്ജിദ്’ എന്ന വിശേഷണം നിയമപരമായി നിലനില്‍ക്കുന്നതല്ല. ‘മസ്ജിദ്’ നിലനിന്നിരുന്ന നാല് പതിറ്റാണ്ടുകാലവും അത് ശ്രീരാമക്ഷേത്രമായിരുന്നു. ‘മസ്ജിദി’ന്റെ പ്രധാന താഴികക്കുടത്തിന് കീഴെ രാംലാല വിഗ്രഹമുണ്ടായിരുന്നു. ഇവിടെ ആരാധന നടത്താനുള്ള അവകാശം ഒന്നിലധികം കോടതിവിധികളിലൂടെ ഹിന്ദുക്കള്‍ക്ക് ലഭിച്ചിട്ടുള്ളതാണ്. പൂജാരിയെ നിയമിച്ചിരുന്നതും ശമ്പളം കൊടുത്തുകൊണ്ടിരുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരായിരുന്നു. ‘ബാബറി മസ്ജിദ്’ എന്ന് എത്ര ആവര്‍ത്തിച്ചാലും നിയമപരമായി അത് ഒരു ‘തര്‍ക്കമന്ദിരം’ ആയിരുന്നു. നിലനിന്നിരുന്നപ്പോഴും തര്‍ക്കമന്ദിരമായിരുന്ന ഒന്നിനെ ഇല്ലാതായിക്കഴിഞ്ഞിട്ടും ‘മസ്ജിദ്’ എന്ന് വിവക്ഷിക്കുന്നത് യുക്തിക്ക് മാത്രമല്ല വിശ്വാസത്തിനും നിരക്കുന്നതല്ല.
അയോധ്യയിലെ തര്‍ക്കമന്ദിരത്തിന് അത് നിലനിന്ന നാലര പതിറ്റാണ്ടുകാലം ഇല്ലാതിരുന്ന പ്രസക്തി ഉണ്ടെന്നുവരുത്താനാണ് 1992നുശേഷം ബാബറി മസ്ജിദിന്റെ വക്താക്കള്‍ ശ്രമിച്ചത്. എന്നാല്‍ ഈ പ്രചാരണം തലതിരിഞ്ഞതും അര്‍ത്ഥശൂന്യവുമാണെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കുകയുണ്ടായി. ‘ബാബറി മസ്ജിദ്’ തകര്‍ന്നത് സാധാരണ സംഭവം മാത്രമാണ്. അത് പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്നാണ് ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, ഡി.കെ.പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടത്. പ്രശ്നം ‘പ്രസിദ്ധമായ’ ബാബറി മസ്ജിദ് തകര്‍ന്ന കേസുമായി ബന്ധപ്പെട്ടതാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോഴായിരുന്നു 2012 ജനുവരി പതിനാറിന് സുപ്രീംകോടതിയില്‍നിന്ന് ഇങ്ങനെയൊരു തിരുത്തുണ്ടായത്. “അതിലെന്ത് പ്രസിദ്ധിയിരിക്കുന്നു? അത് സംഭവിച്ച ഒരുകാര്യം മാത്രം. അതുമായി ബന്ധപ്പെട്ടവര്‍ കോടതിക്ക് മുമ്പാകെയുണ്ട്. അത് പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല” എന്നാണ് രണ്ടംഗബെഞ്ച് വ്യക്തമാക്കിയത്.
കോടതിയുടെ ഈ അഭിപ്രായപ്രകടനത്തിനെതിരെ ‘ബാബറി മസ്ജിദി’ന്റെ വക്താക്കള്‍ വല്ലാതെ ബഹളം വെയ്ക്കുകയുണ്ടായി. എന്നാല്‍ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ 2011 സെപ്തംബറിലെ വിധിന്യായം പരിശോധിക്കുന്നവര്‍ക്ക് ഈ ബഹളംവയ്ക്കല്‍ തികച്ചും അനാവശ്യമാണെന്ന് കാണാം. കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ ‘നിഷ്പക്ഷരായ വിദഗ്ധരും ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ‘ബാബറി മസ്ജിദി’നുവേണ്ടി നിരത്തിയ വാദഗതികള്‍ പരിഹാസ്യമാംവിധം പരാജയപ്പെടുകയായിരുന്നു. എതിര്‍വിസ്താരത്തില്‍ ഇക്കൂട്ടരുടെ അറിവില്ലായ്മയും കാപട്യവും പൊള്ളത്തരവും തുറന്നുകാട്ടപ്പെട്ടു. തകര്‍ന്നുവീണ തര്‍ക്കമന്ദിരത്തിന് കീഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച് ഈ ചരിത്രകാരന്മാരും ഗവേഷകരും ഉന്നയിച്ച എതിര്‍വാദങ്ങളെല്ലാം മൂന്നംഗബെഞ്ച് ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞു.
‘ബാബറി മസ്ജിദ് വിദഗ്ധര്‍’ രണ്ട് തവണയാണ് കോടതിക്ക് മൊഴി നല്‍കിയത്. പുരാവസ്തു വകുപ്പ് (ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ-എഎസ്ഐ) അയോധ്യയില്‍ ഉല്ഖനനം നടത്തുന്നതിന് മുമ്പും പിമ്പുമായിരുന്നു ഇത്. തര്‍ക്കമന്ദിരത്തിന് കീഴെ ഒരു ക്ഷേത്രവുമില്ലെന്നായിരുന്നു ഉല്‍ഖനനത്തിന് മുമ്പ് ഇവര്‍ പറഞ്ഞത്. ഉല്ഖനനത്തിലൂടെ കണ്ടെത്തിയത് മസ്ജിദോ സ്തൂപമോ ആണെന്നായി പിന്നീട്. എന്നാല്‍ കോടതി എതിര്‍വിസ്താരം നടത്തിയതോടെ ഇവര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതായി.
സുപ്രിയ വര്‍മയാണ് എഎസ്ഐ നടത്തിയ ഉല്‍ഖനനത്തെ ചോദ്യംചെയ്ത ഒരു ‘വിദഗ്ധ’. ഉല്ഖനനം നടത്താനുള്ള കോടതി ഉത്തരവിലേക്ക് നയിച്ച റഡാര്‍ സര്‍വെ റിപ്പോര്‍ട്ട് ഇവര്‍ വായിച്ചിരുന്നില്ല. വര്‍മയും മറ്റൊരു ‘വിദഗ്ധ’യായ ജയാ മേനോനും ഉല്ഖനനം നടക്കുന്ന സ്ഥലത്തുണ്ടായിരുന്നതേയില്ല. എന്നിട്ടും ഉല്ഖനന സ്ഥലത്തുനിന്ന് കണ്ടെത്തിയ തൂണുകളുടെ അടിഭാഗം അവിടെ കൊണ്ടിട്ടതാണെന്ന് ഇവര്‍ ആരോപിച്ചു. സുവീര ജയ്സ്വാളാണ് ബാബറി മസ്ജിദിനുവേണ്ടി വാദിക്കാനെത്തിയ ഒരു ‘ചരിത്രകാരി’. “തര്‍ക്കമന്ദിരത്തെക്കുറിച്ച് എനിക്കുള്ള അറിവ് പത്രവാര്‍ത്തകളില്‍നിന്നും മറ്റുള്ളവരില്‍നിന്ന് ചോദിച്ച് മനസ്സിലാക്കിയതുമാണ്”- എന്നായിരുന്നു സുവീരയുടെ മൊഴി. “പത്രവാര്‍ത്തകള്‍ വായിച്ചും തന്റെ വകുപ്പിലെ മധ്യകാല ചരിത്ര പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ബാബറി തര്‍ക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്” എന്നും സുവീരയ്ക്ക് കോടതിയില്‍ ഏറ്റുപറയേണ്ടിവന്നു. “ഏതെങ്കിലും അന്വേഷണം നടത്തിയോ എന്റെ അറിവിന്റെ അടിസ്ഥാനത്തിലോ അല്ല മറിച്ച് അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ഞാന്‍ മൊഴി നല്‍കിയത്” എന്നും സുവീര വിശദീകരിക്കുകയുണ്ടായി.
പുരാവസ്തുഗവേഷകയായ ഷെറിന് രത്നാകറിനും കോടതിയില്‍ ചിലത് ഏറ്റുപറയേണ്ടിവന്നു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് തനിക്ക് പ്രവൃത്തിപരിചയമൊന്നുമില്ലെന്നും കോടതിയില്‍ മൊഴി നല്കിയ പ്രൊഫ. ഡി.മണ്ഡല് എന്ന മറ്റൊരു ‘വിദഗ്ധ’ന്റെ പുസ്തകത്തിന് ‘ആമുഖം’ എഴുതിയിട്ടുണ്ടെന്നുമാണ് ഷെറിന് പറഞ്ഞത്. അയോധ്യയില്‍ ഒരിക്കല്‍പ്പോലും സന്ദര്‍ശിക്കാതെയാണ് ‘അയോധ്യ: തകര്ക്കലിനുശേഷമുള്ള പുരാവസ്തുശാസ്ത്രം’ എന്ന പുസ്തകമെഴുതിയത് എന്നായിരുന്നു വഖഫ്ബോര്‍ഡിന്റെ സാക്ഷിയായ മണ്ഡലിന് പറയാനുണ്ടായിരുന്നത്. “പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്നുവെന്ന് മാത്രമാണ് ബാബറിനെക്കുറിച്ച് എനിക്കറിയാവുന്നത്” എന്നും പ്രൊഫ. മണ്ഡലിന് സമ്മതിക്കേണ്ടിവന്നു. “അദ്ദേഹം നല്കിയ മൊഴി പ്രസ്തുത വിഷയത്തിലുള്ള അറിവിന്റെ പൊള്ളത്തരമാണ് വെളിപ്പെടുത്തുന്നത്” എന്നാണ് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടത്.
അയോധ്യയിലെ ഉല്ഖനനത്തിനുശേഷം പുരാവസ്തുവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചരിത്രകാരന്മാരായ ആര്.എസ്. ശര്‍മ്മ, എം.അത്താര്‍, ഡി.എന്‍.ഝാ, സൂരജ് ബാന്‍ എന്നിവരുടെ സംഘം തള്ളിക്കളഞ്ഞിരുന്നു. ഇതിനായി 1991ല്‍ രാഷ്ട്രത്തിന് ഇവര്‍ ഒരു രേഖ സമര്‍പ്പിക്കുകയുണ്ടായി. “ചരിത്രവസ്തുതകളിന്മേലുള്ള വിധിന്യായത്തിന് രൂപം നല്കുന്ന പ്രക്രിയയില്‍ നിഷ്പക്ഷ ചരിത്രകാരന്മാരെ ഉള്‍പ്പെടുത്തണം” എന്ന് ഈ രേഖ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ “സമ്മര്‍ദ്ദത്തിന്റെ ഫലമായി ആറാഴ്ചകൊണ്ട് തയ്യാറാക്കിയതാണ് ഈ രേഖയെന്നും ബി.ബി. ലാലിന്റെ ഉല്ഖനന റിപ്പോര്‍ട്ട് പഠിക്കാതെയായിരുന്നു” ഇതെന്നും സൂരജ് ബാന്‍ കോടതിയില്‍ മൊഴി നല്കി.
“പതിനേഴാം നൂറ്റാണ്ട് മുതലാണ് അയോധ്യയെ രാമന്റെ ജന്മഭൂമിയായി കാണാന്‍ തുടങ്ങിയതെന്നും ഇതിന് മുമ്പ് മധ്യകാല ചരിത്രത്തിലൊന്നും രാമന്റെ ജന്മസ്ഥലത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളില്ലെന്നും” ഷിരീന് മുസാവി കോടതിയില്‍ വാദിച്ചു. എന്നാല്‍ “ഗുരുനാനാക്ക് അയോധ്യ സന്ദര്‍ശിക്കുകയും ജന്മസ്ഥാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും സരയൂ നദിയില്‍ സ്നാനം നടത്തുകയും ചെയ്തതായി സിഖ് സാഹിത്യത്തില്‍ ഉള്ളകാര്യം” ഷിരീന് സമ്മതിക്കുകയുണ്ടായി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഗുരുനാനാക്ക് ജീവിച്ചിരുന്നത്.
അലഹാബാദ് സര്‍വകലാശാലയിലെ പ്രാചീന ചരിത്ര-പുരാവസ്തു വകുപ്പില്‍നിന്ന് വിരമിച്ചയാളാണ് പ്രൊഫ. മണ്ഡല്. 1972ല്‍ താല്ക്കാലികാടിസ്ഥാനത്തില് ലക്ചററായ മണ്ഡല് പക്ഷെ അവകാശപ്പെട്ടത്. 1960 മുതല്‍ ഉല്ഖനന സഹായിയാണെന്നാണ്. തുടക്കത്തില്‍ പുരാവസ്തു വിദഗ്ധന്‍ ചമഞ്ഞാണ് ഇയാള്‍ കോടതിയിലെത്തിയത്. തര്‍ക്കസ്ഥലത്ത് ഒരു ക്ഷേത്രം നിലനിന്നതിനോ തര്‍ക്കമന്ദിരം നിര്‍മ്മിച്ചത് ഏതെങ്കിലും ക്ഷേത്രം തകര്ത്താണെന്നതിനോ യാതൊരു തെളിവുമില്ലെന്ന് മണ്ഡല് വാദിച്ചു. എന്നാല്‍ എതിര് വിസ്താരത്തില്‍ മണ്ഡലിന്റെ ‘വിജ്ഞാനം’ പൊള്ളയാണെന്ന് തെളിഞ്ഞു. “ഞാന്‍ അയോധ്യ സന്ദര്‍ശിച്ചിട്ടില്ല. ബാബറുടെ ഭരണകാലത്തെ ചരിത്രത്തില്‍ എനിക്ക് പ്രത്യേക പരിജ്ഞാനമൊന്നുമില്ല” എന്നൊക്കെ മണ്ഡലിനും കോടതിയില്‍ ഏറ്റുപറയേണ്ടിവന്നു. പ്രൊഫ. മണ്ഡലിന്റെ പുസ്തകത്തിന് വിഖ്യാതചരിത്രകാരി റൊമിളാ ഥാപ്പറാണ് അവതാരികയെഴുതിയത്. വിശ്വഹിന്ദുപരിഷത്ത്, ആര്‍എസ്എസ്, ബിജെപി എന്നീ സംഘടനകളാണ് ‘ബാബറി മസ്ജിദ്’ സ്ഥിതി ചെയ്യുന്നിടം രാമന്റെ ജന്മസ്ഥലമാണെന്ന പ്രശ്നം ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് അവതാരികയില്‍ റൊമിളാ ഥാപ്പര്‍ എഴുതിയിരുന്നു. എന്നാല്‍ ഈ ഭാഗം വരുന്ന അവതാരികയിലെ രണ്ടാം ഖണ്ഡികയെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് മണ്ഡലിന് കോടതിയില്‍ പറയേണ്ടിവന്നു. താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെന്നും മണ്ഡല് സമ്മതിച്ചു. “തര്‍ക്കമന്ദിരവും ഞാന്‍ കണ്ടിട്ടില്ല. തര്‍ക്കമന്ദിരത്തിലെ ശിലാലിഖിതങ്ങളെക്കുറിച്ച് ഞാന്‍ നേരിട്ട് അന്വേഷണമൊന്നും നടത്തിയിട്ടില്ല. ഇതുപോലെ കൃഷ്ണശിലയെക്കുറിച്ചും ഞാന്‍ പഠിച്ചിട്ടില്ല’- എന്നും മണ്ഡല് എതിര്‍വിസ്താരത്തില്‍ സമ്മതിച്ചു.
പ്രൊഫ. മണ്ഡലിന്റെ ‘മൊഴിമാറ്റം’ രേഖപ്പെടുത്തിശേഷം ജസ്റ്റിസ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “ഈ സാക്ഷിയുടെ ഏറ്റുപറച്ചിലുകളും വിശദീകരണങ്ങളും കണക്കിലെടുത്താല്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ 1872ലെ തെളിവ് നിയമത്തിന്റെ 45-ാം വകുപ്പില്പ്പെടുത്താവുന്നതല്ല” എന്നാണ്. ഈ വിദഗ്ധരുടെ മൊഴികള്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുണ്ടാക്കാന്‍ സഹായിക്കുന്നതിന് പകരം വൈരുധ്യങ്ങളും വിവാദങ്ങളും സൃഷ്ടിക്കാനാണ് ഉതകുക” എന്നും ജസ്റ്റിസ് അഗര്‍വാള്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അയോധ്യയില്‍ നിലനിന്നിരുന്ന തര്‍ക്കമന്ദിരം ‘ബാബറി മസ്ജിദാ’ണെന്നുള്ള അവകാശവാദത്തിന് ചരിത്രത്തിന്റേയോ പുരാവസ്തു ശാസ്ത്രത്തിന്റേയോ നിയമത്തിന്റേയോ പിന്‍ബലമില്ലെന്ന് പകല്‍പോലെ വ്യക്തമാക്കുന്നതാണ് എണ്ണായിരം പേജ് വരുന്ന അയോധ്യ വിധിന്യായത്തിലുള്ള വഖഫ് ബോര്‍ഡിന്റെ സാക്ഷികളായി ഹാജരായ വിദഗ്ധരുടെ മൊഴികള്‍.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: